നടൻ മുൻഷി വേണു അന്തരിച്ചു; ടിവി സ്‌ക്രീനിൽ നിന്നു വെള്ളിത്തിരയിലേക്കു നടന്നുകയറിയ അതുല്യ പ്രതിഭ

കൊച്ചി: മുൻഷി എന്ന ടെലിവിഷൻ പരിപാടിയിൽ നിന്നു സിനിമയിലേക്കെത്തിയ മുൻഷി വേണു എന്ന വേണു നാരായണൻ അന്തരിച്ചു. 70 വയസ്സായിരുന്നു. വൃക്കരോഗത്തെ തുടർന്ന് ചാലക്കുടിയിലെ പാലിയേറ്റീവ് കെയറിൽ ചികിത്സയിലായിരുന്നു. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അവിവാഹിതനാണ്. സംസ്‌ക്കാരം ശനിയാഴ്ച നടക്കും.

സിനിമാ മോഹവുമായി ചെറുപ്പത്തിലേ കോടമ്പാക്കത്തേക്കു വണ്ടി കയറിയ തിരുവനന്തപുരം വഴുതക്കാട് സ്വദേശിയായ വേണുവിന്റെ ജീവിതം അഭ്രപാളിയിലെ മറക്കാനാവാത്ത ദുരിതകഥയാണ്. സിനിമകളുമായി ബന്ധപ്പെട്ട് ചെറിയ ജോലികൾ ചെയ്യുമ്പോഴും അഭിനയമായിരുന്നു മനസ്സ് നിറയെ. ഒടുവിൽ മുൻഷിയിൽ അവസരം കിട്ടിയതോടെയാണ് വേണുവിന്റെ സ്വപ്നങ്ങൾക്കു നിറം പിടിച്ചത്. മുൻഷിയിൽ മുൻ പഞ്ചായത്ത് മെമ്പറുടെ റോൾ ശ്രദ്ധേയമായതോടെ വേണുവിനെ തേടി വെള്ളിത്തിരയുടെ വെള്ളിവെളിച്ചത്തിലേക്കും ക്ഷണം വന്നു.

കമലിന്റെ പച്ചക്കുതിര എന്ന സിനിമയിലൂടെ അഭ്രപാളിയിലെത്തിയ വേണുവിന് പിന്നീട് അറുപതോളം ചെറുതും വലുതുമായ അവസരങ്ങൾ ലഭിച്ചു. സ്‌നേഹവീട്, കഥപറയുമ്പോൾ, ഛോട്ടാ മുംബൈ, ഇമ്മാനുവേൽ, സോൾട്ട് ആൻഡ് പെപ്പർ, ഡാഡി കൂൾ തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയമായ നിരവധി വേഷങ്ങൾ വേണുവിനെ തേടിയെത്തി. ഛോട്ടാ മുംബൈയിലെ ‘മോനേ ഷക്കീല വന്നോ’ എന്ന ചോദ്യം തീയറ്ററുകളിൽ ചിരിയുടെ മാലപ്പടക്കത്തിനാണ് തിരികൊളുത്തിയത്.

എന്നാൽ രോഗം വേണുവിന്റെ ജീവിതത്തിൽ വില്ലനായി എത്തിയതോടെ, അഭ്രപാളിക്കു പിന്നിലേക്കു മറയേണ്ടി വന്നു ആ കലാകാരന്. അവിവാഹിതനായിരുന്ന അദ്ദേഹം താരത്തിളക്കത്തിന്റെ മൂല്യമില്ലാത്തതിനാൽ പിന്നീട് പത്തു വർഷത്തോളം ചാലക്കുടിയിലെ ഒരു ലോഡ്ജിൽ ഒതുങ്ങിക്കൂടി. കയ്യിലുണ്ടായിരുന്ന പണം മുഴുവൻ ചികിത്സയ്ക്കായി ചെലവഴിച്ച വേണു അവസാന കാലത്ത് സുമനസ്സുകളുടെ സഹായത്തോടെയാണ് കഴിഞ്ഞു പോന്നത്.

പണം നൽകാതെ വന്നതോടെ ലോഡ്ജിൽ നിന്നും ഇറങ്ങേണ്ടി വന്ന അദ്ദേഹത്തിന് കടത്തിണ്ണയിൽ പോലും അന്തിയുറങ്ങേണ്ടി വന്നു. സിനിമാ സംഘടനകളിൽ അംഗമല്ലാത്തതിനാൽ അവരിൽ നിന്നും വേണുവിന് വേണ്ടത്ര സഹായം ലഭിച്ചില്ല. സിനിമയിലെ നല്ലവരായ ചില കലാകാരന്മാരുടെയും നിർമ്മാതാക്കളുടെ കാരുണ്യം മാത്രമായിരുന്നു വേണുവിന് താങ്ങായത്. തെരുവിൽ അലഞ്ഞുനടന്ന വേണുവിനെ നാട്ടുകാരാണ് ചാലക്കുടി പാലിയേറ്റീവ് കെയറിൽ എത്തിച്ചത്. ഒടുവിൽ മരണം വരെ പാലിയേറ്റീവായിരുന്നു വേണുവിന്റെ ആശ്രയകേന്ദ്രവും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News