പട്ടത്താനം സർവീസ് സഹകരണ ബാങ്കിലെ സ്വർണലേലം നഷ്ടമുണ്ടാക്കിയെന്നു ഓഡിറ്റർ; ലേലം നടപടി ക്രമങ്ങൾ പാലിക്കാതെ; ബാങ്ക് പ്രവർത്തിക്കുന്നത് കോൺഗ്രസ് നിയന്ത്രണത്തിൽ

കൊല്ലം: കോൺഗ്രസ് നിയന്ത്രത്തിലുള്ള കൊല്ലം പട്ടത്താനം സർവീസ് സഹകരണ ബാങ്കിലെ സ്വർണലേലത്തിൽ ഒന്നേകാൽ കോടി രൂപയുടെ നഷ്ടമുണ്ടായെന്നു ഓഡിറ്റ് റിപ്പോർട്ട്. നടപടിക്രമങ്ങൾ പാലിക്കാതെയാണ് ലേലം നടത്തിയതെന്നും ഓഡിറ്റിൽ കണ്ടെത്തി. നഷ്ടത്തിന് ഉത്തരവാദികളായവരിൽ നിന്ന് തുക ഈടാക്കണമെന്നും ഓഡിറ്റ് റിപ്പോർട്ടിൽ നിർദ്ദേശിക്കുന്നു. എന്നാൽ നഷ്ടം മുൻ കോൺഗ്രസ് ഭരണ സമിതി ഉണ്ടാക്കിയതാണന്നാണ് ബാങ്ക് അധികൃതരുടെ വിശദീകരണം.

2011 മുതൽ 2015 വരെ പണയം വെച്ച് തിരിച്ചെടുക്കാത്ത സ്വർണാഭരങ്ങൾ ലേലം ചെയ്തതിലാണ് ക്രമക്കേട് കണ്ടെത്തിയത്. 3 കോടി 60 ലക്ഷം രൂപയ്ക്ക് 954 പേരുടെ സ്വർണമാണ് ഒന്നിച്ച് ലേലം ചെയ്തത്. ഇതിലാണ് ഒരു കോടി 24 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായത്. ലേല നടപടികൾ നിയമാനുസൃതമല്ലെന്നും സഹകരണ ബാങ്ക് ഓഡിറ്റിൽ കണ്ടെത്തി. ഒന്നരമാസം കൊണ്ട് രഹസ്യമായാണ് ലേലം നടത്തിയതെന്നും കൂടുതൽ തുക നൽകാമെന്നു പറഞ്ഞവർക്ക് ലേലം ഉറപ്പിച്ചില്ലെന്നും ഭരണ സമിതി അംഗങ്ങൾ തന്നെ സഹകരണ അസിസ്റ്റന്റ് രജിസ്ട്രാർക്ക് പരാതി നൽകിയിട്ടുണ്ട്.

സ്വർണലേലത്തിന്റെ കമ്പ്യൂട്ടർ രേഖകൾ ഡിലീറ്റ് ചെയ്ത് നീക്കിയെന്നും 21 ലക്ഷം രൂപയുടെ സെയിൽസ് ടാക്‌സ് വരവ് രേഖകളിൽ ഇല്ലെന്നും പരാതിയുണ്ട്. എന്നാൽ വർഷങ്ങൾക്ക് മുൻപുള്ള ഗുണനിലവാരമില്ലാത്ത സ്വർണമായതിനാലാണ് നഷ്ടമുണ്ടായതെന്നാണ് ബാങ്ക് പ്രസിഡന്റ് പട്ടത്താനം ഗോപാലകൃഷ്ണന്റെ വിശദികരണം.

ഉത്തരവാദികളായവരിൽ നിന്ന് നഷ്ടമായ തുക ഈടാക്കണമെന്നാണ് ഓഡിറ്റ് റിപ്പോർട്ടിലെ നിർദ്ദേശം. അതേസമയം, ലേലം നടത്തിയെന്ന രേഖയുണ്ടാക്കി നല്ല ഉരുപ്പടികൾ ബാങ്ക് ഭരണ സമിതി ചുളുവിലയ്ക്കു സ്വന്തമാക്കിയെന്നും ആരോപണമുണ്ട്. കോൺഗ്രസിന്റെ നിയന്ത്രണത്തിലുള്ള ഭരണസമിതിക്കെതിരെ പ്രതിഷേധവുമായി സിപിഐഎം രംഗത്തെത്തിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News