കൂത്തുപറമ്പ് സമരനായകനൊപ്പം ജനകീയ സര്‍ക്കാര്‍; സഖാവ് പുഷ്പന് ചലനോപകരണവും പ്രത്യേക ബെഡ്ഡും കൈമാറി; 22 വര്‍ഷത്തെ മുറിക്കുള്ളിലെ ജീവിതത്തില്‍ നിന്ന് സഖാവ് പുഷ്പന്‍ പുറംലോകത്തേക്ക്

കണ്ണൂര്‍ : സഹനസമരത്തിന്റെ സഹയാത്രികന്‍ കൂത്തുപറമ്പ് പോരാട്ടത്തിലെ ജീവിക്കുന്ന രക്തസാക്ഷി പുഷ്പന് ഇനിയുള്ള ജീവിതം പരസഹായമില്ലാതെ ജീവിക്കാം. കേരള സര്‍ക്കാരാണ് കൂത്തുപറമ്പ് വെടിവെപ്പില്‍ പരുക്കേറ്റ് അരയ്ക്ക് താഴെ തളര്‍ന്ന് പോയ പുഷ്പന് സഹായഹസ്തവുമായ് എത്തിയത്. ചലനോപകരണവും പ്രത്യേകം തയ്യാറാക്കിയ ഐസിയു ബെഡ്ഡും പുഷ്പന് മുഖ്യമന്ത്രി പിണറായി വിജയന്‍ കൈമാറി.

ഭിന്നശേഷി സൗഹൃദദിനത്തിന്റെ ഭാഗമായി കേരള സാമൂഹ്യ സുരക്ഷാ മിഷനും കണ്ണൂര്‍ ജില്ല ദേശീയ ആരോഗ്യ ദൗത്യവും സംയുക്തമായി നടത്തുന്ന ചലനോപകരണ വിതരണത്തിന്റെ ഉദ്ഘാടനം പുഷ്പന്റെ വീട്ടില്‍ വെച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചു. ഇതോടെ ഇരുപത്തിരണ്ട് വര്‍ഷമായി മുറിക്കുള്ളിലെ കട്ടിലില്‍ ഒതുങ്ങികൂടിയ പുഷ്പന് നാട്ടിലെ വിശേഷങ്ങളില്‍ സജീവമാകാം.

പുഷ്പന്റെ വീട്ടിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ കൈ നിറയെ കണിക്കൊന്ന പൂവുകള്‍ നല്‍കിയാണ് പുഷ്പന്റെ അമ്മ ലക്ഷ്മി അമ്മ സ്വീകരിച്ചത്. പുഷ്പന് എന്ത് നല്‍കിയാലും അത് കൂടുതലാവില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലോകത്ത് ഇന്ന് ലഭ്യമായ ഉയര്‍ന്ന സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഇത് സജ്ജമാക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്വയം നിയന്ത്രിതമായ ചലനോപകരണമാണ് പുഷ്പന് നല്‍കിയിരിക്കുന്നത്.

Pushpan-2

അദ്ദേഹത്തിന്റെ ശാരീരികാവസ്ഥയ്ക്ക് അനുയോജ്യമായ രീതിയില്‍ ഉപകരണം നിര്‍മ്മിക്കാനായി ഈ മേഖലയിലെ വിദഗ്ധരെയാണ് നിയോഗിച്ചത്. തൈമോഷന്‍ എന്ന അമേരിക്കന്‍ കമ്പനിയുടെ സഹായത്തോടെയാണ് ഉപകരണം തയ്യാറാക്കിയിരിക്കുന്നത്. അത്യാധുനിക സംവിധാനമുള്ള ഇലക്ട്രോണിക്‌സ് കട്ടിലും വീല്‍ചെയറും പുഷ്പന് സ്വയം പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും വിധമാണ് രൂപകല്‍പന ചെയ്തത്.

സാങ്കേതിക വിദഗ്ധരുള്‍പ്പെട്ട ടെക്‌നിക്കല്‍ കമ്മിറ്റി പരിശോധിച്ചാണ്‌സംവിധാനം സജ്ജമാക്കിയിരിക്കുന്നതെന്ന് മന്ത്രി കെകെ ശൈലജ പറഞ്ഞു. ശരീരത്തില്‍ ഘടിപ്പിച്ച റിമോട്ട് സെന്‍സറിന്റെ സഹായത്തോടെ ടാബ് ഉപയോഗിച്ച് കമ്പ്യൂട്ടര്‍ സ്‌ക്രീനില്‍ എഴുതാന്‍ സാധിക്കുമെന്ന് കെകെ ശൈലജ പറഞ്ഞു. എഎന്‍ ഷംസീര്‍ എംഎല്‍എ സ്വാഗതവും സാമൂഹ്യ സുരക്ഷാ മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീല്‍ നന്ദിയും പറഞ്ഞു.

1994 നവംബര്‍25ന് വിദ്യാഭ്യാസ കച്ചവടത്തിനും അഴിമതിക്കുമെതിരെ നടന്ന പോരാട്ടത്തിനിടയില്‍ നട്ടെല്ലിന് വെടിയേറ്റ് വീണുപോയ പുഷ്പന്‍ പിന്നീട് എഴുന്നേറ്റിട്ടില്ല. കെകെ രാജീവന്‍, കെ ബാബു, മധു, കെവി റോഷന്‍, ഷിബുലാല്‍ എന്നിവരാണ് വെടിവെയ്പില്‍ കൊല്ലപ്പെട്ടത്.

സിപിഐഎം ജില്ലസെക്രട്ടറി പി ജയരാജന്‍, ജില്ലപഞ്ചായത്ത് പ്രസിഡന്റ് കെവി സുമേഷ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെഇ കുഞ്ഞബ്ദുള്ള, പഞ്ചായത്ത് പ്രസിഡന്റ് വികെ രാകേഷ്, സിപിഐഎം നേതാക്കളായ എം സുരേന്ദ്രന്‍, പി ഹരീന്ദ്രന്‍, കെകെ പവിത്രന്‍, ഡിവൈഎഫ്‌ഐ നേതാക്കളായ ബിജു കണ്ടക്കൈ, വികെ സനോജ്, ഒകെ ബിനീഷ്, എന്‍ അനൂപ്, വിപി വിജേഷ്, മനു തോമസ് എന്നിവരും പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here