കാനത്തിന്റെ വിമര്‍ശനങ്ങള്‍ക്ക് സിപിഐഎമ്മിന്റെ മറുപടി; മുന്നണി മര്യാദ ലംഘിക്കരുത്; ശത്രുവിന് ആയുധമാകുന്ന അവസരം നല്‍കരുത്; അനാവശ്യ വിവാദം ഭരണത്തെ ബാധിക്കും

കണ്ണൂര്‍ : സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ സര്‍ക്കാരിനെതിരായ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മുന്നണി മര്യാദ ലംഘിച്ച് ഇടതുമുന്നണിയിലെ ഘടകക്ഷികള്‍ മുന്നണി മര്യാദ ലംഘിക്കരുത്. ശത്രുവിന് ആയുധമാകുന്ന ഒരവസരവും നല്‍കരുതെന്നും കോടിയേരി പറഞ്ഞു.

കാനം രാജേന്ദ്രന്റെ വാക്കുകള്‍ പ്രതിപക്ഷം ആയുധമാക്കുകയാണ്. സര്‍ക്കാര്‍ നടപ്പിലാക്കുന്ന നല്ലകാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള അവസരം നഷ്ടപ്പെടുത്തരുത്. ഭരണപരമായ കാര്യങ്ങളെ സംബന്ധിച്ച് വിവാദമുണ്ടാക്കരുത്. ഇത് സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെ തന്നെ ബാധിക്കുമെന്നും കോടിയേരി മറുപടി നല്‍കി.

യുഡിഎഫിന്റെ ദുര്‍ഭരണത്തിനെതിരായാണ് ജനങ്ങള്‍ വേട്ട് ചെയ്തത്. അധികാരത്തിലെത്തിയ എല്‍ഡിഎഫ് സര്‍ക്കാര്‍ ജനോപകാര പ്രദമായ നിലപാടാണ് സ്വീകരിക്കുന്നത്. അതിനെ ഇല്ലാതാക്കാനാണ് ശത്രുക്കള്‍ ശ്രമിക്കുന്നത്. ശത്രുവര്‍ഗ്ഗത്തിന്റെ കുത്തിത്തിരിപ്പുകളെ പരാജയപ്പെടുത്തണം. ഇടതുപക്ഷ സര്‍ക്കാരുകളെ അസ്ഥിരപ്പെടുത്താന്‍ ആര്‍എസ്എസ് കൊണ്ടുപിടിച്ച ശ്രമം നടത്തുന്നു. കേന്ദ്ര സര്‍ക്കാര്‍ റേഷന്‍ വിതരണം തടസപ്പെടുത്തി.

നോട്ട് പിന്‍വലിക്കല്‍ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കി. പെന്‍ഷന്‍ വിതരണത്തിന് പോലും പണം നല്‍കുന്നില്ല. ഒരുവിഭാഗം ഐഎഎസ് – ഐപിഎസ് ഉദ്യോഗസ്ഥരെ ഉപയോഗിച്ച് കുത്തിത്തിരിപ്പുണ്ടാക്കാന്‍ ആര്‍എസ്എസ് ശ്രമിക്കുന്നു. ബിജെപിയുമായി ചേര്‍ന്ന് കിട്ടാവുന്ന എല്ലാ സാധ്യതകളും കോണ്‍ഗ്രസ് ഉപയോഗിക്കുന്നുവെന്നും കോടിയേരി പറഞ്ഞു.

എല്‍ഡിഎഫിലെ എല്ലാവരും ജാഗ്രതയോടെ പ്രവര്‍ത്തിക്കണം. ശത്രുക്കള്‍ക്ക് മുതലെടുക്കാനുള്ള അവസരം ഒരുക്കരുത്. കാനത്തിന്റെ അഭിപ്രായം ഉപയോഗിച്ച് രാഷ്ട്രീയ ആയുധമാക്കാനാകുമോ എന്നാണ് പ്രതിപക്ഷം നോക്കുന്നത്. ഇത്തരം അവസരങ്ങളെ ഉപയോഗിക്കാന്‍ ശത്രുക്കള്‍ക്ക് അവസരം നല്‍കാന്‍ പാടില്ല.

എല്‍ഡിഎഫ് ശക്തിപ്പെടുത്തുന്നതിന് സിപിഐ – സിപിഐഎം യോജിപ്പ് അനിവാര്യമാണ്. യോജിച്ച് പ്രവര്‍ത്തിക്കണം. വ്യത്യസ്ത അഭിപ്രായങ്ങള്‍ തുറന്നുപറയുന്നതില്‍ യാതൊരു തെറ്റുമില്ല. രാഷ്ട്രീയമായ തര്‍ക്കവിഷയങ്ങള്‍ ഉന്നയിക്കുന്നതും വ്യക്തതവരുത്തുന്നതും അനിവാര്യമാണ്. മുന്നണി എന്ന നിലയിലും ഭരണം നടത്തുമ്പോഴും ഭിന്നാഭിപ്രായങ്ങള്‍ പരസ്യമായി പറയുന്നത് സര്‍ക്കാരിനെ ബാധിക്കും.

