ഉപരോധിച്ച് കൊന്നാലും ഹിന്ദുരാഷ്ട്രമാവാനില്ല | കെ.രാജേന്ദ്രന്‍

കാഠ്മണ്ഡു നഗരം ശാന്തമാണ്. പക്ഷെ മൂന്ന് വര്‍ഷം മുമ്പ് ഏതാണ്ട് ഇതേ കാലത്ത് നേരില്‍ കണ്ട പ്രസരിപ്പോ ചലനാത്മകതയോ ഇന്ന് ഈ നഗരത്തില്ല. എല്ലാവരുടേയും മുഖത്ത് അന്ധാളിപ്പ്. എല്ലാം ഒച്ചിനെപ്പോലെ ഇഴഞ്ഞ് നീങ്ങുന്നു. ഈ നഗരത്തിന് ഇതെന്ത് പറ്റി?

നേപ്പാള്‍ ഭരണഘടന രണ്ടാം നിര പൗരന്‍മാരായി അവഗണിക്കുന്ന മദേശികള്‍ നടത്തുന്നതെന്ന് ഇന്ത്യയും നേപ്പാളിനെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കാത്തതില്‍ ക്ഷുഭിതരായ ഇന്ത്യ ഗവണ്‍മെന്റ് നടത്തുന്നതെന്ന് നേപ്പാളികളും വിശേഷിപ്പിക്കുന്ന ഉപരോധം പിന്‍വലിച്ചിരിക്കുന്നു. പക്ഷെ ഉപരോധത്തിന്റെ നീക്കിയിരിപ്പുകള്‍ കാഠ്മണ്ഡു തെരുവുകളെ ഇപ്പോഴും വീര്‍പ്പ് മുട്ടിക്കുകയാണ്. ബസ് സര്‍വീസുകള്‍ പുനരാരംഭിച്ചിട്ടില്ല. പെട്രാളും ഡീസലും മണ്ണെണ്ണയും പാചക വാതകവും ലഭിക്കാന്‍ ജനങ്ങള്‍ ബുദ്ധിമുട്ടുന്നു. ഇവയെല്ലാം ഏളുപ്പത്തില്‍ കരിഞ്ചന്തയ്ക്ക് ലഭിക്കും.

പെട്രോള്‍ ലിറ്ററിന് കരിഞ്ചന്തയിലെ വില 500 നേപ്പാളി രൂപ (1.60 നേപ്പാള്‍ രൂപ=1 ഇന്ത്യന്‍ രൂപ). പൊതുവിപണിയില്‍ 1435 നേപ്പാളി രൂപയ്ക്ക് ലഭിച്ചിരുന്ന പാചകവാതകം ഉപരോധം പിന്‍വലിച്ചിട്ടും വിപണിയില്‍ ലഭ്യമല്ല. പക്ഷെ, കരിഞ്ചന്തയില്‍ സുലഭമാണ്. വില സിലിണ്ടറിന് 10,000 നേപ്പാളി രൂപ. പാചക വാതക സിലിണ്ടറുകള്‍ വിഴുങ്ങുന്ന കാട്ടാളന്റെ ചിത്രങ്ങള്‍ ഭിത്തികളില്‍ കാണാം. കാട്ടാളനിലൂടെ പ്രതിഷേധക്കാര്‍ വിവക്ഷിക്കുന്നത് മറ്റാരേയുമല്ല, ഇന്ത്യയെയാണ്.

Kathmandu
2016 സെപ്തംബര്‍ 20നാണ് നേപ്പാള്‍ പാര്‍ലമെന്റ് രാജ്യം ഇനി മതേതതര ജനാധിപത്യ റിപ്പബ്ലിക്കാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് പുതിയ ഭരണഘടനയ്ക്ക് അംഗീകാരം നല്കിയത്. ഒട്ടുമിക്ക വിഷയങ്ങളിലും വ്യത്യസ്ത നിലപാടുകള്‍ കൈക്കൊള്ളുന്ന ചെറുതും വലുതുമായ 83 പാര്‍ട്ടികള്‍, എല്ലാറ്റിലും ഉപരിയായി സ്വത്വം ഉയര്‍ത്തിപ്പിടിക്കുന്നതില്‍ ഉത്സുകരായ 67 ഗോത്രങ്ങള്‍, വര്‍ഗീയ വിഷം ചീറ്റുന്ന 12 ഹിന്ദുത്വ സംഘടനകള്‍.

ഭിന്നതകള്‍ മൂലം നേപ്പാളില്‍ ഭരണഘടനാ രൂപീകരണം തീര്‍ത്തും അസാധ്യമാവുമെന്നാണ് പൊതുവെ വിലയിരുത്തിയിരുന്നത്. പക്ഷെ നേപ്പാളിനെ മാനുഷികമായും സാമ്പത്തികമായും പാരിസ്ഥിതികമായും തകര്‍ത്ത ഭൂകമ്പമാണ് ഇവരിലെ ഭൂരിഭാഗത്തേയും അടുപ്പിച്ചത്. ഇതിന്റെ പ്രതിഫലനമാണ് നേപ്പാള്‍ പാര്‍ലമെന്റ് പാസാക്കിയ ഭരണഘടന.

