വിമാനത്താവള നിർമാണത്തിലെ കുടിശ്ശിക പണം ലഭിച്ചില്ല; മുംബൈയിൽ മലയാളി കരാർ ജീവനക്കാരൻ ആത്മഹത്യ ചെയ്തു; കിട്ടാനുണ്ടായിരുന്നതു നാലു കോടി രൂപ

മുംബൈ: വിമാനത്താവള നിർമാണത്തിലെ കുടിശ്ശിക ലഭിക്കാത്തതിനെ തുടർന്ന് മലയാളിയായ കരാർ ജീവനക്കാരൻ കരാറുകാരന്റെ ഓഫീസിലെത്തി ആത്മഹത്യ ചെയ്തു. മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ കരാർ പണിക്കാരനായിരുന്ന മുരുകൻ ആചാരിയാണ് ജീവനൊടുക്കിയത്. നാലു കോടിയോളം രൂപയാണ് മുരുകൻ ആചാരിക്ക് കുടിശ്ശികയായി ലഭിക്കാനുണ്ടായിരുന്നത്.

മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങളിൽ അന്ധേരിയിലെ മെറ്റൽ ഡീലർ ആയ പെർമ സ്റ്റീലിസയുടെ കീഴിലെ കരാർ പണിക്കാരനായിരുന്നു ഖോപ്പോളിയിൽ താമസിക്കുന്ന മുരുകൻ ആചാരി. വിമാനത്താവളത്തിന്റെ കരാർ പണിയുമായി ബന്ധപ്പെട്ട് ഏകദേശം നാലു കോടി രൂപയാണ് സ്വകാര്യ കമ്പനി ഉടമയായ രഞ്ജിത് സിംഗ് മുരുകൻ ആചാരിക്കു നൽകാനുണ്ടായിരുന്നത്.

കഴിഞ്ഞ നാലുവർഷത്തോളമായി വിമാനത്താവളത്തിന് എതിർവശത്തെ സഹാർ പ്ലാസയിലെ ആറാം നിലയിലെ ഓഫീസിൽ ഈ കുടിശ്ശികക്കായി മുരുകനും കുടുംബവും കയറി ഇറങ്ങുകയായിരുന്നു. എന്നാൽ നിരാശയായിരുന്നു ഫലമെന്നും സഹോദരിയുടെ വിവാഹ സമയത്തു കേണപേക്ഷിച്ചിട്ടു പോലും സഹായിക്കാൻ തയ്യാറായില്ലയെന്നും മുരുകന്റെ മകൻ പറയുന്നു.

ഇക്കാരണത്താൽ കടുത്ത മാനസിക സമ്മർദ്ദവും വിഷാദരോഗവും മുരുകനെ അലട്ടിയിരുന്നുവെന്നു കുടുംബസുഹൃത്തായ ഷാജി പറഞ്ഞു. എന്നാൽ, മരണത്തിൽ ദുരൂഹതയുണ്ടെന്ന ബന്ധുക്കളുടെ വാദം ശരിയല്ലെന്നാണ് ഓഫീസ് ജോലിക്കാർ സാക്ഷ്യപ്പെടുത്തുന്നത്.

പോസ്റ്റ് മോർട്ടം റിപ്പോർട്ടിന്റെ വിശദാംശങ്ങൾ നൽകാൻ പൊലീസ് വിമുഖത കാട്ടിയെങ്കിലും പ്രതി അറസ്റ്റിലായെന്നും കോടതിയിൽ ഹാജരാക്കുമെന്നും വ്യക്തമാക്കി. പ്രതിയെ അറസ്റ്റ് ചെയ്തുവെങ്കിലും മുരുകന് ലഭിക്കാനുള്ള കുടിശിക വാങ്ങി കൊടുക്കാൻ നിയമത്തിനു കഴിയുമോയെന്നതാണു കുടുംബത്തിന്റെ ആശങ്ക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here