മലപ്പുറത്ത് കുഞ്ഞാലിക്കുട്ടി; വിജയം 1,71, 038 വോട്ടിന്റെ ഭൂരിപക്ഷത്തില്‍; എല്‍ഡിഎഫിന് വോട്ടു നേട്ടം; ബിജെപിക്ക് തിരിച്ചടി; നാലാമത് നോട്ട

മലപ്പുറം: മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. യുഡിഎഫ് സ്ഥാനാര്‍ഥി പി.കെ കുഞ്ഞാലിക്കുട്ടിയുടെ ലീഡ് ഒന്നര ലക്ഷം കവിഞ്ഞു. മലപ്പുറം, മഞ്ചേരി, പെരിന്തല്‍മണ്ണ, മങ്കട, വേങ്ങര, വള്ളിക്കുന്ന്, കൊണ്ടോട്ടി എന്നിവിടങ്ങളില്‍ കുഞ്ഞാലിക്കുട്ടിയാണ് ലീഡ് ചെയ്യുന്നത്. വള്ളിക്കുന്നും കൊണ്ടോട്ടിയിലും തുടക്കത്തില്‍ എല്‍ഡിഎഫ് ലീഡ് ചെയ്‌തെങ്കിലും പിന്നീട് പിന്നോട്ട് പോവുകയായിരുന്നു. നാലാം സ്ഥാനത്ത് നോട്ടയാണ്.

അതേസമയം, ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് മുന്നേറ്റം മതേതര നിലപാടിന്റെ വിജയമാണെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. യുഡിഎഫ് ഒറ്റക്കെട്ടായി നിന്നതിന്റെ ഗുണമാണ് തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചതെന്നും അദ്ദേഹം പറഞ്ഞു.

മലപ്പുറത്തെ വിജയം മതേതര ശക്തികളുടെ വിജയമാണെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു.  ലീഗിന്റെ ദേശീയ മുഖച്ഛായ മാറ്റുന്ന വിജയമാണ് കുഞ്ഞാലിക്കുട്ടിയുടേതെന്നും തങ്ങള്‍ പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ ബിജെപി വന്‍തിരിച്ചടിയാണ് നേരിട്ടത്. വെറും 6.8ശതമാനം വോട്ടുമാത്രമാണ് ബിജെപിക്ക് ഇതുവരെ നേടാനായത്. യുഡിഎഫിനും എല്‍ഡിഎഫിനും വോട്ടുകൂടുകയും ചെയ്തു. എല്‍ഡിഎഫ് 36ശതമാനം വോട്ടു നേടിയപ്പോള്‍ യുഡിഎഫ് 57ശതമാനം നേടി. എല്‍ഡിഎഫിന് 9ശതമാനം വോട്ടുകള്‍ കൂടുതല്‍ ലഭിക്കുകയും ചെയ്തു.

മലപ്പുറം ഗവ. കോളേജില്‍ രാവിലെ എട്ടിന് തുടങ്ങിയ വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്. പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണിയത്. പന്ത്രണ്ടു മണിയോടെ ഔദ്യോഗിക ഫലപ്രഖ്യാപനമുണ്ടാകും. 12നായിരുന്നു വോട്ടെടുപ്പ്. 13,12,693 വോട്ടര്‍മാരില്‍ 9,36,315 പേരാണ് വോട്ടുചെയ്തത് പോളിങ് 71.33 ശതമാനം. 2014ലെ പൊതുതെരഞ്ഞെടുപ്പില്‍ 71.21 ശതമാനമായിരുന്നു പോളിങ്.

കൊണ്ടോട്ടി, മഞ്ചേരി, മലപ്പുറം, പെരിന്തല്‍മണ്ണ, മങ്കട, വേങ്ങര, വള്ളിക്കുന്ന് എന്നീ ഏഴ് നിയമസഭാ മണ്ഡലങ്ങളടങ്ങിയതാണ് മലപ്പുറം ലോക്‌സഭാ മണ്ഡലം. ഓരോ നിയമസഭാ മണ്ഡലത്തിനും പന്ത്രണ്ട് മേശകള്‍ സജ്ജീകരിച്ചാണ് വോട്ടെണ്ണല്‍ നടക്കുന്നത്. ഇ അഹമ്മദിന്റെ നിര്യാണത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News