ഭരണഘടന നിലവില്‍ വന്നതോടെ ഇനിയെല്ലാം സുഗമവും സുരക്ഷിതവുമെന്ന പ്രതീതി രാജ്യത്തുണ്ടായി. ഹിമാലയന്‍ മേഖലയിലേയും മധ്യനേപ്പാളിലേയും ജനങ്ങള്‍ മധുര പലഹാരങ്ങള്‍ വിതരണം ചെയ്ത് ആഘോഷിച്ചു. ഒരു വശത്ത് ആഹ്ലാദാരവങ്ങള്‍ മുഴങ്ങിയപ്പോള്‍ ഇന്ത്യന്‍ അതിര്‍ത്തിയോട് ചേര്‍ന്നുളള തെരായ് മേഖലയില്‍ കലാപങ്ങള്‍ക്ക് കോപ്പ് കൂട്ടുകയായിരുന്നു. സാംസ്‌കാരികമായും ചരിത്രപരമായും ഇന്ത്യയോട് ഒട്ടിനില്കുന്ന ഇവിടുത്തുകാര്‍ മദേശികല്‍െന്നപേരിലാണ് അറിയപ്പെടുന്നത്.

nepal-1

പുതിയ ഭരണഘടനയനുസരിച്ച് ഇവിടുത്തുകാര്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം പാര്‍ലമെന്റില്‍ ലഭിച്ചില്ലെന്ന പരാതി ഉയര്‍ന്നു. പരാതി ഞൊടിയിടയില്‍ പ്രക്ഷോഭവും പ്രക്ഷോഭം കലാപവുമായി രൂപാന്തരപ്പെട്ടു. കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ ഔദ്യോഗികകണക്ക് 40. അനൗദ്യോഗിക കണക്ക് ഇതിലുമേറെ.

ഉപ്പുതൊട്ട് കര്‍പ്പൂരം വരെ എല്ലാറ്റിനും ഇന്ത്യയെ ആശ്രയിക്കുന്ന രാജ്യമാണ് നേപ്പാള്‍. ഇന്ത്യന്‍ അതിര്‍ത്തിയിലൂടെയുളള ചരക്ക് നീക്കം മദേശികള്‍ തടഞ്ഞു. മദേശികള്‍ താമസിക്കുന്ന ജില്ലകള്‍ക്കപ്പുറത്തേയ്ക്ക് ഒന്നും എത്താതായി. മലയോര മേഖലകള്‍ ഒറ്റപ്പെട്ടു. ഹോട്ടലുകളും പലവൃഞ്ജനക്കടകളും സ്‌ക്കൂളുകളും എല്ലാം പൂട്ടി. എണ്ണ ലഭിക്കാതായപ്പോള്‍ വാഹന സര്‍വീസുകള്‍ നിലച്ചു. രക്ഷിക്കണേ… എന്ന അപേക്ഷയുമായി പ്രധാനമന്ത്രി ശര്‍മ്മ ഓലി മുതല്‍ ബിജെപിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന രാഷ്ട്രീയ പ്രജാതന്ത്ര പാര്‍ട്ടി നേതാവ് കമാല്‍ താപ്പവരെയുളളവര്‍ ദില്ലിയിലേയ്ക്ക് പരന്നു.

  • അലയടിച്ചുയരുന്ന ഇന്ത്യാവിരുദ്ധത

2013 മെയ് മാസത്തില്‍ ഇതിന് മുമ്പ് നേപ്പാളില്‍ വന്നിട്ടുണ്ട്. മാവോയിസ്റ്റ് നേതാവ് ബാബുലാല്‍ ഭട്ടാരി നേപ്പാല്‍ ഭരിക്കുന്ന കാലം. പുതിയ ഭരണ ഘടനയില്‍ ചേര്‍ക്കേണ്ട വകുപ്പുകളെ ചൊല്ലി രൂക്ഷമായ തര്‍ക്കം നിലനില്ക്കുന്ന സമയം. പക്ഷെ അന്നത്തെ നേപ്പാള്‍ കൂടുതല്‍ ചടുലവും സചേതനവുമായിരുന്നു. ലളിത്പൂരില്‍ നിന്ന് പ്രശസ്തമായ തമിള്‍ മാര്‍ക്കറ്റിലേയ്ക്ക് അധികം താമസിക്കാതെ ഓട്ടോറിക്ഷകള്‍ ലഭിച്ചിരുന്നു. ബസ്സുകള്‍ സര്‍വീസ് നടത്തിയിരുന്നു. ഹോട്ടലുകളില്‍ ഇന്നത്തേതിന്റെ പകുതിവിലയ്ക്ക് ഭക്ഷണം ലഭിച്ചിരുന്നു. പുരാതന നഗരമായ ധര്‍ബാറിലും നേപ്പാള്‍ചൈന അതിര്‍ത്തി നഗരമായ മുസ്താംഗിലും കണ്ടത് പ്രതീക്ഷാനിര്‍ഭരമായ പുഞ്ചിരിയോടെ അതിഥികളെ സ്വീകരിക്കുന്ന നേപ്പാളി യുവത്വത്തെയായിരുന്നു.

