ഉമ്മന്‍ചാണ്ടിയെ കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് കൊണ്ടുവരാന്‍ നീക്കം ശക്തം; ചര്‍ച്ചകള്‍ക്കായി നേതാക്കളെ ദില്ലിക്ക് വിളിപ്പിച്ചു; നിലപാട് വ്യക്തമാക്കി ചെന്നിത്തല

ദില്ലി: സംഘടനാ തെരഞ്ഞെടുപ്പിന് മുന്‍പ് കെപിസിസി സ്ഥിരം അധ്യക്ഷനെ തീരുമാനിക്കാനുള്ള ചര്‍ച്ചകള്‍ക്കായി കൂടുതല്‍ കേരളാ നേതാക്കളെ ദില്ലിക്ക് വിളിപ്പിച്ചു. ഉമ്മന്‍ചാണ്ടിയെ കെപിസിസി അധ്യക്ഷ പദത്തിലേക്ക് കൊണ്ടുവരാനുള്ള നീക്കം സജീവമാണ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഐ ഗ്രൂപ്പ് നിലപാട് ഹൈക്കമാന്റിനെ അറിയിച്ചു.

സംഘടനാ തെരഞ്ഞെടുപ്പിന് മുന്‍പ് കെപിസിസിക്ക് സ്ഥിരം അധ്യക്ഷനെ നിയമിക്കണമെന്നാണ് ഹൈക്കമാന്റ് തീരുമാനം. താത്കാലിക അധ്യക്ഷന്‍ എംഎം ഹസന്റെ കീഴില്‍ തെരഞ്ഞടുപ്പ് സുഗമമായിരിക്കില്ലെന്നാണ് ഹൈക്കമാന്റുമായി അടുത്ത് നില്‍ക്കുന്ന എംപിമാരും നിലപാട് അറിയിച്ചത്. ഈ സാഹചര്യത്തിലാണ് കൂടുതല്‍ കേരളാ നേതാക്കളെ ഹൈക്കമാന്റ് ദില്ലിക്ക് വിളിപ്പിച്ചത്. ഉമ്മന്‍ചാണ്ടിയെ കെപിസിസി അധ്യക്ഷ പദത്തിലേക്ക് കൊണ്ടുവരാനുള്ള നീക്കം സജീവമാണ്. പ്രതിപക്ഷ നേതൃസ്ഥാനം ഐ ഗ്രൂപ്പിനായതിനാല്‍ അധ്യക്ഷ പഥം എ ഗ്രൂപ്പിനെന്ന് നേതാക്കള്‍ ഉറപ്പിക്കുന്നു.

വിടി സതീശനെ നേതൃത്വത്തിലേക്ക് കൊണ്ടുവരാന്‍ ഹൈക്കമാന്റ് താത്പര്യം ഉണ്ടെങ്കിലും ഗ്രൂപ്പ് എതിര്‍പ്പ് ശക്തമാണ്. പിടി തോമസ്, കെവി തോമസ് തുടങ്ങിയവരുടെ പേരുകളും സജീവ പരിഗണനയിലാണ്. ഇന്ന് പാര്‍ട്ടി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്തിയ രമേശ് ചെന്നിത്തല ഐ ഗ്രൂപ്പ് നിലപാട് ഹൈക്കമാന്റിനെ അറിയിച്ചു.

സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച്ച നിശ്ചയിച്ചിരുന്നെങ്കിലും പിന്നീട് റദ്ദാക്കി. വിഎം സുധീരന്‍, ഉമ്മന്‍ചാണ്ടി എന്നിവരെയും ചര്‍ച്ചകള്‍ക്കായി അടുത്ത ആഴ്ച്ച ഹൈക്കമാന്റ് ദില്ലിക്ക് വിളിപ്പിച്ചു. ഇതിന് പുറമേ സംഘടനാ തെരഞ്ഞെടുപ്പ് ഏത് തരത്തില്‍ വേണമെന്നും ചര്‍ച്ചയാകും. ബൂത്ത് തലത്തില്‍ തെരഞ്ഞെടുപ്പും മണ്ഡലം മുതല്‍ പിസിസി വരെ സമവായത്തിലൂടെ ഭാരവാഹികളെ കണ്ടെത്താനുമാണ് നീക്കം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News