ദില്ലി: ചായക്കടക്കാരൻ തന്റെ ആറു പെൺകുട്ടികൾക്കു സ്ത്രീധനമായി കൊടുത്തത് 1.5 കോടി രൂപ. രാജസ്ഥാനിലെ കോത്പുട്‌ലിക്കു സമീപം ഹദ്വാദയിലാണ് സംഭവം. ലീല റാം ഗുജ്ജാർ എന്നയാളാണ് തന്റെ പെൺമക്കൾക്ക് ഒന്നരക്കോടി രൂപ സ്ത്രീധനമായി നൽകിയത്. ഈമാസം നാലിനായിരുന്നു പെൺകുട്ടികളുടെ വിവാഹം. പെൺകുട്ടികൾക്കുളള സ്ത്രീധന പണം ഗുജ്ജാർ ഉച്ചത്തിൽ എണ്ണുന്നതിന്റെ വിഡിയോ വലിയ രീതിയിൽ പ്രചാരം നേടിയിരുന്നു.
നാട്ടുപ്രമാണികളുടെ സാന്നിധ്യത്തിലായിരുന്നു ഗുജ്ജാർ പണം എണ്ണിത്തിട്ടപ്പെടുത്തിയത്. സ്ത്രീധനത്തുക വരന്റെ ബന്ധുക്കൾക്ക് കൈമാറുന്നതും വിഡിയോയിൽ കാണാം. എന്നാൽ ഒരു ചായക്കടക്കാരന് ഇത്രയും ഭീമമായ തുക എങ്ങനെ ലഭിച്ചുവെന്നതാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. ആദായനികുതി വകുപ്പ് പണത്തിന്റെ ഉറവിടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പൊലീസ് അന്വേഷണത്തിനായി വീട്ടിലെത്തിയപ്പോൾ ഗുജ്ജാറും കുടുംബവും അവിടെയില്ലെന്ന വിവരമാണ് ലഭിച്ചത്. മാത്രമല്ല വിവാഹം കഴിപ്പിച്ച ഗുജ്ജാറിന്റെ പെൺമക്കളിൽ നാലു പേർ പ്രായപൂർത്തിയാകാത്തവരാണെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പ്രായപൂർത്തിയായ രണ്ടു പെൺമക്കളുടെ പേരിൽ മാത്രമാണ് വെഡ്ഡിംഗ് കാർഡ് ഇയാൾ അടിച്ചിരുന്നതും. പൊലീസ് ഗുജ്ജാറിനും കുടുംബത്തിനുമായി തെരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here