ഇന്ന് തെരുവുകളിലെവിടെ നോക്കിയാലും കാണുന്നത് നിരാശപുരണ്ട മുഖങ്ങളെയാണ്. മാസങ്ങള്‍ നീണ്ട ഉപരോധവും മദേശി മേഖലയിലെ കലാപങ്ങളും ഇവരെ തകര്‍ത്തിരിക്കുന്നു. ഇന്ത്യയിലേയ്ക്ക് ഫോണ്‍ ചെയ്യാന്‍ ഒരു സിംകാര്‍ഡ് വേണം. 2013ല്‍ തെല്ലും അലയേണ്ടിവന്നിരുന്നില്ല. താമസിച്ചിരുന്ന ഹിമാലയ ഹോട്ടലിന്റെ തൊട്ട് മുന്നിലുളള കടയില്‍നിന്ന് പേരോ ഊരോ പറയാതെ വളരെ എളുപ്പത്തില്‍ സിം ലഭിച്ചു.ദു:ഖകരമെന്ന് പറയട്ടെ ഇത്തവണ സിം കാര്‍ഡിനായി ഒരുനേരം മുഴുവന്‍ അലഞ്ഞുതിരിഞ്ഞു. ഇന്ത്യക്കാര്‍ക്ക് പഴയതുപോലെ ഇപ്പോള്‍ കാര്‍ഡുകള്‍ ലഭിക്കില്ല. മറ്റ് വിദേശരാജ്യക്കാര്‍ക്ക് നല്കുന്ന അതേപരിഗണന മാത്രം ഇന്ത്യക്കാര്‍ക്കും നല്കിയാല്‍ മതിയെന്ന് നേപ്പാള്‍ ടെല്‍ക്കോ മന്ത്രാലയം ഉത്തരവിറക്കിയിരിക്കുന്നു.

പാസ്‌പ്പോര്‍ട്ടിന്റെ അവസാന പേജിന്റെ പകര്‍പ്പും പാസ്‌പ്പോര്‍ട്ട് സൈസ് ഫോട്ടോയും ഉണ്ടെങ്കില്‍ മാത്രമേ സിംകാര്‍ഡ് കിട്ടു. ഇതിന് പുറമെ ഏറെ സമയമെടുത്ത് ഒരു നീണ്ട അപേക്ഷാ ഫോം പൂരിപ്പിക്കണം. ക്ഷമകെട്ട ഈ ലേഖകന് ക്ഷോഭം വന്നപ്പോള്‍ ഒപ്പമുണ്ടായിരുന്ന അസ്തറായ് കുത്തുവാക്കുകളോടെ ആശ്വസിപ്പിച്ചു. ‘സുഹൃത്തേ ഇതെല്ലാം നിങ്ങള്‍ ഇന്ത്യക്കാരുടെ സൃഷ്ടിയാണ്. നിങ്ങള്‍ ഇന്ത്യക്കാര്‍ ഉപരോധം അടിച്ചേല്പിച്ച് ഞങ്ങളുടെ അന്നം മുട്ടിച്ചു. തിരിച്ച് ഞങ്ങള്‍ ഇത്രയെങ്കിലുമെല്ലാം ചെയ്യേണ്ടേ?’

nepal-3

അസ്തറായ് നേപ്പാളിലെ അറിയപ്പെടുന്ന പത്ര പ്രവര്‍ത്തകനാണ്. ഏറ്റവും സര്‍ക്കുലേഷനുളള ഇംഗ്ലീഷ് വാരികയായ നേപ്പാളി ടൈംസിന്റെ ലേഖകന്‍. പ്രമുഖ മാധ്യമ പ്രവര്‍ത്തകനായ ശശികുമാരിന്റെ ശിഷ്യന്‍. പഠിച്ചത് ചെന്നൈയിലെ ഏഷ്യന്‍ സ്‌ക്കൂള്‍ ഓഫ് ജേര്‍ണലിസത്തില്‍.
രാജഭരണത്തിന്റെ അവസാന കാലത്ത് തെരുവുകളില്‍ ചോര ചിതറിയപ്പോള്‍ മാവോയിസമാണ് നേപ്പാളിന്റെ രക്ഷയെന്ന് വീറോടെ വാദിച്ചവന്‍. ഇന്ന് പൊലിമ നഷ്ടപ്പെട്ട പ്രചണ്ധയുടെ ആരാധകന്‍. തികഞ്ഞ പുരോഗമനവാദി. മതേതരത്വത്തിന്റെ ഇന്ത്യന്‍, നേപ്പാള്‍ അവസ്ഥകള്‍ വിശദീകരിച്ചുകൊണ്ടാണ് ഇന്ന് നേപ്പാള്‍ നേരിടുന്ന പ്രശ്‌നങ്ങളെ അസ്ത വിലയിരുത്തുന്നത്.

‘ഞങ്ങളുടേത് ഏറെ കാലം ഹിന്ദു രാഷ്ട്രമായിരുന്നു. മതേതര രാഷ്ട്ര സങ്കല്പത്തെക്കുറിച്ച് ഞങ്ങള്‍ കേട്ടറിയുന്നത് ഇന്ത്യയിലൂടെയാണ്. എന്നാല്‍ ഇന്ന് നേപ്പാള്‍ ഒരു മതേതര രാജ്യമാണ്. നിങ്ങളുടെ ഇന്ത്യ ഹിന്ദുരാജ്യവും’.

