അഫ്ഗാനിസ്താനിൽ യുഎസ് വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടത് 36 ഐഎസ് ഭീകരർ; ആക്രമണം നടന്നത് കാണാതായ മലയാളികൾ ഉണ്ടായിരുന്ന മേഖലയിൽ; വാർത്ത സ്ഥിരീകരിച്ചത് ദേശീയ അന്വേഷണ ഏജൻസി

കാബൂൾ: അഫ്ഗാനിസ്താനിൽ ഐഎസ് ഭീകരകേന്ദ്രത്തിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തിൽ 36 ഐഎസ് ഭീകരർ കൊല്ലപ്പെട്ടതായി സ്ഥിരീകരണം. ദേശീയ അന്വേഷണ ഏജൻസിയെ ഉദ്ദരിച്ച് വാർത്താ ഏജൻസികളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. കേരളത്തിൽ നിന്നു കാണാതായ മലയാളികൾ ഉണ്ടായിരുന്ന മേഖലയിലാണ് ആക്രമണം നടന്നത്. കാസർഗോഡ് നിന്ന് കാണാതായ 22 മലയാളികൾ ആക്രമണം നടന്ന നങ്കഹാർ മേഖലയിലാണ് ഉണ്ടായിരുന്നതെന്നു എൻഐഎ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, കൊല്ലപ്പെട്ട മലയാളികളുടെ എണ്ണം സംബന്ധിച്ച് അവ്യക്തത തുടരുകയാണ്.

ഇക്കാര്യത്തിൽ എൻഐഎയും വ്യക്തത വരുത്തിയിട്ടില്ല. 22 മലയാളികളാണ് നങ്കഹാർ മേഖലയിൽ ഉണ്ടായിരുന്നത്. ഇതിൽ പടന്ന സ്വദേശിയായ മുർഷിദ് മുഹമ്മദിന്റെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. മറ്റുള്ളവരുടെ കാര്യത്തിൽ അവ്യക്തത തുടരുകയാണ്. നങ്കഹാർ മേഖലയിലേക്കു പോകാൻ എൻഐഎ സംഘത്തിനും കഴിഞ്ഞിട്ടില്ല. കാണാതായ മലയാളികളുടെ ബന്ധുക്കളെ സന്ദർശിക്കാൻ എൻഐഎ സംഘത്തിനു നിർദേശമുണ്ട്.

മുർഷിദിന്റെ മരണം സ്ഥിരീകരിച്ചത് കൂടെയുണ്ടായിരുന്നവരുടെ ടെലഗ്രാം സന്ദേശമാണ്. ഇതിൽ മുർഷിദ് രക്തസാക്ഷിയായെന്നു പറയുന്നുണ്ടെങ്കിലും മറ്റുള്ളവരുടെ കാര്യത്തിൽ വ്യക്തതയില്ല. തിരികെ പോരാൻ ബന്ധുക്കൾ ആവശ്യപ്പെടുന്നുണ്ടെങ്കിലും ദൈവത്തിനു വേണ്ടി തങ്ങൾ ഇവിടെ തന്നെ തുടരുമെന്നാണ് സന്ദേശം അയച്ചയാൾ പറയുന്നത്. സന്ദേശങ്ങൾ മുർഷിദിന്റെ ബന്ധുക്കൾ എൻഐഎക്കു കൈമാറിയിട്ടുണ്ട്.

അഫ്ഗാനിസ്താനിൽ ഐഎസ് കേന്ദ്രത്തിൽ ഇന്നലെ യുഎസ് വ്യോമസേന വ്യോമാക്രമണം നടത്തിയിരുന്നു. ഈ ആക്രമണത്തിൽ മുർഷിദ് കൊല്ലപ്പെട്ടതായാണ് ബന്ധുക്കൾക്ക് ഇന്നലെ വൈകുന്നേരത്തോടെ സന്ദേശം ലഭിച്ചത്. ടെലിഗ്രാം ആപ്പ് വഴിയാണ് സന്ദേശം എത്തിയത്. ലോകത്തിലെ ഏറ്റവും വലിയ ആണവേതര മിസൈൽ ഉപയോഗിച്ചായിരുന്നു ഇന്നലെ അഫ്ഗാനിസ്താനിലെ ഐഎസ് ശക്തികേന്ദ്രങ്ങളിൽ ആക്രമണം നടത്തിയത്.

ഐഎസിൽ ചേരാൻ പോയ തൃക്കരിപ്പൂർ സ്വദേശി ഹഫീസുദ്ദീനും ഇത്തരത്തിൽ കൊല്ലപ്പെട്ടിരുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരി 25നാണ് ഹഫീസുദ്ദീൻ കൊല്ലപ്പെട്ടതായി സന്ദേശം ടെലിഗ്രാം ആപ്പ് വഴി ബന്ധുക്കൾക്ക് ലഭിച്ചത്. അഫ്ഗാനിസ്താനിൽ തന്നെ നടന്ന ഒരു ഡ്രോൺ ആക്രമണത്തിലായിരുന്നു ഹഫീസുദ്ദീൻ കൊല്ലപ്പെട്ടത്. അവിടെ തന്നെ ഖബറടക്കവും നടത്തിയതായി സന്ദേശത്തിലുണ്ടായിരുന്നു. ഹഫീസിനൊപ്പം കാണാതായ ഒരാളായിരുന്നു അന്നു സന്ദേശം അയച്ചത്.

കഴിഞ്ഞ ജൂലൈയിലാണ് കാസർഗോഡ്, പാലക്കാട് എന്നിവിടങ്ങളിൽ നിന്ന് മൂന്നു സ്ത്രീകളും ആറു കുട്ടികളും അടക്കമുള്ളവരെ ദുരൂഹ സാഹചര്യത്തിൽ കാണാതായത്. പടന്നയിൽ നിന്നു കാണാതായ 11 പേർക്കെതിരെ ഐഎസ് ബന്ധം ആരോപിക്കപ്പെട്ടിരുന്നു. ഇവരിൽ ചിലർ മസ്‌ക്കറ്റ്, ദുബായ് എന്നിവിടങ്ങളിലൂടെ തെഹ്‌റാനിൽ എത്തിയെന്ന് അന്വേഷണ ഏജൻസി നേരത്തെ അറിയിച്ചിരുന്നു. കാണാതായതിനുശേഷം ഇവരിൽ പലരും തങ്ങൾ സുരക്ഷിത സ്ഥലത്ത് എത്തിച്ചേർന്നതായി വീട്ടുകാർക്ക് സന്ദേശങ്ങളും കൈമാറിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News