അനില്‍ അക്കര എംഎല്‍എയുടെ സമരം തെറ്റിദ്ധാരണ മൂലം; അടാട്ട് ബാങ്ക് ഭരണസമിതി സസ്‌പെന്‍ഡ് ചെയ്തത് അഴിമതി ആരോപണത്തെ തുടര്‍ന്ന്; എംഎല്‍എയും യുഡിഎഫും അന്വേഷണത്തോട് സഹകരിക്കണമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം : അടാട്ട് കര്‍ഷക സഹകരണ ബാങ്ക് ഭരണസമിതി സസ്‌പെന്‍ഡ് ചെയ്ത വിഷയത്തില്‍ അനില്‍ അക്കര എംഎല്‍എയുടെ നിരാഹാര സമരം തെറ്റിദ്ധാരണ മൂലമെന്ന് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ബാങ്ക് കേന്ദ്രീകരിച്ച് നടന്ന അഴിമതിയില്‍ നിരവധി പരാതികള്‍ ഉയര്‍ന്നു. ഈ സാഹചര്യത്തിലാണ് സഹകരണ ജോയിന്റ് രജിസ്ട്രാര്‍ നടപടിയെടുത്തത് എന്നും കടകംപള്ളി പറഞ്ഞു.

ബാങ്ക് ഭരണസമിതി പിരിച്ചു വിട്ടിട്ടില്ല. മാവേലിക്കര സഹകരണ ബാങ്കില്‍ നടന്നതിന് സമാനമാണ് അടാട്ട് സഹകരണ ബാങ്കില്‍ നടന്ന കോടിക്കണക്കിന് രൂപയുടെ ക്രമക്കേട്. അവിടെ പരിശോധന നടത്താന്‍ ബാങ്ക് ഭരണസമിതി അനുവദിക്കാതിരുന്നത് എന്തിനെന്ന് അനില്‍ അക്കര വ്യക്തമാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

സംഘത്തിലെ രേഖകള്‍ പലതും നശിപ്പിക്കപ്പെടുകയോ പൂഴ്ത്തിവെക്കപ്പെടുകയോ ചെയ്തു. മാവേലിക്കരയില്‍ ഉപയോഗിച്ചതിന് സമാനമായ പുതിയ സോഫ്റ്റ് വെയര്‍ സ്ഥാപിച്ചു. ഇത് സംശയത്തിന് ബലം കൂട്ടുന്നതാണ്. ഈ സാഹചര്യത്തിലാണ് നിലവില്‍ ഉണ്ടായിരുന്ന ഭരണ സമിതിയെ സസ്‌പെന്‍ഡ് ചെയ്ത് അന്വേഷണം നടത്താന്‍ ജോയിന്റ് രജിസ്ട്രാര്‍ തീരുമാനം എടുത്തത്. സര്‍ക്കാര്‍ ഇതില്‍ ഇടപെട്ടിട്ടില്ല. – കടകംപള്ളി പറഞ്ഞു.

കേരളത്തില്‍ മറ്റൊരു സഹകരണ സംഘത്തിലും ഇതുപോലൊരു നടപടി ഉണ്ടായിട്ടില്ല. അടാട്ട് ബാങ്കിനെ കുറിച്ചുള്ള സുപ്രധാന രേഖകള്‍ ലഭ്യമല്ല എന്ന് ബാങ്ക് ഭരണസമിതി രേഖാമൂലം അറിയിച്ചു. ഇതിനെ തുടര്‍ന്നാണ് 32-ാം വകുപ്പ് പ്രകാരം സസ്‌പെന്‍ഡ് ചെയ്ത് അന്വേഷണം ആരംഭിച്ചത്. ഇത്. സ്വാഭാവികമായ നടപടിക്രമം മാത്രമാണെന്ന് യുഡിഎഫ് നേതാക്കള്‍ മനസിലാക്കണമെന്നും മന്ത്രി പറഞ്ഞു.

മുന്‍ സഹകരണ മന്ത്രി സിഎന്‍ ബാലകൃഷ്ണന്റെ മരുമകന്‍ എംവി രാജേന്ദ്രനാണ് അടാട്ട് ബാങ്ക് പ്രസിഡന്റ് ആയിരുന്നത്. അദ്ദേഹം ചെയര്‍മാന്‍ ആയ സ്വകാര്യ സ്ഥാപനത്തിന് ഒരു ഈടുമില്ലാതെ 15 കോടി രൂപ വായ്പ നല്‍കി. നെല്ല് – അടയ്ക്ക സംഭരണത്തില്‍ ക്രമക്കേട് ഉണ്ടായതും വഴിവിട്ടു വായ്പ നല്‍കിയതും ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ അന്വേഷിക്കേണ്ടതല്ലേയെന്നും കടകംപള്ളി ചോദിച്ചു.

അടാട്ട് ബാങ്കിലെ ഓഹരി ഉടമകളുടെയും നിക്ഷേപകരുടെയും പണം നഷ്ടപ്പെടാതിരിക്കണം. അഴിമതി നടന്നിട്ടുണ്ടെങ്കില്‍ നടപടിയെടുക്കണം. ഇതിന് വേണ്ടിയാണ് അന്വേഷണം നടത്തുന്നത്. അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ സംയമനം പാലിക്കാനും അന്വേഷണവുമായി സഹകരിക്കാനും നിരാഹാര സമരം അവസാനിപ്പിക്കാനും അനില്‍ അക്കരയും യുഡിഎഫ് നേതാക്കളും തയ്യാറാകണമെന്നും സഹകരണ മന്ത്രി ഫേസ്ബുക് പോസ്റ്റില്‍ അഭ്യര്‍ത്ഥിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News