കാസർഗോഡ് നിന്നു ഐഎസിൽ ചേരാൻ പോയ ഒരു യുവാവ് കൂടി കൊല്ലപ്പെട്ടു; മുർഷിദ് മുഹമ്മദ് ബോംബ് ആക്രമണത്തിൽ കൊല്ലപ്പെട്ടതായി സന്ദേശം; കൊല്ലപ്പെട്ടത് യുഎസ് വ്യോമാക്രമണത്തിൽ

കാസർഗോഡ്: കാസർഗോഡ് നിന്നു കാണാതായ ഐഎസിൽ ചേരാൻ പോയ ഒരു യുവാവ് കൂടി കൊല്ലപ്പെട്ടതായി വിവരം. കാസർഗോഡ് പടന്ന സ്വദേശി മുർഷിദ് മുഹമ്മദ് കൊല്ലപ്പെട്ടതായി ബന്ധുക്കൾക്ക് സന്ദേശം ലഭിച്ചു. പടന്ന വടക്കേപ്പുറം സ്വദേശിയാണ് മുർഷിദ്. അഫ്ഗാനിസ്താനിൽ വച്ച് ബോംബാക്രമണത്തിൽ മുർഷിദ് കൊല്ലപ്പെട്ടതായാണ് വിവരം.

അഫ്ഗാനിസ്താനിൽ ഐഎസ് കേന്ദ്രത്തിൽ ഇന്നലെ യുഎസ് വ്യോമസേന വ്യോമാക്രമണം നടത്തിയിരുന്നു. ഈ ആക്രമണത്തിൽ മുർഷിദ് കൊല്ലപ്പെട്ടതായാണ് ബന്ധുക്കൾക്ക് ഇന്നലെ വൈകുന്നേരത്തോടെ സന്ദേശം ലഭിച്ചത്. ടെലിഗ്രാം ആപ്പ് വഴിയാണ് സന്ദേശം എത്തിയത്. ലോകത്തിലെ ഏറ്റവും വലിയ ആണവേതര മിസൈൽ ഉപയോഗിച്ചായിരുന്നു ഇന്നലെ അഫ്ഗാനിസ്താനിലെ ഐഎസ് ശക്തികേന്ദ്രങ്ങളിൽ ആക്രമണം നടത്തിയത്.

ഐഎസിൽ ചേരാൻ പോയ തൃക്കരിപ്പൂർ സ്വദേശി ഹഫീസുദ്ദീനും ഇത്തരത്തിൽ കൊല്ലപ്പെട്ടിരുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരി 25നാണ് ഹഫീസുദ്ദീൻ കൊല്ലപ്പെട്ടതായി സന്ദേശം ടെലിഗ്രാം ആപ്പ് വഴി ബന്ധുക്കൾക്ക് ലഭിച്ചത്. അഫ്ഗാനിസ്താനിൽ തന്നെ നടന്ന ഒരു ഡ്രോൺ ആക്രമണത്തിലായിരുന്നു ഹഫീസുദ്ദീൻ കൊല്ലപ്പെട്ടത്. അവിടെ തന്നെ ഖബറടക്കവും നടത്തിയതായി സന്ദേശത്തിലുണ്ടായിരുന്നു. ഹഫീസിനൊപ്പം കാണാതായ ഒരാളായിരുന്നു അന്നു സന്ദേശം അയച്ചത്.

കഴിഞ്ഞ ജൂലൈയിലാണ് കാസർഗോഡ്, പാലക്കാട് എന്നിവിടങ്ങളിൽ നിന്ന് മൂന്നു സ്ത്രീകളും ആറു കുട്ടികളും അടക്കമുള്ളവരെ ദുരൂഹ സാഹചര്യത്തിൽ കാണാതായത്. പടന്നയിൽ നിന്നു കാണാതായ 11 പേർക്കെതിരെ ഐഎസ് ബന്ധം ആരോപിക്കപ്പെട്ടിരുന്നു. ഇവരിൽ ചിലർ മസ്‌ക്കറ്റ്, ദുബായ് എന്നിവിടങ്ങളിലൂടെ തെഹ്‌റാനിൽ എത്തിയെന്ന് അന്വേഷണ ഏജൻസി നേരത്തെ അറിയിച്ചിരുന്നു. കാണാതായതിനുശേഷം ഇവരിൽ പലരും തങ്ങൾ സുരക്ഷിത സ്ഥലത്ത് എത്തിച്ചേർന്നതായി വീട്ടുകാർക്ക് സന്ദേശങ്ങളും കൈമാറിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News