മലാല യൂസഫ് സായ്ക്ക് കനേഡിയൻ പൗരത്വം; സമ്മാനിച്ചത് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രുഡോ

നൊബേൽ പുരസ്‌കാര ജേതാവ് മലാല യൂസഫ് സായ്ക്ക് കനേഡിയൻ പൗരത്വം നൽകി ആദരിച്ചു. ഒട്ടാവയിൽ നടന്ന ചടങ്ങിൽ പ്രധാനമന്ത്രി ജസ്റ്റിൻ ട്രുഡോ ആണ് പൗരത്വം സമ്മാനിച്ചത്. കനേഡിയൻ പൗരത്വം ലഭിക്കുന്ന ആറാമത്തെയും ഏറ്റവും പ്രായംകുറഞ്ഞ വ്യക്തിയുമാണ് മലാല. 2014ലാണ് മലാലയെ പൗരത്വം സ്വീകരിക്കാൻ കാനഡയിലേക്ക് ക്ഷണിച്ചത്.

മലാല യൂസഫ് സായിയെ സമാധാനദൂതയായി യുഎൻ തെരഞ്ഞെടുത്തിനു പിന്നാലെയാണ് മലാല കനേഡിയൻ പൗരത്വം സ്വീകരിച്ചത്. ഇതു വെറും കനേഡിയൻ പൗരത്വമല്ലെന്നും കാനഡയുടെ സുഹൃത്താകാനുള്ള അവസരമാണെന്നും പൗരത്വം സ്വീകരിച്ച ശേഷം മലാല പറഞ്ഞു.

ബഹുമാനസൂചകമായി പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ മലാലയെ കനേഡിയൻ പാർലമെന്റിൽ സംസാരിക്കാനായി ക്ഷണിച്ചിരുന്നു. ഇതനുസരിച്ച് മലാല സ്ത്രീകളുടെയും പെൺകുട്ടികളുടെയും വിദ്യാഭ്യാസത്തെക്കുറിച്ച് പാർലമെന്റിൽ പ്രസംഗം നടത്തി. സ്ത്രീകളുടെ അവകാശങ്ങൾക്കും ലിംഗസമത്വത്തിനും വേണ്ടിയുള്ള ട്രൂഡോയുടെ ആഹ്വാനത്തെ മലാലയും പ്രശംസിച്ചു. കനേഡിയൻ പാർലമെന്റിൽ സംസാരിക്കുന്ന ഏറ്റവും പ്രായംകുറഞ്ഞ വ്യക്തികൂടിയായി 19കാരിയായ മലാല.

മലാലയുടെ പ്രവർത്തനങ്ങൾ പ്രശംസനീയമാണെന്നും അവരുടെ ‘ഐ ആം മലാല’ എന്ന പുസ്തകം ഏറെ പ്രചോദനമേകുന്നതാണെന്നും മറുപടിയായി ട്രൂഡോ അഭിപ്രായപ്പെട്ടു. നേരത്തെ നെൽസൺ മണ്ടേല, ദലൈലാമ, ഓങ്‌സാൻ സൂചി, ആത്മീയ നേതാവ് കരിം അഗാഖാൻ നാലാമൻ, സ്വീഡിഷ് നയതന്ത്രജ്ഞൻ റൗൾ വാളൻബർഗ് എന്നിവർക്ക് ആദരസൂചകമായി കനേഡിയൻ പൗരത്വം ലഭിച്ചിട്ടുണ്ട്.

പാകിസ്താനിലെ വിദ്യാഭ്യാസ പ്രവർത്തകയായ മലാലയക്ക് 2014-ൽ പതിനേഴാം വയസ്സിലാണ് സമാധാനത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News