കോടതികൾ ജുഡീഷ്യൽ ഏകാധിപത്യത്തിലേക്കു നീങ്ങുന്നെന്നു സെബാസ്റ്റ്യൻ പോൾ; പൊതുതാൽപര്യ ഹർജികൾ നിയമനിർമാണത്തിനുള്ള അവസരമാകുന്നു

കൊച്ചി: കോടതികൾ ജുഡീഷ്യൽ ഏകാധിപത്യത്തിലേക്കു നീങ്ങുന്നതായി അഡ്വ.ഡോ.സെബാസ്റ്റിയൻ പോൾ. പരിമിതമായ ആവശ്യവുമായി വരുന്ന പൊതുതാൽപര്യ ഹർജികൾ രാജ്യത്തെ മുഴുവൻ ബാധിക്കുന്ന നിയമനിർമ്മാണത്തിനുള്ള അവസരമായി മാറുന്നത് അതാണ് സൂചിപ്പിക്കുന്നതെന്നും സെബാസ്റ്റിയൻ പോൾ മുന്നറിയിപ്പ് നൽകുന്നു.

മദ്യവിൽപന സംബന്ധിച്ച സുപ്രീംകോടതി വിധികൾ മുൻനിർത്തിയാണ് നിയമജ്ഞനും മുൻ എംപിയും മുൻ എംഎൽഎയും മാധ്യമപ്രവർത്തകനുമായ സെബാസ്റ്റ്യൻ പോൾ ഈ നിഗമനം അവതരിപ്പിക്കുന്നത്. ഇത് ജുഡീഷ്യൽ ആക്ടിവിസത്തിന്റെ സ്വാഭാവിക പരിണാമമാണെന്നും അദ്ദേഹം പറയുന്നു. സുപ്രീംകോടതിയുടെ കൽപനകൾ യുക്തിക്കു നിരക്കാത്തതും അപ്രായോഗികവുമാണ്. മദ്യനിരോധനമാണ് ലക്ഷ്യമെങ്കിൽ അതു കോടതിയുടെ അധികാരപരിധിക്കു പുറത്താണ്.

അനുച്ഛേദം 47 രാഷ്ട്രത്തിനുള്ള നിർദ്ദേശകതത്വമാണ്. ഈ വിഷയത്തിൽ സുപ്രീംകോടതിയുടെ നേരിട്ടുള്ള ഇടപെടൽ അനുചിതവും അധികാരത്തിന്റെ ശരിയല്ലാത്തതായ വിനിയോഗവുമാണ്. മദ്യനിരോധനം സ്റ്റേറ്റിന്റെ നിയമനിർമാണ അധികാരത്തിൽ പെട്ടതാണ്. അതിൽ കോടതിക്ക് ചോദ്യങ്ങൾ ചോദിക്കാമെന്നല്ലാതെ ഉത്തരവുകൾ നൽകാനാവില്ല. പ്രത്യക്ഷത്തിൽ ചെയ്യാനാവാത്തത് പരോക്ഷമായി ചെയ്യരുത്. അത്തരം കാര്യങ്ങളോട് ഭരണഘടനയ്ക്ക് യോജിപ്പില്ല. മൂന്നു ഭരണവിഭാഗങ്ങൾക്കും ബാധകമായ തത്വമാണിത്.

നീതിയുടെ പൂർണതയ്ക്കു വേണ്ടി നിയമനിർമാണത്തിനു തുല്യമായ ഉത്തരവുകൾ പുറപ്പെടുവിക്കാൻ അനുച്ഛേദം 142 സുപ്രീംകോടതിക്ക് അധികാരം നൽകുന്നുണ്ട്. ഈ അധികാരമുപയോഗിച്ച് തന്നിഷ്ട പ്രകാരമുള്ള ഉത്തരവുകൾ ജഡ്ജിമാർക്കു പുറപ്പെടുവിക്കാനാവില്ല. അതിന്റെ മറവിൽ ജഡ്ജിമാർ നിയമ നിർമ്മാതാക്കളാകരുത്. നിയമിതരായ രണ്ടോ മൂന്നോ പേർ ചേർന്ന് നിയമനിർമാണത്തിന് സമാനമായ കൃത്യത്തിലേർപ്പെടുന്നത് ഭരണഘടനയുടെ അക്ഷരത്തിനോ ചൈതന്യത്തിനോ ചേർന്നതല്ല.

ഭരണകൂടത്തിന്റേതായാലും ജുഡീഷ്യറിയുടേതായാലും ഏകാധിപത്യം അസ്വീകാര്യമായ അവസ്ഥയാണെന്നും സെബാസ്റ്റ്യൻ പോൾ ദേശാഭിമാനി വാരികയിലെ പംക്തിയായ നിയമവൃത്തത്തിൽ ചൂണ്ടിക്കാട്ടുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News