കൊല്ലം : തോട്ടണ്ടി ക്ഷാമം പരിഹരിക്കാന്‍ കശുമാവ് കൃഷിയുമായി സംസ്ഥാന കശുവണ്ടി വികസന കോര്‍പ്പറേഷന്‍. കശുമാവ് വ്യാപനം ലക്ഷ്യമിട്ട് അത്യുല്‍പ്പാദന ശേഷിയുള്ള 2 ലക്ഷം തൈകള്‍ ഉല്‍പാദിപ്പിക്കും. കോര്‍പ്പറേഷന്റെ കൊട്ടിയത്തെ ഫാക്ടറി വളപ്പിലാണ് കശുമാവ് തൈ നഴ്‌സറി ആരംഭിച്ചത്.
നഴ്‌സറിയുടെ ഉദ്ഘാടനം മന്ത്രി ജെ മെഴ്‌സിക്കുട്ടി അമ്മ നിര്‍വഹിച്ചു. തൊഴിലാളികള്‍ക്ക് ജോലിയും രാജ്യത്തിന് വിദേശനാണ്യവും ഉറപ്പാക്കുകയാണ് കോര്‍പ്പറേഷന്റെ ലക്ഷ്യം. കശുവണ്ടി കോര്‍പ്പറേഷന്റെ 30 ഫാക്ടറി വളപ്പുകളിലെ 90 ഏക്കര്‍ സ്ഥലത്ത് 5500 കശുമാവിന്‍ തൈ നടാനാണ് തീരുമാനം.
1994ല്‍ പി രാജേന്ദ്രന്‍ ചെയര്‍മാനായിരിക്കെ ഫാക്ടറികളില്‍ തുടങിയ കശുമാവ് കൃഷിയിലൂടെ ഇന്ന് 5000 ടണ്‍ തോട്ടണ്ടി ലഭിക്കുന്നുണ്ട്. ഈ അനുഭവത്തിന്റെ കൂടി പശ്ചാത്തലത്തിലാണ് തോട്ടണ്ടി ആഭ്യന്തരമായി ഉല്‍പാദിപ്പിക്കാനുള്ള തീരുമാനം. ഇതിന്റെ ഭാഗമായാണ് ജൈവ കശുമാവ് കൃഷി സംസ്ഥാനത്താകെ ആരംഭിക്കാന്‍ പദ്ധതി തയാറാക്കിയത്.
മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായാണ് നഴ്‌സറി ഒരുക്കുന്നത്. മയ്യനാട് പഞ്ചായത്തിന്റേയും മുഖത്തല ബ്ലോക്ക് പഞ്ചായത്തിന്റേയും കശുവണ്ടി വികസന കോര്‍പ്പറേഷന്റെയും സംയുക്ത നേതൃത്വത്തിലാണ് ഇതിനുള്ള ശ്രമം. മുന്തിയ ഇനം അത്യുല്‍പ്പാദന ശേഷിയുള്ള കശുമാവിന്‍ തൈകളാണ് തയാറാക്കുന്നത്.

Get real time update about this post categories directly on your device, subscribe now.