സര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികള്‍ ഉയര്‍ത്തിപ്പിടിക്കേണ്ട അവസരമാണിത്. പരസ്യാഭിപ്രായ പ്രകടനങ്ങള്‍ ഒഴിവാക്കണം. എന്തെങ്കിലും ഭിന്നതയുണ്ടെങ്കില്‍ ചര്‍ച്ചയിലൂടെ പരിഹരിക്കണം. ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ കഴിയാത്ത വിഷയങ്ങള്‍ ഇടതുമുന്നണിയിലില്ല. ഭിന്നത എതിരാളികള്‍ ആഘോഷമാക്കി. പ്രശ്‌നങ്ങള്‍ തുറന്ന് ചര്‍ച്ച ചെയ്യണം.

ഒരു കാരണവശാലും യുഎപിഎ ദുരുപയോഗിക്കില്ലെന്നാണ് സിപിഐഎമ്മിന്റെയും സര്‍ക്കാരിന്റെയും നിലപാട്. സംസ്ഥാന പൊലീസ് കൈകാര്യം ചെയ്യുന്ന കേസുകള്‍ പുനപരിശോധിക്കുകയാണ്. ഇക്കാര്യത്തില്‍ വ്യക്തമായ നിലപാടുണ്ട്. ഇതിന്മേലുള്ള പ്രചരണം വസ്തുതാപരമല്ല. വസ്തുതാ വിരുദ്ധമായ പ്രചരണമാണ്.

വിവരാവകാശ നിയമത്തിലുള്ള നിലപാട് വ്യക്തമാണ്. ഭരണ നടപടികള്‍ കൂടുതല്‍ സുതാര്യമാക്കുന്നതിന് ഫലപ്രദമായി ഉപയോഗിക്കണം. മന്ത്രിസഭാ തീരുമാനങ്ങള്‍ ജനങ്ങളില്‍ എത്തിക്കുന്നതിന് വിലക്കില്ല. എത്രയും വേഗം ജനങ്ങളിലെത്തിക്കുന്നതിനുള്ള നടപടിയാണ് സ്വീകരിച്ചത്. ഉത്തരവുകള്‍ സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്ന് നിര്‍ദ്ദേശിച്ച് നടപ്പിലാക്കുകയാണ്.

അപേക്ഷകളില്ലാതെ തന്നെ മന്ത്രിസഭാ തീരുമാനവും കുറിപ്പും വെബ്‌സൈറ്റുകളില്‍ നിന്ന് എടുക്കാം. വിവരാവകാശ നിയമം തടയണമെന്ന നിലപാട് സര്‍ക്കാരിനില്ല. കൂടുതല്‍ വിഷയമുണ്ടെങ്കില്‍ എല്‍ഡിഎഫ് ചര്‍ച്ച ചെയ്യും. നക്‌സല്‍ വര്‍ഗീസ് വധത്തില്‍ കേസ് നിലവിലുണ്ട്. വര്‍ഗീസിനെ മോശക്കാരനാക്കുന്ന സത്യവാങ്മൂലം തിരുത്തണമെന്ന് സിപിഐഎമ്മാണ് ആവശ്യപ്പെട്ടത്. ഇത് തിരുത്തുന്നതിനുള്ള നടപടി സര്‍ക്കാര്‍ സ്വീകരിക്കുകയാണ്. ആ നിലപാട് തെറ്റാണെന്നും തിരുത്തണമെന്നുമാണ് നിലപാടെന്നും കോടിയേരി പറഞ്ഞു.

ജിഷ്ണു കേസില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് വീഴ്ചയില്ല. ജിഷ്ണുവിന്റെ കുടുംബത്തിനൊപ്പമാണ് പാര്‍ട്ടിയും സര്‍ക്കാരും. ആഗ്രഹിച്ചതുപോലെ കാര്യങ്ങള്‍ നടന്നില്ലെന്ന ആക്ഷേപം പരിശോധിച്ച് മുഖ്യമന്ത്രി നടപടി സ്വീകരിക്കുകയാണ്. ഡിജിപി ഓഫീസിന് മുന്നില്‍ സമരം നടത്താതെ തന്നെ കാര്യങ്ങളില്‍ തീരുമാനമാക്കാമായിരുന്നു.

ഡിജിപി ഓഫീസ് പരിസരം അതീവ സുരക്ഷാ മേഖലയായി പ്രഖ്യാപിച്ചത് ആന്റണി സര്‍ക്കാരിന്റെ കാലത്താമ്. ഇത് സംബന്ധിച്ച നോട്ടീസ് ലഭിച്ചിരുന്നില്ല. സമരമിരിക്കുന്നവരെ സ്വാഭാവികമായി മാറ്റിയതാണ്. എന്തെങ്കിലും നടപടി പൊലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. മര്‍ദ്ദിച്ചെന്ന ആക്ഷേപം മുഖവിലയ്‌ക്കെടുത്ത് എഡിജിപിയെ അന്വേഷണത്തിന് നിയോഗിച്ചു. നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കി.

