കയ്യേറ്റത്തിനെതിരെ കോണ്‍ഗ്രസ് നടത്തുന്ന സമരം പരിഹാസ്യമെന്ന് കെ കെ ശിവരാമന്‍; മറ്റു കയ്യേറ്റങ്ങള്‍ക്കെതിരെ ശബ്ദിക്കാത്തത് എന്തുകൊണ്ട്?

തൊടുപുഴ: കയ്യേറ്റത്തിനെതിരെ കോണ്‍ഗ്രസ് നടത്തുന്ന സമരം പരിഹാസ്യമാണെന്ന് സിപിഐ ജില്ലാ സെക്രട്ടറി കെകെ ശിവരാമന്‍. കയ്യേറ്റങ്ങള്‍ക്കെതിരെ നിയമത്തിന്റെ ബുള്‍ഡോസര്‍ ഉരുളുമെന്ന് പറഞ്ഞാണ് 2011ല്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് റവന്യൂ വകുപ്പ് മന്ത്രിയായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഭരണം തുടങ്ങിയത്. എന്നിട്ട് എവിടെയെല്ലാം നിയമത്തിന്റെ ബുള്‍ഡോസര്‍ ഉരുണ്ടുവെന്നും ഏതൊക്കെ കയ്യേറ്റങ്ങള്‍ ഒഴിപ്പിച്ചുവെന്നതും ഡിസിസി നേതൃത്വം വ്യക്തമാക്കണമെന്ന് ശിവരാമന്‍ ആവശ്യപ്പെട്ടു.

കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം കോണ്‍ഗ്രസ് ജില്ലയിലെ കയ്യേറ്റങ്ങള്‍ക്കൊപ്പമായിരുന്നു. കയ്യേറ്റ മാഫിയയുമായുള്ള ചങ്ങാത്തം ഉപേക്ഷിച്ചിട്ടാണോ കയ്യേറ്റത്തിനെതിരെ സംസാരിക്കുന്നത് എന്ന് പാര്‍ട്ടി നേതൃത്വം വ്യക്തമാക്കേണ്ടതാണ്. സിപിഎം നേതാക്കളുടെ കയ്യേറ്റം ഒഴിപ്പിക്കാന്‍ കോണ്‍ഗ്രസ് പിന്തുണ നല്‍കുമെന്ന് പറയുന്ന ഡിസിസി പ്രസിഡന്റ് കോണ്‍ഗ്രസ് നേതാക്കളുടെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ പാടില്ലെന്നാണോ അര്‍ത്ഥമാക്കുന്നത്. അതോ സിപിഎം നേതാക്കളൊക്കെ കയ്യേറ്റക്കാരാണെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമമാണോ നടത്തുന്നത്. മൂന്നാര്‍ മേഖലയില്‍ കയ്യേറ്റമേ നടന്നിട്ടില്ലായെന്നുള്ള കെപിസിസി വൈസ് പ്രസിഡന്റ് എകെ മണിയുടെ അഭിപ്രായത്തെപ്പറ്റി ഡിസിസിയുടെ നിലപാടെന്താണ് എന്ന് വ്യക്തമാക്കണമെന്നും ശിവരാമന്‍ പറഞ്ഞു.

മൂന്നാര്‍ ട്രൈബ്യൂണലിന്റെ പരിധിയില്‍ വരുന്ന വില്ലേജുകളില്‍ നിര്‍മ്മാണങ്ങള്‍ക്ക് റവന്യൂ വകുപ്പിന്റെ എന്‍ഒസി നിര്‍ബന്ധമാക്കിക്കൊണ്ട് ഹൈക്കോടതി വിധി വന്നത് 2010 സെപ്തംബറിലാണ്. കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം ഈ വിധി നടപ്പാക്കുവാന്‍ യുഡിഎഫ് എന്താണ് ചെയ്തത്. യുഡിഎഫ് ഭരിച്ചിരുന്ന കാലത്താണ് നിലിവില്‍ സ്‌റ്റോപ്പ് മെമോ കൊടുത്തിരുന്ന എല്ലാ റിസോര്‍ട്ടുകളുടേയും നിര്‍മ്മാണം ആരംഭിച്ചത്. ചിത്തിരപുരം സര്‍ക്കാര്‍ ആശുപത്രിയുടേയും ഹൈസ്‌ക്കൂളിന്റേയും സ്ഥലം കയ്യേറി 14 നിലകളുള്ള വമ്പന്‍ റിസോര്‍ട്ടിന്റെ നിര്‍മ്മാണം ആരംഭിച്ചതും ജില്ലയിലെ നേതാക്കള്‍ അറിഞ്ഞില്ലേയെന്നും അദ്ദേഹം ചോദിച്ചു.

കയ്യേറ്റം ഒഴിപ്പിക്കാനെന്ന പേരില്‍ സമരം നടത്തുന്ന കോണ്‍ഗ്രസ് ജില്ലയിലെ എല്ലാ കയ്യേറ്റങ്ങള്‍ക്കും എതിരേ ശബ്ദിക്കാത്തത് എന്തുകൊണ്ടാണ്. കോണ്‍ഗ്രസ് നേതാക്കന്മാര്‍ നടത്തിയിട്ടുള്ള കയ്യേറ്റങ്ങളെല്ലാം മറച്ചുവെച്ചുകൊണ്ട് സിപിഎമ്മിനെ കയ്യേറ്റക്കാരുടെ പാര്‍ട്ടിയായി ചിത്രീകരിക്കുവാനുള്ള കോണ്‍ഗ്രസിന്റ രാഷ്ട്രീയ നീക്കത്തെ ജനങ്ങള്‍ തിരിച്ചറിയുമെന്നും ശിവരാമന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News