പാലികാ ബസാറിന് തിരക്കേറാന്‍ ഇതും കാരണം; ദില്ലിയില്‍ അനധികൃതമായി നടത്തുന്നത് സെക്‌സ് ടോയ് ഷോപ്പുകള്‍

ദില്ലി : പാലിക ബസാര്‍ ദില്ലിയിലെ തിരക്കേറിയ മാര്‍ക്കറ്റാണ്. ആകാശത്തിന് കീഴിലുളള എന്തും കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന സ്ഥലം. ഇപ്പോള്‍ ഇവിടുത്തെ തിരക്കേറുന്നതിന് മറ്റൊരു കാരണം കൂടിയുണ്ട്, സെക്‌സ് ടോയ് വില്‍പ്പന.

സെക്‌സ് ടോയ് വില്‍പന ഇന്ത്യയില്‍ നിയമവിരുദ്ധമാണ്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 292 പ്രകാരമാണ് നിരോധനം. എന്നാല്‍ പാലിക ബസാറില്‍ ഇതത്ര രഹസ്യമായ സംഭവമല്ല. ഇലക്ട്രോണിക് ഉത്പന്നങ്ങള്‍ വില്‍ക്കുന്ന കടകളില്‍ ഇത് ലഭ്യമാകുന്നുവെന്ന വിവരത്തെ തുടര്‍ന്നാണ് ഞങ്ങളുടെ വാര്‍ത്താ സംഘം പാലികാ ബസാര്‍ സന്ദര്‍ശിച്ചത്.

Palika-Bazar

മൊബൈലുകളെ കുറിച്ചും മറ്റ് ഇലക്ട്രോണിക് ഗാഡ്ജറ്റുകളെ കുറിച്ചും കടക്കാരനോട് ഞങ്ങള്‍ സംസാരിച്ചു. കടക്കാരന്‍ വാചാലനായി ഞങ്ങള്‍ക്ക് മറുപടിയും തന്നു. ‘മാഡം,ആമസോണിലും ഫ്‌ളിപ്കാര്‍ട്ടിലും കിട്ടുന്നതിനേക്കാള്‍ വില കുറച്ച് ഇലക്ട്രോണിക് ഉത്പന്നങ്ങള്‍ അതേ ഗുണനിലവാരത്തില്‍ വിതരണം ചെയ്യാന്‍ ഞങ്ങള്‍ക്കാകും. – കടക്കാരന്‍ ആത്മവിശ്വാസത്തോടെ പറഞ്ഞു.

സംഭാഷണം നീണ്ടു പോയി. അതിനിടെ ഒരു ചെറിയ കവര്‍ ചൂണ്ടിക്കാണിച്ചു ഞങ്ങള്‍ ഇതെന്താണെന്ന് ചോദിച്ചു. അതു വരെ ഉച്ചത്തില്‍ സംസാരിച്ച അയാള്‍ ശബ്ദം കുറച്ചു പറഞ്ഞു, അതൊരു സെക്‌സ് ടോയ് ആണെന്ന്. അത് വാങ്ങാന്‍ എന്ന മട്ടില്‍ തന്നെ വിലനിലവാരവും ഉത്പന്നങ്ങള്‍ എന്തൊക്കെയുണ്ടെന്നും തിരക്കി.

Palika-Bazar-1

നിരവധി ഉത്പന്നങ്ങളുണ്ടെന്നും മാര്‍ക്കറ്റിംഗ് വെബ്‌സൈറ്റുകളില്‍ ലഭിക്കുന്നതിനേക്കാള്‍ മൂന്നിലൊന്ന് വിലയില്‍ ഉത്പന്നം തരാമെന്നും കടക്കാരന്‍ പറഞ്ഞു. വൈബ്രേറ്ററുകള്‍ മുതല്‍ ആളെ കണക്കുളള സെക്‌സ് ടോയ്കള്‍ വരെ ഉണ്ടെന്നും അയാള്‍ പറഞ്ഞു.

എല്ലാ ഉത്പന്നങ്ങളും ഇറക്കുമതി ചെയ്തതാണെന്നാണ് കടക്കാരന്റെ വാദം. എവിടെ നിന്ന് എന്ന ചോദ്യത്തിന് ബിസിനസ് സീക്രട്ട് എന്നായിരുന്നു കണ്ണിറുക്കി കടക്കാരന്റെ മറുപടി. അയാള്‍ക്ക് വിശ്വാസമായെന്നു തോന്നുന്നു. അയാള്‍ ധൈര്യത്തോടെ ഉത്പന്നങ്ങള്‍ ഞങ്ങളെ കാണിക്കാന്‍ തുടങ്ങി.

Palika-Bazar-2

കൂടുതലൊന്നും ഞങ്ങള്‍ക്ക് അറിയാനുണ്ടായിരുന്നില്ല. പിടിച്ചാല്‍ അഞ്ച് കൊല്ലം ഉള്ളില്‍ കിടക്കുന്ന പണിയായിട്ടും വില്‍ക്കാനും വാങ്ങാനും നിരവധി പേര്‍. ദില്ലി പൊലീസിന്റെ മൂക്കിനു കീഴില്‍ ഇത്തരത്തില്‍ നിരവധി കടകള്‍ പ്രവര്‍ത്തിക്കുന്നുവെന്ന അറിവ് വലിയ സംഭവമായി തോന്നിയില്ല. എന്നാല്‍ ഉപഭോക്താക്കളുടെ പ്രകൃതത്തെ കുറിച്ചുളള കടക്കാരന്റെ വിവരം ഞെട്ടിക്കുന്നതായിരുന്നു. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളില്‍ നിന്നും ഉപഭോക്താക്കളുണ്ടത്രെ.

പിന്നീട് വരാമെന്ന് പറഞ്ഞ് ഞങ്ങളിറങ്ങി. ഇത്രയും സമയം മെനക്കെടുത്തി ഒന്നും വാങ്ങാതെ ഞങ്ങള്‍ പോകുന്നതിന്റെ ഈര്‍ഷ്യ കടക്കാരന്റെ കണ്ണുകളിലുണ്ടായിരുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here