  • എന്തുകൊണ്ട് ഹിന്ദുരാഷ്ട്രമായില്ല

നേപ്പാളി കൈത്തറി വസ്ത്രങ്ങള്‍, ചിത്രങ്ങള്‍, പ്രസിദ്ധമായ രുദ്രാക്ഷം തുടങ്ങിയവയെല്ലാം കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന വലിയ മാര്‍ക്കറ്റാണ് കാഠ്മണ്ഡുവിലെ തമിള്‍. നന്നായി വിലപേശിയാല്‍ നല്ല ലാഭത്തിന് എല്ലാം വാങ്ങിക്കാം. ഇതായിരുന്നു രണ്ട് വര്‍ഷം മുന്നത്തെ അവസ്ഥ. എന്നാല്‍ ഇപ്പോള്‍ സ്ഥിതി ആകെ മാറിയിരിക്കുന്നു. തമിലിലേയ്ക്ക് അടുക്കാന്‍ വയ്യ. പല വസ്തക്കള്‍ക്കും രണ്ടിരട്ടിയും മൂന്നിരട്ടിയുമെല്ലാമാണ് വില. ഉപരോധത്തിന്റെ സാമ്പത്തിക ശാസ്ത്രം തമിളിനെ പിടിച്ചുലച്ചിരിക്കുന്നു. അഞ്ച് രൂപയ്ക്ക് ഇന്ത്യയില്‍ ലഭിക്കുന്ന ചെറിയ ചീര്‍പ്പിന് വില ഇരുപത്തിയഞ്ച് നേപ്പാളി രൂപ. അഥവാ പതിനാറര ഇന്ത്യന്‍ രൂപ.

അടുക്കാന്‍ വയ്യാത്ത ഈ വിലക്കയറ്റത്തെക്കുറിച്ച് ചോദിച്ചപ്പോല്‍ ചീര്‍പ്പ് വില്പനക്കാരന്റെ മറുപടി ഇങ്ങനെ: ‘തമിള്‍ പരമ്പരാഗത നേപ്പാളി മാര്‍ക്കറ്റാണെന്നെല്ലാം പറയുമെങ്കിലും ഇവിടെ കിട്ടുന്ന സാധങ്ങളിലെ പകുതിയിലധികവും ഇന്ത്യയില്‍ നിന്ന് കൊണ്ടുവരുന്നവയാണ്. ഉപരോധം വന്നതോടെ ഇന്ത്യയില്‍ നിന്നുളള ചരക്ക് നീക്കം നിലച്ചു. കുറെ ദിവസം തമിള്‍ നിശ്ചലമായിരുന്നു. സജീവമായപ്പോഴാകട്ടെ തീവില. ഒരിക്കല്‍ ഉയര്‍ന്ന വില കുറയാന്‍ വലിയ പാടാണ്. അങ്ങനെ സംഭവിക്കണമെങ്കില്‍ തന്നെ ഇനിയും മാസങ്ങള്‍ എടുക്കും.’

തലസ്ഥാനമായ കാഠ്മണ്ഡുവിന്റെ അവസ്ഥ ഇതെങ്കില്‍ മലയോരജില്ലകളായ മസ്താംഗ്, ഹുംല എന്നിവിടങ്ങളിലെ അവസ്ഥ പറയേണ്ടതില്ലല്ലോ. ഇവിടങ്ങളിലെ വൈദ്യുതി എത്തിച്ചേരാത്ത ഗ്രാമങ്ങളില്‍ രാത്രികളില്‍ ഇന്നും ആശ്രയം മണ്ണെണ്ണ വിളക്കാണ്. മണ്ണെണ്ണയെത്തുന്നത് നിലച്ചതോടെ മാസങ്ങളോളം പല ഗ്രാമങ്ങളും ഇരുട്ടിലായി.

മാസങ്ങളോളം നീണ്ട ഉപരോധം നേപ്പാളിന്റെ സാമ്പത്തിക അടിത്തറ തകര്‍ത്തു. ഫെഡറേഷന്‍ ഓഫ് നേപ്പാളി ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്റെ് ഇന്‍ഡസ്ട്രീസിന്റെ വിലയിരുത്തല്‍ പ്രകാരം സാമ്പത്തികാഘാതത്തില്‍ നി്ന്ന് നേപ്പാളിന് കരകയറണമെങ്കില്‍ രണ്ട് വര്‍ഷമെങ്കിലുമെങ്കിലുമെടുക്കും.

അസ്ത റായിയോടൊപ്പം തമിളിലെ ഒരു ഹോട്ടലിലെത്തിയപ്പോള്‍ അവിടെയും തര്‍ക്കം ഉപരോധത്തോക്കുറിച്ചു തന്നെ. ദില്ലിയില്‍ നിന്നെത്തിയ ഒരു സംഘം ഉത്തരേന്ത്യന്‍ യാത്രക്കാരും തദ്ദേശീയരായ നേപ്പാളികളും തമ്മിലാണ് തര്‍ക്കം. ഭരണഘടന പാസാക്കിയപ്പോള്‍ നേപ്പാള്‍ ഹിന്ദുരാഷ്ട്രമാവാത്തതില്‍ ക്ഷുഭിതനായ നരേന്ദ്രമോദി അടിച്ചേല്പിച്ചതാണ് ഉപരോധമെന്ന് നേപ്പാളികള്‍ പരിതപിക്കുന്നു. അങ്ങനെയെങ്കില്‍ നേപ്പാളിന് എന്തുകൊണ്ട് ഹിന്ദുരാഷ്ട്രമായിക്കൂടാ എന്നായി ദില്ലിസംഘം. ഹോട്ടലില്‍ കണക്കെഴുതുന്ന നേപ്പാളി ചെരുപ്പക്കാരനാണ് ചോദ്യത്തിന് മറുപടി നല്കിയത്.

