മേടവിഷുവിനു ഐതിഹ്യത്തിന്റെയും ശാസ്ത്രത്തിന്റെയും പിൻബലം; കണിയൊരുക്കാം; വിഷു ആഘോഷിക്കാം

ഐതീഹ്യങ്ങളാലും ആചാരങ്ങളാലും സമ്പന്നമായ മേടവിഷു കേരളീയരുടെ പ്രധാന ആഘോഷങ്ങളിലൊന്നാണ്. ഈശ്വരീയ ചൈതന്യത്തിന്റെയും വിജയങ്ങളുടെയും നന്മയുടെയും കഥകളുടെ പിൻബലമുണ്ട് വിഷുവിന്. അതിലുപരി മേട സംക്രാന്തി എന്നത് ശാസ്ത്രവിഷയം കൂടിയാണ്. സൂര്യനു ചുറ്റുമുള്ള ഭൂമിയുടെ ദീർഘവൃത്താകൃതിയിലുള്ള സഞ്ചാരപഥത്തിലെ ഒന്നാം ബിന്ദുവാണ് വിഷുവദ് എന്ന മേടരാശിയിലേക്കുള്ള സൂര്യപ്രവേശം. ഭൂമിയിൽ നിന്നും നോക്കുമ്പോൾ പ്രവേശിക്കുന്ന സമയമാണ് വിഷുവദ്. അത് ഏതുദിവസം ഏതു സമയത്ത് സംഭവിക്കുന്നുവോ അതാണ് മേട സംക്രാന്തി സമയം. അന്നാണ് വിഷു എന്ന സുദിനം ആഘോഷിക്കപ്പെടുന്നത്.

വിഷുക്കണി തന്നെ പ്രധാനം

കണിയൊരുക്കുന്നതിനു കൃത്യമായ ചിട്ടകളുണ്ട്. പ്രാദേശികമായി ചില ഭേദഗതികൾ ഉണ്ടാകാം. ഓരോ വസ്തുവും സ്വത്വ-രജോ-തമോ ഗുണമുള്ളവയാണ്. കണിയൊരുക്കാൻ സ്വത്വഗുണമുള്ളവയേ പരിഗണിക്കാവൂ എന്നാണ് ശാസ്ത്രം. തേച്ചുവൃത്തിയാക്കിയ നിലവിളക്കേ ഉപയോഗിക്കാൻ പാടുള്ളു. ഓട്ടുരുളിയിൽ കണിയൊരുക്കണം. ഉരുളിയും തേച്ചു വൃത്തിയാക്കണം. ഉണക്കലരിയും നെല്ലും ചേർത്തു പകുതിയോളം നിറയ്ക്കുക. ഇതിൽ നാളികേരമുറി വയ്ക്കണം. നാളികേരമുറിയിൽ എണ്ണനിറച്ച് തിരിയിട്ടു കത്തിക്കുന്ന പതിവ് ചിലയിടങ്ങളിൽ ഉണ്ട്.

സ്വർണവർണത്തിലുള്ള കണിവെള്ളരി ഇതിനൊപ്പം വയ്ക്കണം. ചക്ക, മാങ്ങ, കദളിപ്പഴം എന്നിവയാണ് പിന്നീട് വയ്‌ക്കേണ്ടത്. ചക്ക ഗണപതിയുടെ ഇഷ്ടഭക്ഷണമാണെന്നാണ് വിശ്വാസം. മാങ്ങ സുബ്രഹ്മണ്യനും കദളിപ്പഴം ഉണ്ണിക്കണ്ണനും പ്രിയമാണ്. ഇത്രയുമായാൽ വാൽക്കണ്ണാടിവയ്ക്കാം. ഭഗവതിയുടെ സ്ഥാനമാണു വാൽക്കണ്ണാടിക്ക്. കണിക്കൊപ്പം സ്വന്തം മുഖവും കണ്ടുണരാൻ കൂടിയാണിത്. ദൈവത്തിനൊപ്പം സ്വത്വവും അറിയുക എന്നും സങ്കൽപമുണ്ട്. കൃഷ്ണ വിഗ്രഹം ഇതിനടുത്തു വയ്ക്കാം. എന്നാൽ ദീപപ്രഭമൂലമുള്ള ഒരു നിഴലും വിഗ്രഹത്തിൽ പതിക്കരുത്.

തൊട്ടടുത്തു താലത്തിൽ കോടിമുണ്ടും ഗ്രന്ഥവും നാണയത്തുട്ടുകളും സ്വർണവും വയ്ക്കണം. കുങ്കുമച്ചെപ്പും കൺമഷിക്കൂട്ടും ഇതിനൊപ്പം വയ്ക്കുന്നവരുണ്ട്. നാണയത്തുട്ടുകൾ വെറ്റിലയ്ക്കും പാക്കിനുമൊപ്പം വേണം വയ്ക്കാൻ. ലക്ഷ്മിയുടെ പ്രതീകമാണു സ്വർണവും നാണയങ്ങളും. ഗ്രന്ഥം സരസ്വതിയെ സൂചിപ്പിക്കുന്നു. പച്ചക്കറി വിത്തുകൾ വയ്ക്കുന്നതും നല്ലതാണ്. കണികണ്ട ശേഷം ഈ വിത്തുകൾ വിതയ്ക്കുന്ന പതിവു ചിലയിടങ്ങളിൽ ഇപ്പോഴുമുണ്ട്. ഓട്ടുകിണ്ടിയിൽ വെള്ളം നിറച്ചുവയ്ക്കണം. ജീവന്റെയും പ്രപഞ്ചത്തിന്റെയും ആധാരമായ ജലം കണ്ണിൽ തൊട്ട ശേഷമാവണം കണികാണേണ്ടത്.

ഓട്ടുരുളിയിലും മറ്റു കണിയൊരുക്കുകളിലും കൊന്നപ്പൂക്കൾ വിതറണം. കൊന്നപ്പൂങ്കുലയും വയ്ക്കാം. കണി കണ്ടു തൊഴുത ശേഷം ഓട്ടുരുളിയുടെ വക്കു പിടിച്ചു കണി പൂർണമായും കാണണം എന്നാ ണു ചിട്ട. പ്രപഞ്ച പ്രതീകമാണ് ഓട്ടുരുളിയിലെ കണി. അതു നൽകുന്ന ഊർജം ശരീരത്തിലേക്കു പ്രവഹിക്കാനാണിത്.

കണികണ്ട ശേഷമാണ് വിഷുദിനത്തിലെ മറ്റു ആഘോഷങ്ങൾ. വിഷുക്കൈനീട്ടം, വിഷുക്കോടി, ഓണക്കാലത്തെ ഓർമ്മിപ്പിക്കും വിധം കാളനും ഓലനും സാമ്പാറും അവിയലും പപ്പടവും പായസവും മറ്റു തൊടുകറികളും കൂട്ടിയുള്ള സദ്യ എന്നിവയൊക്കെ ആഘോഷത്തിന്റെ ഭാഗമാണ്. വിഷമയമില്ലാതെ വീട്ടിൽ വിളഞ്ഞ വിഭവങ്ങളുമായി വിഷുക്കണിയൊരുക്കുന്നത് ഒരു കാർഷിക സംസ്‌കാരത്തിന്റെ കൂടി ഭാഗമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here