മലപ്പുറത്ത് കുഞ്ഞാലിക്കുട്ടി; വിജയം 1,71, 038 വോട്ടിന്റെ ഭൂരിപക്ഷത്തില്‍; എല്‍ഡിഎഫിന് വോട്ടു നേട്ടം; ബിജെപിക്ക് തിരിച്ചടി; നാലാമത് നോട്ട

മലപ്പുറം: മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി പി.കെ കുഞ്ഞാലിക്കുട്ടി വിജയിച്ചു. 1,71,038 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കുഞ്ഞാലിക്കുട്ടിയുടെ ജയം. അതേസമയം, 2014ല്‍ ഇ.അഹമ്മദിന് ലഭിച്ച 1.94 ലക്ഷത്തിന്റെ ഭൂരിപക്ഷം മറികടക്കാന്‍ കുഞ്ഞാലിക്കുട്ടിക്ക് സാധിച്ചില്ല. ഏഴ് നിയമസഭാ മണ്ഡലങ്ങളിലും കുഞ്ഞാലിക്കുട്ടിക്ക് തന്നെയാണ് ജയം. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ എംബി ഫൈസലിന് 34,4287 വോട്ടുകള്‍ ലഭിച്ചു.

ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് മുന്നേറ്റം മതേതര നിലപാടിന്റെ വിജയമാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. യുഡിഎഫ് ഒറ്റക്കെട്ടായി നിന്നതിന്റെ ഗുണമാണ് തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചതെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിം ലീഗിന്റെ ദേശീയ മുഖച്ഛായ മാറ്റുന്ന വിജയമായിരിക്കും കുഞ്ഞാലിക്കുട്ടിയുടേതെന്ന് പാണക്കാട് തങ്ങള്‍ പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ ബിജെപി വന്‍തിരിച്ചടിയാണ് നേരിട്ടത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ലഭിച്ചതിനെക്കാള്‍ 957 വോട്ടുകള്‍ മാത്രമാണ് ബിജെപി സ്ഥാനാര്‍ത്ഥിയ ശ്രീപ്രകാശിന് ഇത്തവണ ലഭിച്ചത്. വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ മലപ്പുറം, വേങ്ങര, മഞ്ചേരി എന്നിവിടങ്ങളില്‍ ബിജെപിക്ക് വോട്ടുകള്‍ കുറഞ്ഞു. 65, 662 വോട്ടുകളാണ് ബിജെപി സ്ഥാനാര്‍ത്ഥി എന്‍ ശ്രീപ്രകാശിന് നേടാനായത്. അതേസമയം, യുഡിഎഫിനും എല്‍ഡിഎഫിനും വോട്ടുകൂടുകയും ചെയ്തു. മുന്‍ തെരഞ്ഞെടുപ്പിനേക്കാള്‍ ഒരു ലക്ഷത്തോളം വോട്ട് എല്‍ഡിഎഫ് ഇത്തവണ നേടി.

12നായിരുന്നു വോട്ടെടുപ്പ്. 13,12,693 വോട്ടര്‍മാരില്‍ 9,36,315 പേരാണ് വോട്ടുചെയ്തത് പോളിങ് 71.33 ശതമാനം. 2014ലെ പൊതുതെരഞ്ഞെടുപ്പില്‍ 71.21 ശതമാനമായിരുന്നു പോളിങ്. കൊണ്ടോട്ടി, മഞ്ചേരി, മലപ്പുറം, പെരിന്തല്‍മണ്ണ, മങ്കട, വേങ്ങര, വള്ളിക്കുന്ന് എന്നീ ഏഴ് നിയമസഭാ മണ്ഡലങ്ങളടങ്ങിയതാണ് മലപ്പുറം ലോക്‌സഭാ മണ്ഡലം. ഇ അഹമ്മദിന്റെ നിര്യാണത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ്.


മണ്ഡലങ്ങളില്‍ കുഞ്ഞാലിക്കുട്ടിക്ക് ലഭിച്ച ലീഡ്
: വേങ്ങര (40,529) മഞ്ചേരി (22,843), മലപ്പുറം (33,281), വള്ളിക്കുന്ന് (20,692), പെരിന്തല്‍മണ്ണ (8527). മങ്കട (19,262), കൊണ്ടോട്ടി (25,904).

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here