‘അറുപത് വര്‍ഷത്തോളം ഞങ്ങളുടേത് ഹിന്ദുരാഷ്ട്രമായിരുന്നു. അക്കാലത്ത് പാവ സര്‍ക്കാറിനെ മുന്നില്‍ നിര്‍ത്തി നേപ്പാലിന്റെ സ്വത്ത് മുഴുവന്‍ വിഴുങ്ങിക്കൊണ്ടിരുന്നത് ഗോര്‍ഖ രാജവംശമായിരുന്നു. നിങ്ങള്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ യുദ്ധം ചെയ്തതുപോലെ ഞങ്ങള്‍ രാജവംശത്തിനെതിരെ എതിരെ യുദ്ധം ചെയ്താണ് സ്വാതന്ത്ര്യം നേടിയത്. ഹിന്ദുരാഷ്ട്രമായാല്‍ നേപ്പാളില്‍ വീണ്ടും ഭരണം നടത്തുക രാജാവ് തന്നെയായിരിക്കും’

നേപ്പാള്‍ ജനസംഖ്യയിലെ 81 % ഹിന്ദുക്കളാണ്. ഇവരിലെ ബഹുഭൂരിഭാഗവും ഹിന്ദുരാഷ്ട്ര സങ്കല്പത്തിന് എതിരാണ്. 2007 വരെ നേപ്പാള്‍ ഹിന്ദുരാഷ്ട്രമായിരുന്നു. അതിര്‍ത്തിക്ക് അപ്പുറത്ത് അയല്‍ രാജ്യമായ ഇന്ത്യ മതേതരരാജ്യമാണ്. മറ്റൊരു അയല്‍ രാജ്യമായ ചൈനയാവട്ടെ കമ്യൂണിസ്റ്റ് രാജ്യവും. എന്നാല്‍ ഒട്ടുമിക്ക മേഖലയിലും അയല്‍ രാജ്യങ്ങളേക്കാള്‍ നേപ്പാള്‍ ബഹുദൂരം പിന്നാക്കമാണ്.

പ്രകൃതി വിഭവങ്ങള്‍ ഏറെയുണ്ടെങ്കിലും ഇവയൊന്നും നേപ്പാളിലെ വികസിത പാതയിലേയ്ക്ക് കൈപിടിച്ചുയര്‍ത്താവുന്നരീതിയില്‍ വിനിയോഗിക്കാനായില്ല. വിശപ്പ് മാറ്റാന്‍ മതത്തിന് സാധിക്കില്ലെന്ന് രാജാവിന് പരമാധികാരമുളള നിയന്ത്രിത ജനാധിപത്യകാലത്തുതന്നെ നേപ്പാളികള്‍ തിരിച്ചറിഞ്ഞിരുന്നു.

  • നരേന്ദ്രമോദിയുടെ ലക്ഷ്യങ്ങള്‍

പ്രധാന മന്ത്രിയായതിന് ശേഷം നരേന്ദ്രമോദിയുടെ ആദ്യം സന്ദര്‍ശിച്ച രാജ്യം ഭൂട്ടാനായിരുുന്നു. തൊട്ടുപിന്നാലെ അദ്ദേഹം നേപ്പാളിലെത്തി. ഇന്ത്യയെ ആശ്രയിച്ച് നിലനില്ക്കുന്ന രാജ്യമായതുകൊണ്ടുതന്നെ പുതിയ പ്രധാനമന്ത്രിക്ക് വീരോചിത സ്വീകരണമാണ് നേപ്പാള്‍ നല്കിയത്. മുന്‍ രാജാവ് ജ്ഞാനേന്ദ്ര വീര്‍ വിക്രം ഷായുമായി മോദി കൂടിക്കാഴ്ച്ച നടത്തിയില്ല. ജനാധിപത്യത്തോടുളള മോദിയുടെ പ്രതിബദ്്ധതയുടെ തെളിവായാണ് ഇതിനെ എല്ലാവരും വാ!ഴ്ത്തിയത്. എന്നാല്‍ രാജഭരണം തിരികെ കൊണ്ടുവരാന്‍ മോദി ഒത്താശ ചെയ്യുകയാണന്ന കിവദന്തി അണിയറയില്‍ പടര്‍ന്നു. പക്ഷെ അധികമാരും അത് മുഖവിലക്കെടുത്തില്ല.

