വോട്ടിംഗ് യന്ത്രത്തില്‍ തിരിമറി നടത്തുമെന്ന് ബിജെപി പ്രഖ്യാപനം; തെരഞ്ഞെടുപ്പ് കമീഷന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് യെച്ചൂരി

ദില്ലി: വോട്ടിംഗ് യന്ത്രത്തില്‍ തിരിമറി നടത്തുമെന്ന് ബിജെപി ത്രിപുര സംസ്ഥാന അധ്യക്ഷന്‍ ബിപ്ലബ് ദേബ് പൊതുയോഗത്തില്‍ പ്രഖ്യാപിച്ച സംഭവത്തില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.

വോട്ടിംഗ് യന്ത്രങ്ങളുടെ വിശ്വാസ്യത സംബന്ധിച്ച് രാജ്യമെമ്പാടും സംശയവും ആശങ്കയും ഉയര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ തന്നെയാണ് ബിജെപി നേതാവിന്റെ വെല്ലുവിളി. രാജ്യത്ത് സ്വതന്ത്രവും നീതിപൂര്‍വവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കാന്‍ തെരഞ്ഞെടുപ്പ് കമീഷന് ഭരണഘടനാപരമായ ബാധ്യതയുണ്ടെന്നും യെച്ചൂരി പറഞ്ഞു.

നിയമവിരുദ്ധ പ്രസ്താവന നടത്തിയ വ്യക്തിക്കെതിരെ കേസെടുക്കണം. ത്രിപുരയില്‍ നീതിപൂര്‍വമായി തെരഞ്ഞെടുപ്പ് നടത്തുമെന്ന് ജനങ്ങള്‍ക്ക് ഉറപ്പുനല്‍കുകയും ചെയ്യണം. വോട്ട് ആര്‍ക്കാണ് രേഖപ്പെടുത്തിയതെന്ന് സ്ഥിരീകരിക്കുന്ന രസീത് വോട്ടര്‍ക്ക് ലഭ്യമാക്കുന്ന വിവിപാറ്റ് സംവിധാനമുള്ള വോട്ടിംഗ് യന്ത്രങ്ങള്‍ ത്രിപുരയില്‍ ഉപയോഗിക്കണം. തെരഞ്ഞെടുപ്പ് പ്രക്രിയയിലുള്ള വിശ്വാസം ത്രിപുരയിലെ വോട്ടര്‍മാരില്‍ വീണ്ടെടുക്കാന്‍ ഇത്രയെങ്കിലും ചെയ്യണമെന്ന് സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു.

ഉത്തര്‍പ്രദേശിലെയും മണിപ്പൂരിലെയും സ്ഥിതി ത്രിപുരയില്‍ ആവര്‍ത്തിക്കുമെന്നും മണിക് സര്‍ക്കാര്‍ വോട്ട് ചെയ്താലും താമരയ്ക്കാണ് കിട്ടുകയെന്നുമാണ് ബിജെപി നേതാവ് പറഞ്ഞത്. ധൈര്യമുണ്ടെങ്കില്‍ മണിക് സര്‍ക്കാര്‍ തനിക്കെതിരെ കേസ് എടുക്കട്ടെയെന്നും ബിപ്ലബ് ദേബ് വെല്ലുവിളിച്ചിരുന്നു. ഇതിന്റെ വീഡിയോദൃശ്യം സഹിതം ത്രിപുര ഇടതുമുന്നണി തെരഞ്ഞെടുപ്പ് കമീഷന് പരാതി നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News