കേരളത്തിലെ മാലാഖമാര്‍ നിരാശയില്‍; കേന്ദ്രം പ്രഖ്യാപിച്ച 20,000 കിട്ടാക്കനി; തൊഴില്‍ രഹിതരായി ആയിരങ്ങള്‍

സര്‍ക്കാര്‍ ആശുപത്രികളിലെ നഴ്‌സുമാരുടെ ശമ്പളത്തിന് ആനുപാതികമായി സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ ശമ്പളവും വര്‍ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനമായിട്ട് മാസങ്ങള്‍ കഴിഞ്ഞു. ഇതിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന ആരോഗ്യ സെക്രട്ടറിമാര്‍ക്ക് കേന്ദ്രം നിര്‍ദേശം നല്‍കിയതാണ്. എന്നാല്‍ തുടര്‍ നടപടികളില്ലാതെ ചുവപ്പുനാടയില്‍ കുടുങ്ങിക്കിടക്കുകയാണ് മലയാളി നഴ്‌സുമാരുടെ പ്രതീക്ഷ.

തുച്ഛമായ ശമ്പളത്തില്‍ എട്ട് മണിക്കൂറിലധികം പണിയെടുക്കുന്ന നഴ്‌സുമാര്‍ ആശ്വസത്തോടെയാണ് സര്‍ക്കാര്‍ തീരുമാനത്തെ കണ്ടത്. എന്നാല്‍ പ്രഖ്യപനമുണ്ടായ അന്ന് മുതല്‍ സ്വകാര്യ ആശുപത്രി മാഫിയകള്‍ അട്ടിമറി നീക്കങ്ങള്‍ ആരംഭിച്ചു. സ്റ്റാഫുകളെ വെട്ടിക്കുറച്ച് ഇരട്ടി ജോലിഭാരം അടിച്ചേല്‍പ്പിക്കാനാണ് നീക്കമുണ്ടായത്. എന്നാല്‍ ശമ്പള പ്രഖ്യാപനം ചുവപ്പുനാടയില്‍ കുരുങ്ങിയതോടെ സ്വകാര്യ ആശുപത്രികള്‍ മൗനം തുടരുകയാണ്.

സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ ശമ്പള വ്യവസ്ഥകളെക്കുറിച്ച് സുപ്രീം കോടതി വിദഗ്ധ സമിതി നല്‍കിയ റിപ്പോര്‍ട്ട് അനുസരിച്ചാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെടുത്തത്. 200 കിടക്കകളുള്ള ആശുപത്രികളില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ നല്‍കുന്ന ശമ്പളം തന്നെ നഴ്‌സുമാര്‍ക്ക് നല്‍കണമെന്നും ഇതനുസരിച്ച് നഴ്‌സുമാരുടെ കുറഞ്ഞ ശമ്പളം 20,000 രൂപയാക്കണമെന്നുമായിരുന്നു കേന്ദ്ര നിര്‍ദ്ദേശം. 100 കിടക്കകളുള്ള ആശുപത്രികളില്‍ സര്‍ക്കാര്‍ ആശുപത്രികളുടേതില്‍നിന്ന് 10ശതമാനത്തിലധികം കുറയാത്ത രീതിയില്‍ ശമ്പളം ഉറപ്പു വരുത്താനുമായിരുന്നു നിര്‍ദേശം.

അന്യസംസ്ഥാനങ്ങളില്‍ നഴ്‌സുമാര്‍ക്ക് മാന്യമായ വേതനം നല്‍കുന്നുണ്ടെങ്കിലും കേരളത്തിലെ സ്വകാര്യ ആശുപത്രികളില്‍ നഴ്‌സുമാര്‍ നേരിടുന്നത് അവഗണന തന്നെ. കേരളത്തില്‍ ആളിപ്പടര്‍ന്ന നഴ്‌സുമാരുടെ സമരത്തിന്റെ പശ്ചാത്തലത്തില്‍ മിനിമം ശമ്പളം 10000 ആക്കി ഉയര്‍ത്തി ഉത്തരവുണ്ടായെങ്കിലും അതും പൂര്‍ണമായി നടപ്പാക്കിയിട്ടില്ല. സ്വകാര്യ ആശുപത്രി റിക്രൂട്ടുമെന്റുകളും മന്ദഗതിയിലായതോടെ ആയിരക്കണക്കിന് നഴ്‌സുമാര്‍ തൊഴില്‍ രഹിതരായി. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ വിദേശത്തേക്കുളള റിക്രൂട്ടുമെന്റുകളും അനശ്ചിതത്വത്തിലായതോടെ കേരളത്തിലെ ലക്ഷക്കണക്കിന് നഴ്‌സുമാരുടെ പ്രതീക്ഷള്‍ തകര്‍ന്നടിയുകയാണ്.

                                                                                                                                                 -അന്വേഷണ പരമ്പര തുടരും….

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News