കേരള ബാങ്ക് ഉടന്‍ സ്ഥാപിക്കുമെന്ന് ധനമന്ത്രി; സംസ്ഥാന – ജില്ലാ സഹകരണ ബാങ്കുകളെ സംയോജിപ്പിക്കും; വിദഗ്ധ സമിതി റിപ്പോര്‍ട്ട് ഒരാഴ്ചക്കകം

തിരുവനന്തപുരം : സംസ്ഥാനത്ത് കേരളാ ബാങ്ക് ഉടന്‍ സ്ഥാപിക്കുമെന്ന് ധനമന്ത്രി ഡോ. ടിഎം തോമസ് ഐസക്. സംസ്ഥാന – ജില്ലാ സഹകരണ ബാങ്കുകളെ സംയോജിപ്പിച്ചാണ് കേരളാ ബാങ്ക് യാഥാര്‍ത്ഥ്യമാക്കുക. കാര്‍ഷിക – വിദ്യാഭ്യാസ മേഖലയ്ക്കടക്കം വലിയ നേട്ടമാണ് ഇതിലൂടെ ലഭിക്കുക. നിയമ സാങ്കേതിക വശങ്ങള്‍ പരിശോധിക്കാന്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിദഗ്ധ സമിതി ഒരാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കുമെന്നും തോമസ് ഐസക് പറഞ്ഞു.

സംസ്ഥാന – ജില്ലാ – പ്രാഥമിക സംഘങ്ങളെന്ന ത്രിതല സഹകരണ വായ്പാ സംവിധാനം രണ്ട് തട്ടിലേക്ക് മാറിയാണ് സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ബാങ്കായി കേരളാ ബാങ്ക് യാഥാര്‍ത്ഥ്യമാകുന്നത്. 14 ജില്ലാ സഹകരണ ബാങ്കുകള്‍ക്കും സംസ്ഥാന സഹകരണ ബാങ്കിനുമായി 820 ശാഖകളാണ് നിലവിലുള്ളത്.

1.26 കോടി രൂപയുടേതാണ് ആകെ നിക്ഷേപം. എല്ലാം ചേര്‍ത്ത ഒരൊറ്റ ബാങ്കായാണ് കേരളാ ബാങ്ക് വരുന്നത്. പ്രാഥമിക സഹകരണ സംഘങ്ങള്‍ക്കും അംഗത്വമുണ്ടാകും. വലിയ പ്രതീക്ഷയാണ് കേരളാ ബാങ്കുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാറിന് ഉള്ളതെന്നും നടപടികള്‍ വേഗത്തിലാക്കുമെന്നും ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.

കേരള ബാങ്ക് യാഥാര്‍ത്ഥ്യമാകുന്നതോടെ കാര്‍ഷിക വായ്പ 15 ശതമാനത്തില്‍ നിന്നും 40 ശതമാനമായി ഉയരും. വിദ്യാഭ്യാസ വായ്പ ഉള്‍പ്പെടെയുള്ള സേവനങ്ങളും വര്‍ധിക്കും. നിലവിലെ സഹകരണ സംഘങ്ങളിലുള്ള നിക്ഷേപവും ഉരട്ടിയായി ഉയരും. ബാങ്ക് രൂപീകരണത്തിന്റെ നിയമ സാങ്കേതിക വശങ്ങളും സാധ്യതകളും പഠിക്കാന്‍ ബംഗലൂരു ഐഐഎം പ്രൊഫ. എംഎസ് ശ്രീറാം അദ്ധ്യക്ഷനായ അഞ്ച് അംഗ സമിതിയെ സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്.

സമിതിയുടെ റിപ്പോര്‍ട്ട് ഒരാഴ്ചക്കകം സര്‍ക്കാരിന് ലഭിക്കും. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും തുടര്‍ നടപടികള്‍ സ്വീകരിക്കുകയെന്നും ഡോ. ടിഎം തോമസ് ഐസക് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News