ഇസ്ലാമിക് സ്റ്റേറ്റ് പതനത്തിലേക്ക്; ശക്തി ക്ഷയിപ്പിച്ചത് പോരാളികളുടെ ഒളിച്ചോട്ടവും റിക്രൂട്ട്‌മെന്റില്‍ നേരിട്ട തിരിച്ചടികളും

ദമാസ്‌ക്കസ്: കൊടും ക്രൂരതകള്‍ കൊണ്ടും സംഘബലം കൊണ്ടും ലോകത്തെ വിറപ്പിക്കുന്ന ഇസ്ലാമിക് സ്റ്റേറ്റ് പരിപൂര്‍ണ പതനത്തിലേക്കെന്ന് റിപ്പോര്‍ട്ടുകള്‍. സിറിയയിലും ഇറാഖിലും അടിത്തറയിളകിയ ഐസിസ് അഫ്ഗാനിസ്ഥാനില്‍ വേരുറപ്പിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടത്തുന്നത്. എന്നാല്‍ അഫ്ഗാനിസ്ഥാനിലും അമേരിക്ക ഐസിസിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിച്ചതേടെ ഐസിസ് തകരുമെന്നാണ് പ്രതീക്ഷ.

യുദ്ധവും, പോരാളികളുടെ ഒളിച്ചോട്ടവും, റിക്രൂട്ട്‌മെന്റില്‍ നേരിട്ട തിരിച്ചടികളുമാണ് ഐഎസിന്റെ ശക്തിയെ ക്ഷയിപ്പിച്ചത്. ഇറാഖിലേക്കും സിറിയയിലേക്കുള്ള വിദേശികള്‍ക്ക് എത്തിപ്പെടാനുളള ബുദ്ധുമുട്ടുകള്‍ റിക്രൂട്ട്‌മെന്റിനെ സാരമായി ബാധിക്കുകയായിരുന്നു. ഇതോടെയാണ് അല്‍ഖ്വയ്ദയുടെ പ്രവര്‍ത്തന മേഖലയായിരുന്ന അഫ്ഗാനിസ്ഥാന്‍ മലനിരകളില്‍ ഐസിസ് താവളം ഉറപ്പിച്ചത്. അംഗബലം കൂടുന്നതിനായി പാകിസ്താനി, അഫ്ഗാന്‍ താലിബാന്‍, ഉസ്‌ബെക്ക് അംഗങ്ങളെ സ്വാധീനിക്കുകയായിരുന്നു ഐസിസ് ലക്ഷ്യം.

ഐസിസിന്റെ പ്രധാനശക്തി കേന്ദ്രമായിരുന്ന ഇറാഖിലെ മൊസൂള്‍ നഗരം സൈന്യം തിരിച്ചുപിടിച്ചതാണ് ഐസിസ് നേരിട്ട കനത്ത തിരിച്ചടി. സിറിയയിലും ശക്തി ക്ഷയിച്ചതോടെ ഇറാഖിലെ തോല്‍വി അംഗീകരിച്ച് ഐസിസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി വിടവാങ്ങല്‍ പ്രസംഗം നടത്തിയിരുന്നു. പോരാളികള്‍ സ്വന്തം രാജ്യത്തേക്ക് തിരികെ പോകാനും അല്ലെങ്കില്‍ സ്വയം ജീവനൊടുക്കാനുമായിരുന്നു ബാഗ്ദാദിയുടെ സന്ദേശം.

2010 മെയ് 16ന് അബൂബക്കര്‍ അല്‍ ബഗ്ദാദി െഎസിസ് നേതാവായി പ്രഖ്യാപിക്കപ്പെട്ടതോടെയാണ് കൊടും ക്രൂരതകള്‍ക്ക് ലോകം സാക്ഷ്യം വഹിച്ചത്. 2011 മാര്‍ച്ചില്‍ സിറിയന്‍ ആഭ്യന്തരയുദ്ധം ആരംഭിച്ചതോടെ ബാഗ്ദാദി ഒരു സംഘത്തെ സിറിയയില്‍ യുദ്ധത്തിനായി അയച്ചു. ഇതിനിടെ ഇറാഖില്‍ നിന്ന് അമേരിക്കന്‍ സൈന്യം പിന്‍മാറിയതോടെയാണ്‌ െഎസിസ് കൂടുതല്‍ ശക്തരായത്.

എന്നാല്‍ വിവിധയിടങ്ങളിലായി ചിതറിപ്പോയ ഐസിസ് പോരാളികള്‍ക്ക് പഴയശൗര്യം വീണ്ടെടുക്കാന്‍ കഴിയില്ലെന്നാണ് റിപ്പോര്‍ട്ടുകളെങ്കിലും ഈ പിന്‍മാറ്റം മറ്റേതെങ്കിലും യുദ്ധ തന്ത്രങ്ങളുടെ ഭാഗമാണോ എന്നും വ്യക്തമല്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News