വീണ്ടും ഉത്തരകൊറിയയുടെ മിസൈല്‍ പരീക്ഷണം; പരീക്ഷണം പരാജയമായിരുന്നെന്ന് ദക്ഷിണ കൊറിയ; പ്രകോപനം തുടര്‍ന്നാല്‍ തിരിച്ചടിക്കുമെന്ന് യുഎസിന് വീണ്ടും മുന്നറിയിപ്പ്

സോള്‍: ഉത്തരകൊറിയ വീണ്ടും മിസൈല്‍ പരീക്ഷണം നടത്തിയതായി റിപ്പോര്‍ട്ടുകള്‍. ഉത്തരകൊറിയയിലെ തീരനഗരമായ സിന്‍പോയിലായിരുന്നു പരീക്ഷണമെന്ന് ദക്ഷിണ കൊറിയന്‍ പ്രതിരോധമന്ത്രാലയം ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഏത് തരത്തിലുളള മിസൈലാണ് പരീക്ഷണത്തിന് ഉപയോഗിച്ചതെന്ന് വ്യക്തമല്ല. എന്നാല്‍ പരീക്ഷണം പരാജയമായിരുന്നെന്ന് ദക്ഷിണ കൊറിയന്‍ സൈന്യം അവകാശപ്പെട്ടു.

കഴിഞ്ഞ ദിവസം നടത്തിയ ആയുധ പ്രകടനത്തിന് തൊട്ടുപിന്നാലെയാണ് ശക്തി തെളിയിക്കാനുള്ള മിസൈല്‍ പരീക്ഷണം.

ഇതിനിടെ, അമേരിക്ക പ്രകോപനം തുടര്‍ന്നാല്‍ ആണവായുധം ഉപയോഗിച്ച് തിരിച്ചടിക്കാന്‍ നിര്‍ബന്ധിതമാകുമെന്ന് ഉത്തരകൊറിയ വീണ്ടും മുന്നറിയിപ്പ് നല്‍കി. ഏതെങ്കിലും തരത്തിലുള്ള ആണവാക്രമണം തങ്ങള്‍ക്കുനേരെ ഉണ്ടായാല്‍ തങ്ങളുടേതായ രീതിയില്‍ ആണവാക്രമണത്തിന് തയ്യാറാണെന്നും ഉത്തരകൊറിയയിലെ ഉന്നത ഉദ്യോഗസ്ഥനായ ചോ റ്യോങ് ഹേ വ്യക്തമാക്കി.

മേഖലയിലേക്ക് പടക്കപ്പലുകളുടെ വ്യൂഹത്തെ അയച്ച അമേരിക്കയുടെ നടപടിയാണ് ഉത്തരകൊറിയയുടെ പെട്ടെന്നുള്ള പ്രതികരണത്തിന് കാരണം. പ്രഥമ പ്രസിഡന്റ് കിം ഇല്‍ സുങ്ങിന്റെ 105ാം ജന്മവാര്‍ഷികദിനാഘോഷത്തിനിടെയാണ് അവര്‍ നിലപാട് വ്യക്തമാക്കിയത്. ഭൂഖണ്ഡാന്തര പ്രഹരശേഷിയുള്ളതും അന്തര്‍വാഹിനിയില്‍നിന്ന് തൊടുക്കാവുന്നതുമായ ബാലിസ്റ്റിക് മിസൈലുകള്‍ ഉള്‍പ്പെടെയുള്ള ആയുധശേഖരവും കഴിഞ്ഞദിവസത്തെ പരേഡില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

അതേസമയം, അമേരിക്കന്‍ ചേരിയും ഉത്തരകൊറിയയും തമ്മിലുള്ള സംഘര്‍ഷം യുദ്ധത്തില്‍ കലാശിച്ചേക്കുമെന്ന് ചൈനയും ആശങ്ക പ്രകടിപ്പിച്ചു. യുദ്ധത്തില്‍ ആരും വിജയിക്കില്ലെന്നും ചൈനീസ് വിദേശമന്ത്രി വാങ് യി മുന്നറിയിപ്പ് നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News