മദ്യശാലയ്‌ക്കെതിരെ പ്രതിഷേധിച്ച് ജനകീയ സമരത്തിൽ പങ്കെടുത്ത സ്ത്രീയെ പരസ്യമായി കരണത്തടിച്ച് പൊലീസ് ഉദ്യോഗസ്ഥൻ. തമിഴ്‌നാട്ടിലാണ് സംഭവം. തിരുപ്പൂർ ദേശീയപാതയിലെ സർക്കാർ ഔട്ട്‌ലെറ്റ്, സുപ്രീംകോടതി വിധിയെ തുടർന്ന് മാറ്റിസ്ഥാപിക്കുന്നതിനിടെയായിരുന്നു പൊലീസിന്റെ അതിക്രമം അരങ്ങേറിയത്. സ്ത്രീയുടെ കരണത്തടിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ സംഭവം വിവാദമായി.
ദേശീയപാതയിലെ സർക്കാർ ഔട്ട്‌ലെറ്റ് സമലാപുരത്തെ ജനവാസ കേന്ദ്രത്തിലേക്ക് മാറ്റിസ്ഥാപിക്കുന്നതിനിടെയായിരുന്നു സ്ത്രീകളും കുട്ടികളും അടക്കം പ്രതിഷേധവുമായി രംഗത്തെത്തിയത്. ഇതിനിടെ സുലുർ എംഎൽഎ ആർ.കനഗരാജ അതിലൂടെ കടന്നുപോകവേ സമരക്കാർ വാഹനം തടഞ്ഞു. എംഎൽഎ പ്രതിഷേധക്കാർക്ക് പിന്തുണ അറിയിച്ചെങ്കിലും തങ്ങൾക്ക് രേഖാമൂലം ഉറപ്പുനൽകാതെ എംഎൽഎയെ കടത്തിവിടില്ലെന്ന നിലപാടിലായി സമരക്കാർ.
ഇതിനിടെ ബഹളത്തിനിടയിലൂടെ എംഎൽഎ കടന്നു പോയി. ഇതിനു തൊട്ടുപിന്നാലെ പൊലീസ് ലാത്തിച്ചാർജ് ആരംഭിച്ചു. അതിനിടെ, തിരുപ്പൂർ എഎസ്പി പാണ്ഡ്യരാജൻ സമരത്തിൽ പങ്കെടുത്ത സ്ത്രീയുടെ കരണത്ത് ആഞ്ഞടിക്കുകയായിരുന്നു. യാതൊരു പ്രകോപനവുമില്ലാതെയായിരുന്നു സ്ത്രീയുടെ നേരെയുളള എഎസ്പിയുടെ അതിക്രമം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here