2014 നവംമ്പറില്‍ നടന്ന നരേന്ദ്ര മോദിയുടെ നേപ്പാള്‍ സന്ദര്‍ശനം ഐതിഹാസികമെന്ന് റിപ്പോര്‍ട്ട് ചെയ്ത ലേഖകനാണ് അസ്തറോയി. എന്നാല്‍ അന്ന് തിരശ്ശീലയ്ക്ക് പിറകില്‍ നടന്ന നിര്‍ണ്ണായക നീക്കങ്ങള്‍ വളരെ വൈകിയാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് പോലും ഗ്രഹിക്കാനായത്.

veerasoora-parakrami-modi

‘നരേന്ദ്രമോദി നേപ്പാളി ജനാധിപത്യത്തേയും പുതിയ ഭരണഘടനാ നിര്‍മ്മാണത്തേയുമെല്ലാം പാടിപുകഴ്ത്തി. എന്നാല്‍ നേപ്പാളിനെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കാനുളള അണിയറ നീക്കങ്ങളാണ് മോദി അന്ന് കാഠ്മണ്ഡുവില്‍ നടത്തിയത്. നേപ്പാളിനെ ഹിന്ദുരാഷ്ട്രമായി ഭരണഘടനയില്‍ വ്യവസ്ഥചെയ്യണെമെന്ന് അദ്ദേഹം അവശ്യപ്പെട്ടു. അതോടെ ഒട്ടുമിക്ക കാര്യങ്ങള്‍ക്കും ഇന്ത്യയെ ആശ്രയിക്കുന്ന ഞങ്ങളുടെ നേതാക്കള്‍ ആശയക്കുഴപ്പത്തിലായി. നേപ്പാളിനെ മതേതര രാഷ്ട്രമാക്കി നിലനിര്‍ത്തുകയും വേണം. ഇന്ത്യയെ പിണക്കുകയും അരുത്. ഭൂകമ്പത്തിന് ശേഷം നിലംപരിശായ രാജ്യത്തെ രക്ഷപ്പെടുത്താമായി ചക്രശ്വാസം വലിക്കുന്ന സര്‍ക്കാാര്‍ ഇത്തരം വിലപേശലുകല്‍ക്ക് മുന്നില്‍ പകച്ചു.’
ബി.ജെ.പിയുടെ നേപ്പാള്‍ പതിപ്പെന്ന് അറിയപ്പെടുന്ന പാര്‍ട്ടിയാണ് നേപ്പാള്‍ രാഷ്ട്രീയ പ്രജാ തന്ത്ര പരിഷത്ത്. നേപ്പാളിനെ ഹിന്ദുരാഷ്ട്രമാക്കുക, പ!ഴയതുപോലെ രാജാവിന് വീറ്റോ അധികാരം നല്കുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍ നിര്‍ത്തിയാണ് പ്രജാപരിഷത്ത് പ്രവര്‍ത്തിക്കുന്നത്. അംഗബലത്തില്‍ പിറകിലെങ്കിലും അര്‍ഥ ബലത്തില്‍ ഏറെ മുന്നിലാണ്. ഇന്ത്യയില്‍ നിന്ന് ഹിന്ദുത്വസംഘടനകളും നേപ്പാളിലെ രാജകുടുംബവുമാണ് പ്രജാതന്ത്ര പരിഷത്തിന് പണം നല്കുന്നതെന്നത് പരസ്യമായ രഹസ്യം. മോദിയുടെ നേപ്പാള്‍ സന്ദര്‍ശനനത്തിന് തൊട്ടുപിന്നാലെ പരിഷത്ത് പ്രക്ഷോഭം തുടങ്ങി. നേപ്പാളിനെ ഹിന്ദുരാഷ്ട്രമാക്കിയേ തീരൂ എന്നതായിരുന്നു ആവശ്യം.

ഹിന്ദുരാഷ്ട്ര പ്രശ്‌നം എങ്ങനെ പരിഹരിക്കമെന്ന് ഭരണഘടനയുടെ കരട് തയ്യാറാക്കല്‍ സമിതി തലപുകഞ്ഞാലോചിച്ചു. അവസാനം അവരൊരു പോംവഴി കണ്ടെത്തി. ‘നേപ്പാള്‍ മതേതര രാജ്യമായിരിക്കും. പുരാതന കാലം മുതല്‍ പിന്തുടരുന്ന മതപരവും പരമ്പരാഗതവുമായ വിശ്വാസങ്ങള്‍ സംരക്ഷിക്കും’ എന്ന് ഭരണഘടനയിലെ 23-ാം അനുച്ഛേദം ചൂണ്ടികാണിക്കുന്നു.

23ാം അനുച്ഛേദത്തിന്റെ രണ്ടാംഭാഗം നരേന്ദ്രമോദിയെ തൃപ്്തിപ്പെടുത്തുമെന്നാണ് എല്ലാവരും കരുതിയത്. ‘പുരാതന കാലം മുതല്‍ പിന്തുടരുന്ന’ എന്ന വാക്യം ദ്യോതിപ്പിക്കുന്നത് ഹിന്ദുത്വ എന്നാണെന്ന് പലരും വ്യാഖ്യാനിച്ചു. എന്നാല്‍ ഈ വാചകം ആരെയും തൃപ്തിപ്പെടുത്തിയില്ല. ഭരണഘടനയ്ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് കാഠ്മണ്ഡുവില്‍ മധുര പലഹാര വിതരണം ആരംഭിച്ചതോടൊപ്പം തന്നെ ചില പ്രദേശങ്ങളില്‍ കലാപങ്ങള്‍ പൊട്ടി പുറപ്പെട്ടു. നാല് ക്രിസ്ത്യന്‍ പളളികള്‍ അഗ്‌നിക്കിരയാക്കികൊണ്ടാണ് മതേതര നേപ്പാളിനോടുളള പ്രതിഷേധം ഹിന്ദുത്വസംഘടനകള്‍ പ്രകടിപ്പിച്ചത്. ചെറുതും വലുതുമായ വര്‍ഗ്ഗീയ കലാപങ്ങളില്‍ നാലുപേര്‍കൊല്ലപ്പെട്ടു.

