വിവാഹ മോചിതയായ വീട്ടമ്മയെ സൗഹൃദം സ്ഥാപിച്ച് പീഡിപ്പിച്ചു; പേരാമ്പ്ര സ്വദേശി അറസ്റ്റില്‍

മലപ്പുറം: വിവാഹ മോചിതയായ വീട്ടമ്മയെ സൗഹൃദം സ്ഥാപിച്ച് പീഡിപ്പിച്ച് സ്വത്ത് തട്ടിയെടുത്ത യുവാവ് പിടിയില്‍. കോഴിക്കോട് പേരാമ്പ്ര സ്വദേശി പാരലേരി ടൗണ്‍ പൂളക്കണ്ടി അന്‍വര്‍ ഇബ്രാഹീം(40)നെയാണ് തിരൂര്‍ സിഐ അറസ്റ്റ് ചെയ്തത്. കാടാമ്പുഴ മരവട്ടം സ്വദേശിനിയായ വീട്ടമ്മ നല്‍കിയ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്.

പൊലീസ് ഓഫീസറാണെന്ന വ്യജേന വിവാഹ അഭ്യര്‍ത്ഥനയുമായാണ് വീട്ടമ്മയെ അന്‍വര്‍ സമീപിച്ചത്. പൊലീസ് യൂണിഫോം ധരിച്ചാണ് ഇയാള്‍ യുവതിയുടെ വീട്ടില്‍ എത്തിയിരുന്നത്. ഒരു വര്‍ഷം നീണ്ട ബന്ധത്തില്‍, യുവതിയെ വിവാഹവാഗ്ദാനം നല്‍കി പ്രതി നിരവധി തവണ പീഡിപ്പിക്കുകയും സ്വത്ത് തട്ടിയെടുത്ത് മുങ്ങുകയുമായിരുന്നു.

താന്‍ കബളിപ്പിക്കപ്പെട്ടെന്ന് മനസിലായതോടെ വീട്ടമ്മ കോട്ടക്കല്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. യുവതിയില്‍ നിന്ന് ഇയാള്‍ തട്ടിയെടുത്ത കാറും പൊലീസ് കസ്റ്റഡിയിലെടുത്തു.

കോഴിക്കോട് സ്വദേശിനിയായ മറ്റൊരു യുവതിയെയും ഇയാളുടെ കബളിപ്പിച്ചതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പ്രവാസിയായിരുന്ന പ്രതിക്കെതിരെ മറ്റു കേസുകളുണ്ടോയെന്ന് പരിശോധിച്ചു വരികയാണെന്ന് സിഐ പറഞ്ഞു. തിരൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News