യുഎസ് ആക്രമണ മുന്നറിയിപ്പ് ഉത്തരകൊറിയ തള്ളി; ആണവ പരീക്ഷണം നടത്തുമെന്ന് കിം ജോംങ് ഉന്‍; ക്ഷമയുടെ നയതന്ത്രം അവസാനിച്ചെന്ന് യുഎസ്; ഏതു നിമിഷവും യുദ്ധസാധ്യതയെന്ന് ചൈന

വാഷിംഗ്ടണ്‍ : ഉത്തരകൊറിയയും അമേരിക്കയും തമ്മില്‍ ഉടന്‍ യുദ്ധത്തിന് സാദ്ധ്യതയെന്ന് മുന്നറിയിപ്പുമായി ചൈന. അണു പരീക്ഷണം നടത്തുമെന്ന നിലപാട് ഉത്തര കൊറിയ ആവര്‍ത്തിച്ചതോടെ ഏതു നിമിഷവും യുദ്ധം ആരംഭിച്ചേക്കുമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി മുന്നറിയിപ്പു നല്‍കി.

കൊറിയയുടെ തുടര്‍ച്ചയായ ആണവ പരീക്ഷണങ്ങളില്‍ അതൃപ്തിയുള്ള അമേരിക്ക സൈനിക നടപടിയിലൂടെ നേരിടാനാണ് നീക്കം. അമേരിക്കന്‍ പ്രസിഡന്റിന്റെ മുന്നറിയിപ്പിനെ അവഗണിച്ച് രാഷ്ട്രശില്‍പി കിം സങ് രണ്ടാമന്റെ നൂറ്റിയഞ്ചാം ജന്മദിനമായ ശനിയാഴ്ച ഉത്തര കൊറിയ ആറാമത് ആണവ പരീക്ഷണം നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഏതു തരത്തിലുള്ള അടിയന്തരാവസ്ഥയും നേരിടാനുറച്ച് അമേരിക്കന്‍ യുദ്ധക്കപ്പലുകള്‍ മേഖലയില്‍ നിലയുറപ്പിച്ചിട്ടുണ്ട്. വിമാന വാഹിനിക്കപ്പലായ യുഎസ്എസ് കാള്‍ വിന്‍സനും മിസൈല്‍ നശീകരണികളും ഉള്‍പ്പെട്ട കപ്പല്‍വ്യൂഹം കൊറിയന്‍ മേഖലയിലേക്ക് യുഎസ് അയച്ചുകഴിഞ്ഞു.

വാക്കുകൊണ്ടോ പ്രവൃത്തികൊണ്ടോ പരസ്പരം പ്രകോപിക്കുന്നതില്‍നിന്നും ഭീഷണിമുഴക്കുന്നതില്‍നിന്നും അമേരിക്കയും ഉത്തരകൊറിയയും വിട്ടുനില്‍ക്കണം. യുദ്ധത്തിലേക്ക് ഇരുപക്ഷവും നീങ്ങിയാല്‍ ചിന്തിക്കാനും തിരിച്ചുപിടിക്കാനും കഴിയാത്ത തരത്തിലുമുള്ള നാശത്തിലാവും കലാശിക്കുകയെന്നും ചൈന മുന്നറിയിപ്പ് നല്‍കുന്നു.

ഉത്തരകൊറിയയെ നിലയ്ക്കു നിര്‍ത്താന്‍ ചൈന സഹകരിക്കണമെന്ന് നേരത്തേ ഷി ചിന്‍പിംഗുമായി നടത്തിയ ചര്‍ച്ചയില്‍ ട്രംപ് ആവശ്യപ്പെട്ടിരുന്നു. ചൈന വിസമ്മതിക്കുന്ന പക്ഷം ഉത്തരകൊറിയയ്ക്ക് എതിരേ യുഎസ് ഒറ്റയ്ക്കു നടപടി സ്വീകരിക്കാനാണ് ട്രംപിന്റെ നീക്കം. യുഎന്‍ ഉപരോധങ്ങള്‍ക്കും പാശ്ചാത്യ ലോകത്തിന്റെ കടുത്ത സമ്മര്‍ദങ്ങള്‍ക്കും മുന്നില്‍ വഴങ്ങാതെ നില്‍ക്കുന്ന ഉത്തര കൊറിയയ്‌ക്കെതിരെ സൈനിക നടപടി പരിഗണിക്കുമെന്നും ക്ഷമയുടെ നയതന്ത്രം അവസാനിച്ചെന്നും യുഎസ് വ്യക്തമാക്കിക്കഴിഞ്ഞു.

എന്നാല്‍ കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്നാണ് ഉത്തരകൊറിയന്‍ ഏകാധിപധി കിം ജോങ് ഉന്‍ പറയുന്നത്. ഇതോടെ ചൈനയില്‍ നിന്നും കൊറിയയിലേക്കുള്ള വിമാന സര്‍വീസുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി. എന്നാല്‍ എന്തുവിലകൊടുത്തും രംഗം തണുപ്പിക്കാനുളള ലോകരാജ്യങ്ങളുടെ ശ്രമം തുടരുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel