കുഞ്ഞാലിക്കുട്ടിയുടെ വിജയത്തിന് കാരണം തീവ്രവര്‍ഗീയ നിലപാടെന്ന് ഫൈസല്‍; ജയം മതനിരപേക്ഷ രാഷ്ട്രീയത്തെ ആശങ്കപ്പെടുത്തുന്നത്

മലപ്പുറം: മലപ്പുറം ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പികെ കുഞ്ഞാലിക്കുട്ടിയുടെ വിജയം മതനിരപേക്ഷ രാഷ്ട്രീയത്തെ ആശങ്കപ്പെടുത്തുന്നതാണെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം.ബി ഫൈസല്‍. തീവ്രവര്‍ഗീയ നിലപാട് സ്വീകരിച്ചതാണ് ലീഗിന്റെ വിജയത്തിന് കാരണമെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പില്‍, എസ്ഡിപിഐ, വെല്‍ഫെയര്‍ പാര്‍ട്ടി പോലുള്ള പാര്‍ട്ടികളുമായി ലീഗ് ധാരണയുണ്ടാക്കിയിരുന്നു. ഇതാണ് അവരുടെ വിജയത്തിന് കാരണമെന്നും ഫൈസല്‍ പറഞ്ഞു.

അതേസമയം, കുഞ്ഞാലിക്കുട്ടിയുടെ ലീഡ് ഒന്നര ലക്ഷം കവിഞ്ഞു. മലപ്പുറം, മഞ്ചേരി, പെരിന്തല്‍മണ്ണ, മങ്കട, വേങ്ങര, വള്ളിക്കുന്ന്, കൊണ്ടോട്ടി എന്നിവിടങ്ങളില്‍ കുഞ്ഞാലിക്കുട്ടിയാണ് ലീഡ് ചെയ്യുന്നത്. വള്ളിക്കുന്നും കൊണ്ടോട്ടിയിലും തുടക്കത്തില്‍ എല്‍ഡിഎഫ് ലീഡ് ചെയ്‌തെങ്കിലും പിന്നീട് പിന്നോട്ട് പോവുകയായിരുന്നു. നാലാം സ്ഥാനത്ത് നോട്ടയാണ്.

ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് മുന്നേറ്റം മതേതര നിലപാടിന്റെ വിജയമാണെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. യുഡിഎഫ് ഒറ്റക്കെട്ടായി നിന്നതിന്റെ ഗുണമാണ് തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചതെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ ബിജെപി വന്‍തിരിച്ചടിയാണ് നേരിട്ടത്. വെറും 6.8ശതമാനം വോട്ടുമാത്രമാണ് ബിജെപിക്ക് ഇതുവരെ നേടാനായത്. യുഡിഎഫിനും എല്‍ഡിഎഫിനും വോട്ടുകൂടുകയും ചെയ്തു. എല്‍ഡിഎഫ് 36ശതമാനം വോട്ടു നേടിയപ്പോള്‍ യുഡിഎഫ് 57ശതമാനം നേടി. എല്‍ഡിഎഫിന് 9ശതമാനം വോട്ടുകള്‍ കൂടുതല്‍ ലഭിക്കുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here