സമീറാ, നായകനും നായികയും നീയാണ്…

മലയാള സിനിമയുടെ അത്യുജ്ജ്വല ടേക്ക് ഓഫ് എന്ന് തന്നെ വിശേഷിക്കാവുന്ന സിനിമയാണ് മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത ടേക് ഓഫ്. ജീവിതം പറയുന്ന കഥകള്‍ക്ക് മലയാള സിനിമയില്‍ പ്രാധാന്യം ഏറിവരുന്ന കാലത്താണ് ടേക്ക് ഓഫും പ്രേക്ഷകരിലേക്ക് എത്തിയത്. അതിതീവ്രമായ ഒരു സംഭവകഥയില്‍ കൂട്ടിച്ചേര്‍ക്കലുകളോടെ അതീവ വൈകാരികതയോടെ അഭ്രപാളിയില്‍ അവതരിപ്പിക്കപ്പെട്ടു. കഥാപാത്രങ്ങളുടെ മനോഹരമായ അഭിനയ മുഹൂര്‍ത്തങ്ങളും അന്താരാഷ്ട്ര നിലവാരത്തിലുള്ള മേക്കിങ്ങും പശ്ചാത്തലവും കൂടിയായപ്പോള്‍ സംഗതി ഉഷാറായി.

2014 ജൂലൈ 4ന് 46 ഇന്ത്യക്കാരായ നഴ്‌സുമാരെ ഇറാഖ് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന തീവ്രവാദ സംഘടനയായ ഐഎസ് തീവ്രവാദികളില്‍ നിന്നും മോചിപ്പിച്ചു. ഈ യഥാര്‍ത്ഥ സംഭവം ഇന്ത്യന്‍ സിനിമയില്‍ ഇതുവരെയും പ്രമേയമാകാത്ത ഒന്നാണ്. മലയാള സിനിമയില്‍ പുത്തന്‍വഴി നല്‍കുന്ന സിനിമ എന്ന നിലയിലായിരിക്കും ടേക്ക് ഓഫ് അറിയപ്പെടുക. ട്രാഫിക്, മുംബൈ പോലീസ്, എന്ന് നിന്റെ മൊയ്തീന്‍, വിശ്വരൂപം തുടങ്ങിയ സിനിമകളുടെ എഡിറ്ററായിരുന്ന മഹേഷ് നാരായണന്റെ കന്നി സംവിധാന സംരംഭമാണ്. മഹേഷ് നാരായണന്‍ പറഞ്ഞതുപോലെ സര്‍വൈവല്‍ ത്രില്ലറാണ് സിനിമ എന്നത് കണ്ടിറങ്ങുമ്പോള്‍ ശരിവെക്കുന്നു.

ഇറാഖിലെ തിക്രിത്തില്‍ അകപ്പെട്ടുപോയ 46 ഇന്ത്യന്‍ നഴ്‌സുമാരുടെ ജീവിതത്തിനും മരണത്തിനും ഇടയിലുള്ള ദിവസങ്ങളെയും അവരുടെ അതിജീവനത്തെയും തുറന്നുകാണിക്കുകയാണ് സിനിമ. യുദ്ധമേഖലയില്‍ നിന്നുള്ള മോചനകഥ എന്നതിനപ്പുറം ഇന്ത്യന്‍ നഴ്‌സുമാരുടെ ജീവിതത്തിലൂടെയുള്ള സഞ്ചാരംകൂടിയാണിത്. ലോകത്തിന്റെ എല്ലാ കോണുകളിലും ആതുര ശുശ്രൂഷാമേഖലയിലെ സജീവസാന്നിധ്യമാവുകയും എന്നാല്‍, അര്‍ഹിക്കുന്ന ആദരം അന്യമായവരുമായ ഇന്ത്യന്‍ നഴ്‌സുമാരുടെ അരക്ഷിതാവസ്ഥയുടെ നേര്‍ചിത്രം നല്‍കുന്നുണ്ട് സിനിമ.