‘എളുപ്പത്തില്‍ പരിഹരിക്കാമായിരുന്ന മദേശി പ്രശ്‌നം സങ്കീര്‍ണ്ണമാക്കിയത് ഇന്ത്യയാണ്.ഇന്ത്യാ ഗവണ്‍മെന്റെിനെ പിണക്കി നേപ്പാളിന് നിലനില്ക്കാനാവില്ലെനിന്ന സന്ദേശം നല്കുകയായിരുന്നു ലക്ഷ്യം. പക്ഷെ ഇവിടെ വിജയിച്ചത് ഇന്ത്യയല്ല, ചൈനയാണ്’

ഇന്ത്യയോട് ചേര്‍ന്നുളള പ്രദേശങ്ങളില്‍ താമസിക്കുന്ന മദേശി, താരു സമുദായങ്ങള്‍ ഭരണഘടന അവരെ അവഗണിച്ചെന്ന് ആരോപിച്ച് പ്രക്ഷോഭം തുടങ്ങി. പ്രക്ഷോഭം കലാപമായി മാറി. ഒരുമാസം കോണ്ട് കൊല്ലപ്പെട്ടത് 40 പേര്‍. പാര്‍ലമെന്റെില്‍ ഈമേഖലയ്ക്ക് അര്‍ഹമായ പ്രാതിനിധ്യമില്ല. ഈ മേഖലയുടെ സ്വത്വബോധം തകര്‍ത്ത് 14 ജില്ലകളെ മലയോര സംസ്ഥാനത്ത് ഉള്‍പ്പെടുത്തി തുടങ്ങിയവയാണ് മദേശികളുടെ പരാതി. എന്നാല്‍ പ്രശ്‌ന പരിഹാരചര്‍ച്ചകള്‍ക്ക് പോലും സമയം നല്കാതെ മദേശികള്‍ ഇന്ത്യയില്‍ നിന്നുളള ചരക്ക് നീക്കം ഉപരോധിച്ചു.
ഈ ഉപരോധം ഇന്ത്യയുടെ ഒത്താശയോടെയായിരുന്നുനെന്ന് ബഹൂഭൂരിഭാഗം നേപ്പാളികളും വിശ്വസിക്കുന്നു.

കുടിയേറ്റങ്ങളെക്കുറിച്ച് പനോസ് സൗത്ത് ഏഷ്യയെന്ന മീഡിയ ഫൗണ്ടേഷന്‍ സംഘടിച്ച ശില്പശാലയില്‍ പങ്കെടുക്കാനായാണ് കാഠ്മണ്ഡുവില്‍ എത്തിയത്. വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന നിരവധി നേപ്പാളികളെ അവിടെ കണ്ടുമുട്ടി. മിക്കവരും കടുത്ത ഇന്ത്യാവിരുദ്ധരാണ്. ചിലരാവട്ടെ നേപ്പാള്‍ ചൈനയുമായി അടുക്കണമെന്ന് ആഗ്രഹിക്കുന്നു. ഉപരോധം നേപ്പാളിലെ ജനജീവിതം പൂര്‍ണ്ണമായും സ്തംഭിപ്പിച്ചപ്പോള്‍ രക്ഷിക്കണേ എന്ന അഭ്യര്‍ത്ഥനയുമായി പ്രധാനമന്ത്രി കെ.പി ശര്‍മ്മ ഓലള മുതല്‍ രാഷ്ട്രീയ പ്രജാതന്ത്ര പാര്‍ട്ടി നേതാവ് കമാല്‍ താപ്പ വരെയുളളവര്‍ ദില്ലിയില്‍ ഓടിയെത്തി. മദേശികളുമായുളള പ്രശ്‌നം അവരുമായി ചര്‍ച്ചചെയ്ത് നേപ്പാള്‍ തന്നെ പരിഹരിക്കണമെന്ന് നിര്‍ദ്ദേശിച്ച് മോദി നേപ്പാളിനെ കൈയ്യൊഴിഞ്ഞെന്ന് പലരും പരിതപിക്കുന്നു.

