നന്തന്‍കോട് കൊലപാതകം ആസൂത്രിതമെന്ന് പൊലീസ്; മൃതദേഹം കത്തിക്കാന്‍ പമ്പില്‍ നിന്ന് പെട്രോള്‍ വാങ്ങി; കസ്റ്റഡി കാലയളവില്‍ തെളിവെടുപ്പ് നടത്തും

തിരുവനന്തപുരം : നന്ദന്‍കോട് കൂട്ടകൊലപാതക കേസ് ആസൂത്രിതമെന്ന് പൊലീസ്. ഇതിന്റെ തെളിവ് പൊലീസ് സംഘത്തിന് ലഭിച്ചു. കൊലപാതകം ചെയ്തശേഷം മൃതദേഹങ്ങള്‍ കത്തിക്കാനായി പെട്രോള്‍ വാങ്ങിയത് തിരുവനന്തപുരം നഗരത്തിലെ സിവില്‍ സപ്ലൈസിന്റെ പമ്പില്‍ നിന്നാണെന്നും കേദല്‍ മൊഴി നല്‍കി.

ഹര്‍ത്താല്‍ ദിനമായ ഏപ്രില്‍ ആറിന് നഗരത്തിലെ മറ്റുപമ്പുകള്‍ തുറക്കാത്തതിനാലാണ് പെട്രാള്‍ വാങ്ങാന്‍ ക്യാനുമായി കവടിയാറിലെ പമ്പിലെത്തിയത്. കേദല്‍ അന്നേ ദിവസം പെട്രോള്‍ വാങ്ങി മടങ്ങുന്നത് തെളിയിക്കാനായി പൊലീസ് പമ്പിലെ സിസി ടിവി ദൃശ്യം ശേഖരിച്ചു. കൊലനടത്താനുള്ള മഴു പ്രതി വാങ്ങിയത് ഫ്‌ളിപ് കാര്‍ട്ട് എന്ന ഓണ്‍ലൈന്‍ സൈറ്റ് വഴിയാണ്. ഇതിനായി കേദല്‍ തന്റെ അക്കൗണ്ടില്‍ നിന്നുള്ള പണം ഉപയോഗിച്ചു.

ഇതിന്റെ തെളിവ് ലഭിക്കുന്നതിനായി ഫ്‌ളിപ് കാര്‍ട്ടിന്റെ പ്രാദേശിക ഓഫീസിലെ ഡെസ്പാച്ച് രജിസ്റ്റര്‍ ഹാജരാക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് പോലീസ് കത്ത് നല്‍കും. ദൃക്‌സാക്ഷികള്‍ ഇല്ലാത്ത കേസില്‍ സാഹചര്യതെളിവുകളും സാക്ഷിമൊഴിയും ആയിരിക്കും നിര്‍ണ്ണായകമാവുക. പ്രതി ഉപയോഗിച്ച ഇലക്ട്രാണിക് ഉപകരണങ്ങള്‍ തുറന്ന് പരിശോധിക്കുന്നതിനായി പ്രതിയെ കസ്റ്റഡിയില്‍ വേണമെന്നും പ്രതി ഒളിവില്‍ താമസിച്ച ചെന്നൈയില്‍ കൊണ്ടുപോയി തെളിവെടുപ്പ് നടത്തണമെന്ന് പൊലീസ് കസ്റ്റഡി അപേക്ഷയില്‍ ആവശ്യപ്പെട്ടിരുന്നു.

കൂടാതെ മാനസികരോഗ വിദഗ്ധരുടെ സാന്നിദ്ധ്യത്തില്‍ വീണ്ടും ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പൊലീസ് പറഞ്ഞു. 14 ദിവസത്തേക്ക് പ്രതിയെ കസ്റ്റഡിയില്‍ വേണമെന്നാണ് പൊലീസ് ആവശ്യപ്പെട്ടത്. എന്നാല്‍ കോടതി ഈമാസം 20 വരെ കേദലിനെ കസ്റ്റഡിയല്‍ വിട്ടു. 8 ദിവസത്തെ കസ്റ്റഡി കാലയളവില്‍ കേദലിനെ കൂടുതല്‍ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനും വിധേയനാക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News