പുരുഷ തൃഷ്ണയുടെയും ഉത്തേജക ഉടലുകളാണ് നഴ്‌സുമാരെന്ന പൊതുബോധം നല്‍കുന്ന സിനിമകളാണ് മിക്കവാറും ഉണ്ടായിട്ടുള്ളത്. ഇതിനൊരു തിരുത്തായി മാറുന്നുണ്ട് ടേക്ക് ഓഫ്. നഴ്‌സുമാരുടെ ജീവിതം പറയുന്ന കഥകളില്‍ വിരളമായി മാത്രമേ മെയില്‍ നഴ്‌സുമാര്‍ക്ക് പ്രാധാന്യം നല്‍കാറുള്ളൂ. ഇവിടെ ആ പതിവും മാറിയിരിക്കുന്നു.

ചിത്രത്തിന്റെ നട്ടെല്ല് എന്നത് പാര്‍വതി അവതരിപ്പിക്കുന്ന സമീറ എന്ന കഥാപാത്രമാണ്. സമീറയുടെ ജീവനും ജീവിതവും തന്നെയാണ് സിനിമ. മലയാള സിനിമയില്‍ സമീപകാലത്തൊന്നും ഇത്രയും ശക്തമായ സ്ത്രീകഥാപാത്രം വേറെ ഇല്ല. സമീറയുടെ അതിജീവനത്തിന്റെ കഥ കൂടിയാണിത്. തൊഴിലെടുത്ത് ജീവിക്കുകയും കുടുംബത്തെ സഹായിക്കുകയും ചെയ്യുന്ന ആദര്‍ശങ്ങള്‍ മുറുകെ പിടിക്കുന്ന സമീറ തന്റെ നിലപാടുകൊണ്ട് ആദ്യ ദാമ്പത്യത്തില്‍ പരാജയപ്പെടുന്നതും ഇബ്രു എന്ന 8 വയസുകാരന്റൈ അമ്മയായി ജീവിക്കുന്നതും പിന്നീട് മറ്റൊരാളെ വിവാഹം ചെയ്ത് ജീവിക്കുന്നതുമായ സന്ദര്‍ഭങ്ങളെ പാര്‍വ്വതിയുടെ സമീറ അനശ്വരമാക്കി.

ആദ്യ ഭര്‍ത്താവായി അഭിനയിച്ച ആസിഫ് അലിയും തന്റെ ഭാഗം ഭംഗിയാക്കി. ഇബ്രു ആയി അഭിനയിച്ച എറിക് സഖറിയെയും മോശമാക്കിയില്ല. രണ്ടാം ഭര്‍ത്താവായ കുഞ്ചാക്കോ ബോബന്റെ ഷഹീദ് എന്ന കഥാപാത്രം സമീറക്കൊപ്പം മികവ് കാണിച്ചുകൊണ്ട് ചിത്രത്തെ മനോഹരമാക്കി.

ഫഹദ് ഫാസിലിന്റെ പ്രകടനമാണ് എടുത്ത് പറയേണ്ട മറ്റൊന്ന് ഓരോ സിനിമയിലും ഫഹദ് നമ്മെ ഞെട്ടിക്കുകയാണ്. മനോജ് എബ്രഹാം എന്ന ഇന്ത്യന്‍ അംബാസിഡറെ ഫഹദ് അവിസ്മരണീയമാക്കിത്തീര്‍ത്തു.

Take-Off-1

യഥാര്‍ത്ഥ സംഭവകഥയുടെ വൈകാരികത നഷ്ടപ്പെട്ട് പോകാതെയും വിശ്വസനീയത കളയാതെയും കഥാസന്ദര്‍ഭങ്ങള്‍ സൃഷ്ടിച്ചതില്‍ തിരക്കഥാകൃത്തക്കളായ മഹേഷ് നാരായണനും പിവി ഷാജികുമാറും പൂര്‍ണ്ണ വിജയം കൈവരിച്ചിരിക്കുന്നു. ആദ്യം മുതല്‍ അവസാനം വരെ വീര്‍പ്പുമുട്ടിക്കാതെ അനുവാചകരെ പിടിച്ചിരുത്താനും ഇവര്‍ക്കായി.

