അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയുടെ രാത്രി കാഴ്ച ഏറെ മാറി; പുതിയ ആകാശ ദൃശ്യങ്ങള്‍ പുറത്തുവിട്ട് നാസ; പകര്‍ത്തിയത് ചെറിയ മാറ്റങ്ങള്‍ വരെ തിരിച്ചറിയുന്ന സെന്‍സര്‍ ഉപയോഗിച്ച്

ന്യൂയോര്‍ക്ക് : ബഹിരാകാശത്ത് നിന്നും പകര്‍ത്തിയ ഇന്ത്യയുടെ രാത്രി കാഴ്ച്ചകള്‍ പുറത്തുവിട്ട് നാസ. അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് അമേരിക്കന്‍ ബഹിരാകാശ ഗവേഷണ ഏജന്‍സി നാസ നയന മനോഹരമായ ഉപഗ്രഹ ദൃശ്യങ്ങള്‍ പുറത്തുവിടുന്നത്. 2012ലാണ് ഇന്ത്യയുടെ രാത്രിക്കാഴ്ചകള്‍ ഇതിന് മുമ്പ് നാസ പുറത്തുവിട്ടത്.

കഴിഞ്ഞ അഞ്ച് വര്‍ഷ കാലയളവിലെ ഇന്ത്യന്‍ നഗരങ്ങളുടെ വളര്‍ച്ചയും ജനബാഹുല്യവും ചിത്രത്തില്‍ നിന്നും ഊഹിച്ചെടുക്കാം. 2012ല്‍ നാസ പുറത്തുവിട്ട ചിത്രവുമായി പുതിയ ചിത്രം താരതമ്യം ചെയ്യുമ്പോള്‍ അത് കൂടുതല്‍ വ്യക്തമാകും. നഗരങ്ങളിലെ ദീപാലങ്കാരങ്ങള്‍ പുറത്തുവന്ന ചിത്രത്തില്‍ കാണാം.

India-Nasa-1

നാസ 2012ല്‍ പുറത്തുവിട്ട ഇന്ത്യയുടെ രാത്രി ദൃശ്യം

നേരത്തെ വന്ന ചിത്രത്തില്‍ നിയോണ്‍ ലൈറ്റുകളുടെ വെട്ടിത്തിളക്കം ഏറെയില്ല. പുതിയതില്‍ ഏറെ സജീവമായ വര്‍ണാഭമായ രാത്രിക്കാഴ്ചയാണ്. നമ്മുടെ നാടും നഗരവുമെല്ലാം അനുദിനം വികസിക്കുന്നുവെന്നതിന്റെ നേര്‍ക്കാഴ്ചയാണ് നാസ പുറത്തുവിട്ട ചിത്രങ്ങള്‍. നാസയുടെ നോവ സുവോമി നാഷണല്‍ പോളാര്‍ ഓര്‍ബിറ്റിങ് പാര്‍ട്ടണര്‍ഷിപ്പ് സാറ്റലൈറ്റ് ആണ് ഈ മനോഹര ചിത്രങ്ങള്‍ പകര്‍ത്തിയത്.

ഭൂമിയിലെ രാത്രി ദൃശ്യങ്ങള്‍ സൂക്ഷ്മതയോടെ ഒപ്പിയെടുക്കാന്‍ സഹായിക്കുന്ന വിസിബിള്‍ ഇന്‍ഫ്രാറെഡ് ഇമേജിങ് റേഡിയോമീറ്റര്‍ സ്യൂട്ട് ആണ്(VIIRS) ഉപഗ്രഹത്തിലെ സെന്‍സര്‍. വൈദ്യുതി തകരാര്‍, കൊടുങ്കാറ്റ്, ഭൂചലനം തുടങ്ങി ഭൂമിയ്ക്കുണ്ടാകുന്ന ചെറിയമാറ്റങ്ങള്‍ വരെ സെന്‍സറിന്റെ സഹായത്തോടെ പകര്‍ത്താന്‍ കഴിയുമെന്ന് നാസയിലെ ഗവേഷകര്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here