ജിഷ്ണു കേസിലെ പ്രതികള്‍ക്ക് ജാമ്യം നല്‍കിയ നടപടി ഹൈക്കോടതി പുനപരിശോധിക്കണം. ഇതില്‍ സര്‍ക്കാരിനെതിരായ വിമര്‍ശനം വസ്തുതകള്‍ അറിയാതെയാണ്. ബിജെപി – കോണ്‍ഗ്രസ് സമരത്തിനെതിരെ ജിഷ്ണുവിന്റെ നാട്ടുകാര്‍ നിലപാടെടുത്തു. വളയത്തെ നന്ദിഗ്രാമാക്കാന്‍ കഴിയില്ലെന്ന് ജനങ്ങള്‍ പ്രഖ്യാപിച്ചു.

വസ്തുതകള്‍ പരിശോധിച്ച് നിലപാടെടുക്കണം. മൂന്നാറില്‍ പട്ടയം കിട്ടാതെ വിഷമിക്കുന്ന ജനങ്ങളുണ്ട്. ഒരുവര്‍ഷം കൊണ്ട് പട്ടയം കൊടുത്തു തീര്‍ക്കാനാവണം എന്നതാണ് നിലപാട്. മുഖ്യമന്ത്രി നേരിട്ട് യോഗം വിളിച്ച് ഉദ്യോഗസ്ഥരോടും ജനപ്രതിനിധികളോടും നിലപാട് അറിയിച്ചിട്ടുണ്ട്. കൈയ്യേറ്റം ഒഴിപ്പിക്കണം എന്നതാണ് സര്‍ക്കാര്‍ നിലപാട്.

സബ് കളക്ടറെ തടഞ്ഞ നടപടി ശരിയായ നിലപാടല്ല. അനധികൃതമായ നിര്‍മ്മാണം പൊളിക്കുന്നതിനെ തടയില്ല. കെട്ടിടം പൊളിച്ചുമാറ്റണമെന്ന് എംഎല്‍എ കയ്യേറ്റക്കാരനോട് ആവശ്യപ്പെട്ടു. സബ്കളക്ടറെ സഹായിക്കുകയായിരുന്നു സിപിഐഎം ചെയ്തത്. സബ് കളക്ടര്‍ പൊലീസിനെ വിവരം അറിയിച്ചിരുന്നില്ല. നിയമാനുസൃതം ഇടപെടുകയാണ് സബ് കളക്ടര്‍ ചെയ്യേണ്ടത്.

മൂന്നാറില്‍ തോന്നിയതുപോലെ കെട്ടിടങ്ങള്‍ നിര്‍മ്മിക്കാന്‍ പാടില്ല. പരിസ്ഥിതിക്ക് ഇണങ്ങുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മാത്രമേ അനുവദിക്കാവൂ. എല്‍ഡിഎഫ് എടുത്ത തീരുമാനം നടപ്പാക്കുകയാണ് വേണ്ടത്. വ്യത്യസ്ത നിലപാട് സ്വീകരിക്കുകയല്ല വേണ്ടത്. വിമര്‍ശനങ്ങളുണ്ടെങ്കില്‍ എല്‍ഡിഎഫില്‍ ചര്‍ച്ച ചെയ്യുകയോ ഉഭയകക്ഷി ചര്‍ച്ചയിലൂടെയോ പരിഹസിക്കുകയാണ് വേണ്ടത്.

സിപിഐയ്ക്ക് സിപിഐഎമ്മിനെക്കാള്‍ ഭരണ പരിചയമുണ്ട്. പത്ത് വര്‍ഷം അധികം ഭരണത്തില്‍ ഇരുന്നവരാണ് സിപിഐ. ഇരു മുന്നണികളിലും എല്‍ഡിഎഫിലും യുഡിഎഫിലും പ്രവര്‍ത്തിച്ച പരിചയം സിപിഐക്കുണ്ട്. അങ്ങനെ ഭരണ പരിചയമുള്ള സിപിഐയുടെ ഉപദേശം സ്വാഗതം ചെയ്യുന്നു.

സിപിഐ സഹോദര പാര്‍ട്ടിയാണ്. ഞങ്ങളുടെ സഖ്യകക്ഷിയാണ്. കഴിഞ്ഞ കാല അനുഭവങ്ങള്‍ കൂടി പരിഗണിച്ച് ദൃഢമായ ബന്ധമാണ് സിപിഐഎം ആഗ്രഹിക്കുന്നത്. സിപിഐഎം തൊഴിലാളി വര്‍ഗ്ഗ പാര്‍ട്ടിയാണ്. മുതലാളിത്ത സമീപനമൊന്നും സിപിഐഎമ്മിനില്ല. സമൂഹ മാധ്യമങ്ങളില്‍ പാര്‍ട്ടി അംഗങ്ങള്‍ പ്രകടിപ്പിക്കുന്നത് പാര്‍ട്ടി നിലപാടല്ലെന്നും കോടിയേരി ബാലകൃഷ്ണന്‍ കണ്ണൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News