പ്രേക്ഷകര്‍ക്ക് പരിചിതമല്ലാത്ത കഥാസന്ദര്‍ഭങ്ങളെ വിശ്വസനീയമാക്കുന്നതിലെ വിജയമാണ് എടുത്ത് പറയേണ്ടത്. സമീറയും നഴ്‌സുമാരും ഇറാഖിലെ തീവ്രവാദികളുടെ ക്യാമ്പില്‍ എത്തിപ്പെടുന്ന രംഗവും അവരെ അവിടെ നിന്ന് മോചിപ്പിക്കുന്നരംഗങ്ങളും നഴ്‌സുമാരുടെയും ഇറാഖിലെ സാധാരണക്കാരുടെ ദുരവസ്ഥയും കാണിക്കുന്നതും നൊമ്പരവും ഉദ്വേഗവും ഉണര്‍ത്തുന്ന കാഴ്ചകളായി. യഥാര്‍ത്ഥ സംഭവത്തെ കൃത്യമത്വവും അതിഭാവുകത്വവും ഇല്ലാതെ ചിത്രീകരിച്ച സംവിധായകന്‍ തന്റെ റോള്‍ ഗംഭീരമാക്കി.

Take-Off

പ്രേക്ഷകരെ മുള്‍മുനയില്‍ നിര്‍ത്തുന്ന സിനിമയാണ് ടേക്ക് ഓഫ് പശ്ചാത്തല സംഗീതവും ഇതിന് മുതല്‍ കൂട്ടാവുന്നുണ്ട്. പ്രേക്ഷകരെ ഇറാഖിലെ യുദ്ധത്തിന്റെ ഭീകരത അറിയിക്കുന്ന ഛായഗ്രാഹകനും വിജയിച്ചു. പല സ്ഥലങ്ങളിലായി നടക്കുന്ന കാര്യങ്ങളെ കൂട്ടിയിണക്കി പുതുമെ നല്‍കുന്ന അവതരണം സാധ്യമാക്കിയ എഡിറ്റര്‍മാരും തങ്ങളുടെ ഭാഗം മികവുറ്റതാക്കി. ചിത്രത്തിലെ ഗാനങ്ങള്‍ ശരാശരിയില്‍ എത്തിനില്‍ക്കുന്നതായിരുന്നു.

നായികാ പ്രാധാന്യമുള്ള ചിത്രത്തിന്റെ ഭാഗമാകാന്‍ ഫഹദും കുഞ്ചാക്കോ ബോബനും ആസിഫ് അലിയും തയ്യാറായത് അംഗീകരിക്കപ്പടേണ്ട ഒന്നാണ്. മികച്ച ഒരു സ്ത്രീപക്ഷ സിനിമയായി ടേക്ക് ഓഫിനെ കാണാവുന്നതാണ്. യഥാര്‍ത്ഥ സംഭവത്തെ സിനിമയാക്കി തീര്‍ക്കുന്നതിനായി ചില കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തിയിട്ടുണ്ട്.

ചിത്രത്തിന്റെ ആദ്യഭാഗത്തില്‍ സമീറ അനുഭവിക്കുന്ന ചില സംഘര്‍ഷങ്ങളും അതിജീവനത്തിനായുള്ള നെട്ടോട്ടവുമാണ്. അവളുടെ ചുറുചുറുക്കും ദാമ്പത്യജീവിതവും പോരാടാനുള്ള തൊഴിലിന്റെ ഭാഗമായി അവള്‍ നേരിടേണ്ടി വരുന്ന കുടുംബപരവും മതപരവുമായ എതിര്‍പ്പുകളും ഫോക്കസ് ചെയ്തതാണ് പോകുന്നത്. ഒപ്പം ഷഹീദിന്റെ സമീറയോടുള്ള പ്രണയവും ചേര്‍ന്ന് ആദ്യപകുതിക്ക് സ്വാഭാവിക വേഗത മാത്രമേയുള്ളൂ എന്നാല്‍ രണ്ടാം പകുതിയില്‍ കഥയ്ക്ക് വേഗതകൂട്ടുന്നുണ്ട്.