അസ്തറായ് സംഭവങ്ങള്‍ക്ക് നല്കുന്നത് മറ്റൊരുവ്യാഖ്യാനമാണ്. ‘ നിര്‍ണ്ണായക ഘട്ടത്തില്‍ ഞങ്ങളുടെ രക്ഷക്കെത്തിയത് ചൈന എണ്ണ നല്കി ഞങ്ങളെ സഹായിച്ചു.’ നേപ്പാളില്‍ പുകയുന്ന ഇന്ത്യാവിരുദ്ധത മുതലെടുക്കാന്‍ ലക്ഷ്യമിട്ടുകൊണ്ടുളളതായിരുന്നു ചൈനീസ് നീക്കം. ചൈന 12ലക്ഷം ലിറ്റര്‍ എണ്ണയാണ് നേപ്പാളിന് സൗജന്യമായി നല്കിയത്. അതോടോപ്പം എണ്ണ വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് നേപ്പാളുമായി ഒരു ദീര്‍ഘകാലകരായി ഒപ്പുവെച്ചു.

ചൈനയുടെ തന്ത്രപരമായ ഇടപെടല്‍ ഇന്ത്യയുടേയും കണ്ണ് തുറപ്പിച്ചു. മദേശികള്‍ ഉപരോധം പിന്‍വലിച്ചു. ഇന്ത്യന്‍ അതിര്‍ത്തികടന്ന് ചരക്കുവണ്ടികള്‍ നേപ്പാളില്‍ പ്രവേശിച്ചു.

ഉപരോധം പിന്‍വതിച്ചതുകൊണ്ടോ ചൈന സഹായം നല്കിയതുകൊണ്ടോ നേപ്പാളിലെ പ്രശ്‌നങ്ങള്‍ തീരുന്നില്ല. നഗര ഹൃദയത്തിലുളള ഭക്താപ്പൂരില്‍ ഒരു പെട്രാള്‍ പമ്പുണ്ട്. പമ്പിന് രണ്ട് കിലോമീറ്റര്‍ ചുറ്റളവിലെത്തിയാല്‍ നേപ്പാളിന്റെ ദുരന്തമുഖം കാണാം. പെട്രാള്‍ പമ്പില്‍ നിന്ന് എണ്ണ ലഭിക്കുന്നതിനായി രണ്ടും മൂന്നും കിലോമീറ്റര്‍ ദൂരത്തില്‍ വാഹനങ്ങളുടെ നീണ്ട നിരകാണാം. ഒരു വാഹനത്തിന് അഞ്ച് ലിറ്റര്‍ എണ്ണ വരെ ലഭിക്കും. എന്നാല്‍ ഇത് ലഭിക്കുന്നതിനായി ഒരു ദിവസം മുമ്പെങ്കിലും വാഹനം വരിയില്‍ നിര്‍ത്തണം. മണ്ണെണ്ണയുടെ സ്ഥിതിയും ഇതുതന്നെ. മണ്ണണ്ണ കടയുടെ മുന്നില്‍ മനുഷ്യരുടെയല്ല എണ്ണകുപ്പികളുടെ നിരയാണ്. കടയുടെ മുന്നില്‍ എത്തിയവരുടെ മുന്‍ഗണനാക്രമത്തില്‍ കുപ്പികള്‍ നീളമുളള നൂലില്‍ കെട്ടിയിട്ടിരിക്കുന്നു. കടയില്‍ മണ്ണെണ്ണ എത്തിയാല്‍ കുപ്പികളുടെ മുന്‍ഗണനാക്രമത്തില്‍ ഉപഭോക്താക്കള്‍ക്ക് മണ്ണെണ്ണ ലഭിക്കും.

nepal-4

തീപോലെ പടരുന്ന ഇന്ത്യാ വിരുദ്ധതയ്ക്കും ചൈനയുടെ പുതിയ നേപ്പാള്‍ സ്‌നേഹത്തിനും പരസ്പരമുളള പഴിചാരലുകള്‍ക്കും അപ്പുറത്ത് ചില യാഥാര്‍ത്ഥ്യങ്ങളുണ്ടെന്ന് വൈകിയാമെങ്കിലും നേപ്പാളികള്‍ തിരിച്ചറിഞ്ഞിരിക്കുന്നു. നേപ്പാള്‍ ഇപ്പോള്‍ കമ്യൂണിസ്റ്റുകാരനായ പ്രധാനമന്ത്രിയുടെ ഈ വാക്കുകള്‍ക്ക് പിറകെയാണ് ഇന്ന് നേപ്പാള്‍,

‘ഇന്ത്യയുടെ സഹായം കൊണ്ട് നിലനിന്നുപോവുക എന്നതായിരുന്നു ഇതുവരെയുളള നേപ്പാള്‍ നയം. ഉപരോധം നമ്മുടെ കണ്ണുകള്‍ തുറപ്പിച്ചു. സ്വയം പര്യാപ്തതയിലൂടെ മാത്രമേ നേപ്പാളിന് ഇനി നിലനില്പ്പുളളൂ. എന്ത് വിലകൊടുത്തും അത് നേടിയേ തീരൂ.’

ഉപരോധത്തിന്റെ പ്രത്യാഘാതങ്ങള്‍ ഇപ്പോഴും നേപ്പാളിനെ വേട്ടയാടുകയാണ്. സ്വയംപര്യാപ്തയിലൂടെ മാത്രമേ ശാശ്വത നിലനില്പുളളൂ എന്ന സന്ദേശം നേപ്പാളിന് മാത്രമല്ല ലോകത്തെ എല്ലാ സമൂഹങ്ങള്‍ക്കുമുളള മുന്നറിയിപ്പാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here