ആഭിചാരവും ആത്മാക്കളും; കേഡലിന്റെ വെളിപ്പെടുത്തൽ ഓർമ്മപ്പെടുത്തുന്ന ചില സിനിമകൾ

തിരുവനന്തപുരം: നന്തൻകോട്ട് കുടുംബത്തെ കൂട്ടക്കൊല ചെയ്ത കേഡലിന്റെ വെളിപ്പെടുത്തൽ ചില ഓർമപ്പെടുത്തലുകളിലേക്കാണ് നയിക്കുന്നത്. പാലമരങ്ങളിൽ കൂടുകൂട്ടിയിരുന്ന യക്ഷിസങ്കൽപങ്ങളെ ഭാർഗവീനിലയങ്ങളിലെത്തിച്ച പ്രേതകഥ പറഞ്ഞ ചിത്രങ്ങൾ. ആഭിചാരത്തിനു വേണ്ടിയാണ് കൊലപ്പെടുത്തിയതെന്ന കേഡലിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ ചില സിനിമകളെ കുറിച്ചുള്ള ഓർമപ്പെടുത്തൽ.

പാലമരത്തിലും യക്ഷിപ്പനയിലും കൂടുകൂട്ടിയിരുന്ന മലയാളികളുടെ യക്ഷിസങ്കൽപങ്ങളെ ഭാർഗവി നിലയങ്ങളിലേക്കെത്തിച്ചത് ബേപ്പൂർ സുൽത്താനാണ്. വൈക്കം മുഹമ്മദ് ബഷീറിന്റെ നീലവെളിച്ചം എന്ന ചെറുകഥയിൽ നിന്നാണ് മലയാളത്തിലെ ആദ്യ പ്രേതചിത്രത്തിന്റെ പിറവി. വെളുത്ത സാരിയുടുത്ത ദംഷ്ട്രകൾ നീട്ടിവളർത്തിയ യക്ഷിരൂപവും അതോടെ മലയാളികളുടെ മനസ്സിൽ ഇടം പിടിച്ചു.

പാശ്ചാത്യ പ്രേതകഥകളിലെ രക്തദാഹിയായ ഡ്രാക്കുളയെ തോൽപ്പിച്ച് കേരളത്തിൽ ഇന്നും വിരാജിക്കുന്നതു കള്ളിയങ്കാട്ടു നീലി തന്നെ. മണിച്ചിത്രത്താഴിൽ പ്രതികാരദാഹിയായിയെത്തുന്ന നാഗവല്ലിയും കള്ളിയങ്കാട്ടു നീലിക്ക് ഒപ്പം നിൽക്കും. 1964-ൽ പുറത്തിറങ്ങിയ ഭാർഗവീ നിലയം മുതൽ അടുത്തിടെ പുറത്തിറങ്ങിയ എസ്ര ഉൾപ്പെടെ 65 ഓളം യക്ഷിചിത്രങ്ങൾ മലയാളത്തിൽ ഉണ്ടായിട്ടുണ്ട്. ശരാശരി വർഷത്തിൽ ഒരു യക്ഷി സിനിമ വീതം പുറത്തിറങ്ങുന്നുണ്ടെന്നാണ് കണക്ക്. ഇതിൽ പല ചിത്രങ്ങളും ആഭിചാരത്തിന്റെ കഥ കൂടി പറയുന്നതാണ്.

ഭാർഗവീനിലയം സംവിധാനം ചെയ്തത് വിൻസെന്റ് ആയിരുന്നു. ബഷീർ തന്നെ സിനിമയ്ക്ക് തിരക്കഥയും എഴുതി. മലയാറ്റൂർ രാമകൃഷ്ണന്റെ യക്ഷി എന്ന നോവലിനെ ആസ്പദമാക്കി കെ.എസ് സേതുമാധവൻ 1968-ൽ സംവിധാനം ചെയ്ത ചിത്രമാണ് മലയാളത്തിലെ രണ്ടാമത്തെ ഹൊറർ ചിത്രം.

1978-ലാണ് മലയാളത്തിലെ ജനപ്രിയ പ്രേത സിനിമ ലിസ വെളളിത്തിരയിലെത്തിയത്. വീണ്ടും ലിസ എന്ന പേരിൽ 1987-ൽ രണ്ടാം ഭാഗവും പുറത്തിറങ്ങി. ഭാർഗവീ നിലയത്തിന്റെ രണ്ടാം ഭാഗം 2002-ൽ പുറത്തിറങ്ങിയെങ്കിലും പരാജയപ്പെട്ടു.

1999-ൽ വിനയൻ സംവിധാനം ചെയ്ത ആകാശഗംഗയിലൂടെയാണ് മലയാളികൾ മറ്റൊരു യക്ഷിയെ കണ്ടത്. പിന്നീട് പ്രേതചിത്രങ്ങളുടെ പരമ്പര തന്നെ മലയാളത്തിലുണ്ടായി. പകൽപൂരം, വെള്ളിനക്ഷത്രം, ഇന്ദ്രിയം, മേഘസന്ദേശം തുടങ്ങി ചിത്രങ്ങളുടെ നിര നീളുന്നു. എന്നാൽ സാക്ഷാൽ ശ്രീമാൻ ചാത്തുണ്ണി ഇതിൽ നിന്നൊക്കെ വ്യത്യസ്തമായ ഒരു കഥയാണ് പറഞ്ഞത്. സമാനമായ മാനസികനിലയെ തൃപ്തിപ്പെടുത്തുന്നതായിരുന്നു ഞാൻ ഗന്ധർവൻ എന്ന ചിത്രവും.

ആത്മാക്കൾ കഥാപാത്രങ്ങളായ ചില ചിത്രങ്ങളും ശ്രദ്ധേയമാണ്. പപ്പൻ പ്രിയപ്പെട്ട പപ്പനിൽ നായക കഥാപാത്രമായ റഹ്മാന്റെ ആത്മാവ് പല ശരീരങ്ങളിൽ കടന്നുകുടുന്നുണ്ട്. ആയുഷ്‌കാലമെന്ന ചിത്രത്തിൽ ജയറാം ആത്മാവായി സിനിമയിലെത്തുന്നു. അപരിചിതനിൽ മമ്മുട്ടിയും ആത്മാവാണ്. വിസ്മയത്തുമ്പത്ത്, ദേവദൂതൻ തുടങ്ങിയ ചിത്രങ്ങളിൽ മോഹൻലാലും ആത്മാക്കളോട് സംവദിക്കുന്നുണ്ട്. കുഞ്ചാക്കോ ബോബന്റെ മയിൽപീലിക്കാവ് പുനർജൻമത്തിന്റെ കഥയാണ് പറഞ്ഞതെങ്കിൽ ആഭിചാരത്തിലൂടെ പരകായപ്രവേശം നടത്തുന്നതാണ് അനന്തഭദ്രം.

ഈ കഥകളിലെല്ലാം യക്ഷികളുടെയും ആത്മാക്കളുടെയുമൊക്കെ ലക്ഷ്യം പ്രതികാരം മാത്രമായിരുന്നു. കലാനിലയം നാടക സമിതിയുടെ രക്തരക്ഷസ്, കടമറ്റത്തു കത്തനാർ എന്നീ നാടകങ്ങളിലൂടെയും മലയാളി പേടിപ്പെടുത്തുന്ന കഥകൾ കേട്ടു. എന്നാൽ പടയണി പോലുളള ആചാരങ്ങളിൽ മാടനും മറുതയും യക്ഷിയുമൊക്കെ ദേവസങ്കൽപങ്ങളായും എത്തുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News