നന്തൻകോട് കൂട്ടക്കൊല; കേഡൽ ജീൻസണ് മാനസികരോഗം ഇല്ലെന്നു മനോരോഗ വിദഗ്ധർ; കേഡലിന്റേത് ശിക്ഷയിൽ നിന്നു രക്ഷപ്പെടാനുള്ള ശ്രമം; പ്രത്യേക മെഡിക്കൽ ബോർഡിനു മുന്നിൽ ഹാജരാക്കും

തിരുവനന്തപുരം: നന്തൻകോട് കൂട്ടക്കൊല കേസിലെ പ്രതി കേഡൽ ജീൻസൺ രാജയ്ക്കു മാനസികരോഗം ഇല്ലെന്നു മനോരോഗ വിദഗ്ധർ. കേഡൽ ജീൻസൺ മനോരോഗമുള്ളതായി തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും അതിലൂടെ ശിക്ഷയിൽ നിന്നു ഇളവ് നേടാനുള്ള ശ്രമമാണ് നടത്തുന്നതെന്നും മനോരോഗ വിദഗ്ധർ വ്യക്തമാക്കുന്നു. അതേസമയം കേഡലിനു മനോരോഗമില്ലെന്നതു സംബന്ധിച്ച് സാക്ഷ്യപത്രം നൽകുന്നതിനായി കേഡലിനെ പ്രത്യേക മെഡിക്കൽ ബോർഡിനു മുന്നിൽ ഹാജരാക്കാൻ ഒരുങ്ങുകയാണ് അന്വേഷണ ഉദ്യോഗസ്ഥർ.

കേഡൽ ജീൻസൺ തികഞ്ഞ ബുദ്ധിമാനും നല്ലൊരു അഭിനേതാവുമാണെന്നാണ് കേഡലിനെ പരിശോധിക്കുകയും പൊലീസിന്റെ ചോദ്യംചെയ്യലിൽ പങ്കാളിയാവുകയും ചെയ്ത മനോരോഗ വിദഗ്ധരുടെ നിഗമനം. ആസ്ട്രൽ പ്രൊജക്ഷനും സ്‌കിസോഫ്രീനിയയും അല്ല കേഡലിന്റെ പ്രശ്‌നം. അമിതമായ അപകടകരമായ അറിവാണ് കേഡലിന് ഉള്ളതെന്നും മെഡിക്കൽ കോളജിലെ മനോരാഗ ചികിത്സാ വിഭാഗത്തിലെ ഡോക്ടർമാർ പറയുന്നത്.

കമ്മീഷണർ ഓഫീസിലെ ചോദ്യം ചെയ്യലിലും പിന്നീട് ആശുപത്രിയിലെ മാനസികരോഗ ചികിത്സാവിഭാഗത്തിലെ വിഭാഗത്തിലെ വിശദമായ ശാസ്ത്രീയ പരിശോധനയ്ക്കുമൊടുവിൽ കേഡൽ മാനസികരോഗിയല്ല എന്ന കണ്ടെത്തലിൽ ഡോക്ടർമാർ എത്തിച്ചേരുകയായിരുന്നു. ഇക്കാര്യം സ്ഥിരീകരിച്ച് സാക്ഷ്യപത്രം നൽകുന്നതിനായി മെഡിക്കൽ ബോർഡ് രൂപീകരിക്കണമെന്നും മനഃശാസ്ത്ര വിദഗ്ധർ നിർദേശിക്കുകയാണ്. ഇക്കാര്യത്തിൽ ഉടൻ അന്വേഷണസംഘം തീരുമാനമെടുക്കും.

കേഡൽ നടത്തിയത് ഒരു വെൽ പ്ലാൻഡ് മർഡർ എന്ന കണ്ടെത്തലിന് പൊലീസ് കൂടുതൽ തെളിവുകൾ ശേഖരിക്കുകയാണ്. അതേസമയം കേഡൽ നേരത്തെയും കരുതിക്കൂട്ടിയുള്ള ക്രൂരമായ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ടെന്നും ചോദ്യംചെയ്യലിൽ പൊലീസിനു വിവരം ലഭിച്ചു. എംബിബിഎസ് പഠിക്കാനായി കേഡൽ ഓസ്‌ട്രേലിയയിൽ ഉണ്ടായിരുന്ന സമയത്ത് ഒപ്പം താമസിച്ചിരുന്ന മറ്റു രാജ്യക്കാരായ രണ്ടുപേരെ കേഡൽ കുത്തിപ്പരുക്കേൽപ്പിച്ചിരുന്നു. സർട്ടിഫിക്കറ്റ് തിരുത്തിയ വിഷയം അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയതിന്റെ പ്രതികാരമായിരുന്നു അത്.

മാതാപിതാക്കളെ പലതവണ മർദ്ദിച്ചിട്ടുണ്ടെന്നും കേഡൽ പൊലീസിനു മൊഴി നൽകി. ആസൂത്രിത കൊലപാതകം നടത്തുന്നതിനു സ്വന്തമായി കായികശേഷി ഉണ്ടാക്കാനും കേഡൽ മറന്നില്ല. കേഡൽ ജിമ്മിൽ പോയില്ലെങ്കിലും അവിടെയുള്ള സാധനങ്ങളൊക്കെ വാങ്ങി വീട്ടിൽ തന്നെ അത് ഉപയോഗിച്ച് ശരീരം പുഷ്ടിപ്പെടുത്തി. ഇതിന്റെ തെളിവുകളും പൊലീസിനു ലഭിച്ചിരിക്കുകയാണ്. വരും ദിവസങ്ങളിൽ കൂടുതൽ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി വിവിധ ഇടങ്ങളിൽ കേഡലിനെ കൊണ്ടുപോകാനൊരുങ്ങുകയാണ് അന്വേഷണസംഘം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News