Take-off-1

ഇറാഖിലെ യുദ്ധമേഖലയില്‍ നായികയ്ക്കും സഹപ്രവര്‍ത്തകര്‍ക്കും ഭര്‍ത്താവിനും നേരിടേണ്ടിവരുന്ന പ്രശ്‌നങ്ങളുടെ സംഘര്‍ഭരിതമായ അനുഭവങ്ങളും അതില്‍ നിന്നുള്ള മോചനവുമാണ് രണ്ടാം പകുതി. ദേശീയത എന്ന വികാരത്തെ പലപ്പോഴും ഉയര്‍ത്തിപ്പിടിക്കുന്നതായി കാണാം. ചിത്രത്തില്‍ സ്വന്തം രാജ്യത്തെ സുരക്ഷിതത്വത്തെക്കുറിച്ചും പറയുന്നുണ്ട്.

തീവ്രവാദികളെ ഉപയോഗിച്ച് നഴ്‌സുമാരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതില്‍ നിന്ന് വിലക്കുന്നതുമായി ബന്ധപ്പെട്ട് ഭരണാധികാരികള്‍ പറയുന്ന പരാമര്‍ശമുണ്ട്. തീവ്രവാദികളെ ഉപയോഗിച്ച് അവരെ രക്ഷപ്പെടുത്തരുതെന്നും അത് രാജ്യത്തിന് അപമാനമാണെന്നും മറിച്ച് പട്ടാളത്തിന്റെ ആക്രമത്തില്‍ മരണമടഞ്ഞാല്‍ രാജ്യത്തിന് രക്തസാക്ഷികളെ ലഭിക്കുമെന്നും പറയുന്ന വാചകം സമകാലീന രാഷ്ട്രീയ സാഹചര്യത്തോടുള്ള വിമര്‍ശനമാകുന്നത് കാണാം. വൈകാരികമായി കൈകാര്യം ചെയ്ത രംഗങ്ങളില്‍ ചിലതൊക്കെ താളെ തെറ്റിപ്പോയെങ്കിലും ആകെയുള്ള സിനിമയുടെ ആസ്വാദനത്തിന് ഭംഗം വരുത്തുന്നില്ല ഇതൊന്നും.

കേരളത്തിന്റെ സമ്പദ്ഘടനയില്‍ വിദേശത്ത് വിയര്‍പ്പൊഴുക്കുന്നവരുടെ പങ്ക് വിസ്മരിക്കാനാവുന്നതല്ല. സ്വന്തം നാട്ടില്‍ ആതുരസേവന മേഖലയിലെ തുച്ഛമായ വരുമാനത്തില്‍ നിന്ന് രക്ഷതേടി യുദ്ധമേഖലയില്‍ എത്തുന്ന നഴ്‌സുമാരുടെ ദുരിതപൂര്‍ണ്ണമായ ജീവിതത്തെ ചര്‍ച്ചയാക്കുന്നതില്‍ ചിത്രം വിജയിച്ചിട്ടുണ്ട്. നിരവധി ബുദ്ധിമുട്ടുകള്‍ സഹിച്ച് പഠിച്ചിട്ടും കടം വീട്ടാന്‍പോലും തികയാത്ത മാലാഖമാരുടെ പ്രയാസങ്ങളെപ്പറ്റി ആരും അന്വേഷിക്കാരില്ലെന്ന വസ്തുതയും സിനിമ പറഞ്ഞുവെക്കുന്നുണ്ട്.

