ഷില്ലോംഗ് : കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തി മേഘാലയ സര്‍ക്കാര്‍. ദുഖ:വെള്ളി ദിവസം ഡിജിറ്റല്‍ ഇന്ത്യ ദിനമായി ആഘോഷിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തിനെതിരെയാണ് മേഘാലയ സര്‍ക്കാര്‍ വിമര്‍ശനം ഉയര്‍ത്തിയത്. ക്രിസ്തുമത വിശ്വാസികള്‍ക്ക് പ്രധാനപ്പെട്ട ദിവസത്തില്‍ ആഘോഷം സംഘടിപ്പിക്കാനുള്ള തീരുമാനം പിന്‍വലിക്കണമെന്ന് മുഖ്യമന്ത്രി മുകുള്‍ സംഗ്മ ആവശ്യപ്പെട്ടു.
രാജ്യത്തെ മതനിരപേക്ഷതയെ പ്രതികൂലമായി ബാധിക്കുന്ന യാതൊരു പരിപാടികളെയും സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കില്ല. എന്തുകൊണ്ടാണ് ഇതിനെ എതിര്‍ക്കുന്നതെന്ന കാര്യം വിശദമായി തന്നെ പ്രധാനമന്ത്രിയെ എഴുതി അറിയിക്കും. ന്യൂനപക്ഷത്തെ പാര്‍ശ്വവല്‍ക്കരിക്കാനാണോ ബിജെപിയുടെ ശ്രമമെന്നും മേഘാലയ മുഖ്യമന്ത്രി സാംഗ്മ ചോദിച്ചു.
വിഷയത്തിലെ എതിര്‍പ്പ് കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറിയെ ഔദ്യോഗികമായി സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. നേരത്തേ ക്രിസ്മസ് ഭരണ നിര്‍വ്വഹണ ദിനമായി ആചരിച്ച കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ ദു:ഖവെള്ളി ഡിജിറ്റല്‍ ഇന്ത്യ ദിനമായി ആചരിക്കാന്‍ ശ്രമിക്കുന്നു. എന്താണ് എന്‍ഡിഎ സര്‍ക്കാറിന്റെ അജണ്ടയെന്ന ചോദ്യമുയര്‍ത്തേണ്ട സമയമായെന്നും സാംഗ്മ പറഞ്ഞു.
സുസ്ഥിരമായ ഭരണമാണ് കോണ്‍ഗ്രസ് മേഘാലയയില്‍ കാഴ്ച വെയ്ക്കുന്നത്. 2018ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തന്നെ വീണ്ടും അധികാരത്തില്‍ വരുമെന്നും സാംഗ്മ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here