കണക്കു കൂട്ടലുകൾ പിഴച്ച് മലപ്പുറം ഉപതെരഞ്ഞെടുപ്പ് പോളിംഗ്; പൊതുതെരഞ്ഞെടുപ്പിനേക്കാൾ ഉപതെരഞ്ഞെടുപ്പിൽ പോളിംഗ് കുറഞ്ഞു; ഇരുമുന്നണികളും തികഞ്ഞ പ്രതീക്ഷയിൽ

മലപ്പുറം: മലപ്പുറം ഉപതെരഞ്ഞെടുപ്പ് പോളിംഗ് മുന്നണികളുടെ കണക്കു കൂട്ടലുകൾ തെറ്റിച്ചു. മികച്ച പോളിംഗ് ശതമാനം ഉണ്ടാകുമെന്നു പ്രതീക്ഷിച്ച ഉപതെരഞ്ഞെടുപ്പിൽ ഭേദപ്പെട്ട പോളിംഗ് ആണ് രേഖപ്പെടുത്തിയത്. 70.41 ശതമാനമാണ് പോളിംഗ്. 2014-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പോളിംഗ് ശതമാനത്തെക്കാൾ കുറവാണിത്. മുന്നണികൾ കണക്കുകൂട്ടിയ പോളിംഗ് ഉണ്ടായില്ലെങ്കിലും ഇരുമുന്നണികളും പ്രതീക്ഷയിലാണ്. ഈമാസം 17നു വോട്ടെണ്ണും.

2014-ൽ മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലെ പോളിംഗ് ശതമാനം 71.21 ആയിരുന്നു. പക്ഷേ, ഉപതെരഞ്ഞെടുപ്പിൽ പോളിംഗ് കുറഞ്ഞ് 70.41 ശതമാനം ആയി. ഭേദപ്പെട്ടതെങ്കിലും മുന്നണികൾ കണക്കുകൂട്ടിയ പോളിംഗ് ഉണ്ടായില്ല എന്നതാണ് വസ്തുത. 71.5 ശതമാനം. അസംബ്ലി മണ്ഡലങ്ങൾ വേർതിരിച്ചുള്ള പോളിംഗ് ശതമാനം ഇങ്ങനെ. കൊണ്ടോട്ടി 73.75, മഞ്ചേരി, 71.86, പെരിന്തൽമണ്ണ 70.56, മങ്കട 68.58, മലപ്പുറം 69.07, വേങ്ങര 67. 7, വള്ളിക്കുന്ന് 71.33 എന്നിങ്ങനെയാണ് പോളിംഗ് ശതമാനം.

ഇടതിനു സ്വാധീനമുള്ള പെരിന്തൽമണ്ണ, മങ്കട, മഞ്ചേരി മണ്ഡലങ്ങളിൽ പോളിംഗ് ഉയർന്നതിൽ ഇടതുപക്ഷം പ്രതീക്ഷ വെയ്ക്കുന്നു. മുസ്ലിം ലീഗിന്റെ ശക്തികേന്ദ്രമായ മലപ്പുറം മണ്ഡലത്തിലും പി.കെ കുഞ്ഞാലിക്കുട്ടി നിയമസഭയിൽ പ്രതിനിധീകരിക്കുന്ന വേങ്ങരയിലും പോളിംഗ് ശതമാനം കുറഞ്ഞതിൽ യുഡിഎഫിനു ആശങ്കയുണ്ട്. പക്ഷേ, വള്ളിക്കുന്ന്, കൊണ്ടോട്ടി മണ്ഡലങ്ങളിലെ ഉയർന്ന പോളിംഗ് ശതമാനത്തിൽ ആശ്വാസവും.

നരേന്ദ്ര മോദി നയിക്കുന്ന കേന്ദ്രസർക്കാരിന്റെ ഫാസിസ്റ്റ് നയങ്ങളും ഉത്തർപ്രദേശ് തെരഞ്ഞെടുപ്പ് ഫലവുമെല്ലാമായിരുന്നു മുന്നണികൾ മണ്ഡലത്തിൽ ചർച്ചയാക്കിയത്. കരിപ്പൂർ വിമാനത്താവളം, കുടിവെള്ളം അടിസ്ഥാന വികസന പ്രശ്‌നങ്ങൾ തുടങ്ങിയവയൊന്നും ചർച്ച ചെയ്യാതിരുന്നത് പോളിംഗ് ശതമാനത്തിലുണ്ടായ കുറവിനു കാരണമായി വിലയിരുത്തുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News