വിവാഹമോചനം നേടിയ നായിക ഇറാഖിലേക്കു ജോലിക്കായി വീണ്ടുമൊരു വിവാഹം ചെയ്യുന്നത് അവരുടെ ജീവിതത്തിലെ പ്രയാസങ്ങളുടെ യഥാര്‍ത്ഥ്യത്തെ എടുത്തുകാണിക്കുന്നതാണ്. ചിത്രത്തിന്റെ ഒഴുക്കിനിടയില്‍ ചില രംഗങ്ങളെങ്കിലും കാണുമ്പോള്‍ കഴിഞ്ഞ തവണ തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്ര മേളയില്‍ മികച്ച ചിത്രമായി മാറി ഈജിപ്ഷ്യന്‍ ചിത്രം ക്ലാഷിന്റെ ഓര്‍മ്മകള്‍ എത്തി.

സമാനമായ യുദ്ധ സാഹചര്യങ്ങളെ സൃഷ്ടിച്ചതില്‍ അണിയറക്കാര്‍ വിജയച്ചു. ഇതിന്റെ തെളിവാണ് നാം പറഞ്ഞുകേട്ട ഇറാഖിനെ നമുക്കുമുന്നില്‍ അടര്‍ത്തിയെടുത്തതുപോലെ അണിയറക്കാര്‍ എത്തിച്ചത്. ഇവര്‍ക്ക് നന്ദി. പ്രവാസത്തിന്റെ പ്രയാസകാഴ്ചകള്‍ കണ്ണുനനയിപ്പിക്കുന്നതാണ്. ദൈവത്തിന്റെ മാലാഖമാരെന്നാണ് വിളിപ്പേര്. എന്നാല്‍ മാലാഖമാരുടെ വീട്ടിലെ സ്ഥിതി ആരും തിരക്കാറില്ലെന്നും ഇന്ത്യവിട്ട് ഇറാഖിലേക്ക് ചേക്കേറിയതിന്റെ കാരണം സ്വന്ത് രാജ്യത്ത് നഴ്‌സുദ്യോഗത്തിനെ അപമാനഭാരമാണെന്നു തുറന്നു പറയുന്നുണ്ട് നായികാ കഥാപാത്രം.

കല്ലുപോലെ കരളുറപ്പോടെ ജീവിക്കുമ്പോഴും സമീറയുടെ മനസ്സില്‍ കടലോളം പ്രണയവും സ്‌നേഹവും വാത്സല്യവുമുണ്ട്. ഇബ്രുവിനെ വാത്സല്യത്തോടെ സ്‌നേഹിക്കുമ്പോഴും നാം മുന്നേ കണ്ട പല അമ്മ കഥാപാത്രങ്ങളെയും ഓര്‍മ്മിപ്പിക്കാന്‍ പാര്‍വതിക്കായി. തന്റെ പ്രാണനെ തിരിച്ചുകിട്ടാന്‍ നിറവയറുമായി സമീറ നടന്ന വഴികളിലാണ് ടേക്ക് ഓഫ് ഇതള്‍ വിരിച്ചത്. യഥാര്‍ത്ഥത്തില്‍ ടേക്ക് ഓഫ് മലയാള സിനിമയുടേതാണ്. അന്താരാഷ്ട്ര നിലവാരത്തോട് കിടപിടിക്കാവുന്ന നമ്മുടെ സിനിമകളുടെ ടേക്ക് ഓഫ്. സിനിമകളിലെ സ്ത്രീ വിരുദ്ധതയെക്കുറിച്ച് ചര്‍ച്ച സജീവമാകുന്ന കാലത്ത് ഉയര്‍ത്തിക്കാണിക്കാവുന്ന യഥാര്‍ത്ഥ സ്ത്രീപക്ഷ സിനിമയാണ് ടേക്ക് ഓഫ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News