സംഘപരിവാറേ….. കര്‍പാത്രിജി മഹാരാജിനെ മറന്നോ?

രാജ്യത്ത് ഏകീകൃത സിവില്‍ നിയമം നടപ്പിലാക്കുന്നതിനായുളള നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയമ കമ്മീഷനോട് ആവശ്യപ്പെട്ടിരിക്കുന്നു. അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണം, ജമ്മുകാശ്മീരിന്റെ പ്രത്യേക അവകാശം പിന്‍വലിക്കല്‍ എന്നിവയ്‌ക്കൊപ്പമുളള സംഘപരിവാറിന്റെ അനിഷേധ്യ അജണ്ടകളിലൊന്നാണ് ഏകീകൃത സിവില്‍ നിയമം. ഒരു മതേതര രാജ്യത്തില്‍ എല്ലാവര്‍ക്കും ഒരേ ക്രിമിനല്‍ നിയമം ആകാമെങ്കില്‍ എന്തുകൊണ്ട് ഒരു സിവില്‍ നിയമം ആയിക്കൂടാ? എല്ലാവരിലും ഉയര്‍ന്നേക്കാവുന്ന സ്വാഭാവികമായ സംശയമാണിത്.

ജവഹര്‍ലാല്‍ നെഹ്‌റുവും രാജീവ് ഗാന്ധിയും പ്രധാനമന്ത്രിമാരായിരുന്ന കാലത്ത് ഏകീകൃത സിവില്‍ നിയമം നടപ്പിലാക്കുന്നതിനെക്കുറിച്ച് സജിവമായ ചര്‍ച്ചകള്‍ നടന്നിരുന്നു. അന്ന് രാജ്യം ഭരിച്ചിരുന്നത് മതേതര സര്‍ക്കാറുകളായിരുന്നെങ്കില്‍ ഇപ്പോള്‍ ഭരിക്കുന്നത് വര്‍ഗീയ സര്‍ക്കാരാണ്. എന്തിനും ഏതിനും മതവും ജാതിയും നോക്കുന്ന ഒരു സംവിധാനം ഏകീകൃത സിവില്‍ നിയമം നടപ്പിലാക്കുന്നതിനെക്കുറിച്ച് വാചാലരാവുമ്പോള്‍ ഇത്തിരിനേരം ചരിത്രത്തിലേയ്ക്ക് തിരിഞ്ഞു നോക്കുന്നത് നന്നായിരിക്കും.

ഏകീകൃത സിവില്‍ നിയമം നടപ്പിലാക്കാനാവാത്ത സാഹചര്യത്തിന് ഇന്ത്യയില്‍ ഊടും പാവും നല്കിയത് ‘ഭിന്നിപ്പിച്ച് ഭരിക്കുക’ എന്ന തന്ത്രം പയറ്റിയ ബ്രിട്ടീഷുകാര്‍ തന്നെയായിരുന്നു. സ്വാതന്ത്രത്തിന്‌ശേഷം ഭരണഘടനാ കരട് തയ്യാറാക്കല്‍ സമിതിയില്‍ ഏകീകൃത സിവില്‍ നിയമം കൊണ്ടുവരുന്നതിനെക്കുറിച്ച് മണിക്കൂറുകളോളം കൂലങ്കഷമായ ചര്‍ച്ചകള്‍ നടന്നിരുന്നു. സമവായം ഉണ്ടാക്കാനാവാതായപ്പോള്‍ ഈ വിഷയം
44ാം അനുച്ഛേദത്തിനകത്തെ നിര്‍ദ്ദേശക തത്വങ്ങളില്‍ ഉള്‍പ്പെടുത്തി. ഇതിന്റെ തുടര്‍ച്ചയായാണ് ഹിന്ദുനിയമങ്ങള്‍ പുരോഗമനപരമായി നവീകരിക്കാന്‍ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവും ആദ്യ നിയമമന്ത്രി ബി.ആര്‍ അംബേദ്ക്കറും തീരുമാനിച്ചത്. ബഹുഭാര്യത്വം അവസാാനിപ്പിക്കുക, പിതാവിന്റെ സ്വത്തില്‍ മകനോടൊപ്പം ഭാര്യയ്ക്കും മകള്‍ക്കും തുല്യ അവകാശം നല്‍കുക, വിവാഹമോചനം നടക്കുമ്പോള്‍ സ്തീക്ക് നീതി ഉറപ്പ് വരുത്തുക എന്നിങ്ങനെയുളള വ്യവസ്ഥകളാണ് ഹിന്ദു കോഡ് ബില്ലില്‍ ഉള്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ ബില്ലിനെതിരെ പ്രതിഷേധവുമായി ആദ്യം രംഗത്തുവന്നത് ആര്‍എസ്എസ് ആയിരുന്നു. വിവാഹം, വിവാഹമോചനം, പിന്തുടര്‍ച്ചാവകാശം എന്നിവ സംബന്ധിച്ച് ഹിന്ദുക്കള്‍ പിന്തുടരേണ്ടത് ധര്‍മ്മശാസ്തങ്ങളാണെന്നായിരുന്നു സംഘപരിവാറിന്റെ നിലപാട്.

1949ല്‍ ആര്‍.എസ്.എസ് മുന്‍കൈയെടുത്ത് അഖിലേന്ത്യാഹിന്ദു കോഡ് ബില്‍ വിരുദ്്ധസമിതി രൂപീകരിച്ചു. ദ്വാരക ശങ്കരാചാര്യര്‍ മുതല്‍ സ്വാമി കര്‍പാത്രിജി മഹാരാജ് വരെയുളള സന്യാസികളും ശ്യാമപ്രസാദ് മുഖര്‍ജി ഉല്‍പ്പെടെയുളള പ്രമുഖരായ ജനസംഘം നേതാക്കളേയും അണിനിരത്തിക്കൊണ്ട് നിയമത്തിനെതിരെ രാജ്യത്തുടനീളം ആയിരകണക്കിന് പ്രതിഷേധ പരിപാടികളാണ് സംഘടിപ്പിച്ചത്. 1949 ഡിസംബര്‍ 11ന് ദില്ലിയിലെ രാംലീലാ മൈതാനിയില്‍ ആര്‍.എസ്എസ് സംഘടിപ്പിച്ച റാലിയെ അഭിസംബോധന ചെയ്ത നേതാക്കള്‍ ഹിന്ദുക്കള്‍ക്കുമേല്‍ പതിക്കാന്‍ പോവുന്ന ‘ആറ്റം ബോബ്’ എന്നാണ് ബില്ലിനെ വിശേഷിപ്പിച്ചത്.

strit
പ്രക്ഷോഭത്തിന്റെ നേതൃസ്ഥാനത്ത് ശ്യാമപ്രസാദ് മുഖര്‍ജി അവരോധിച്ചത് കര്‍പാത്രിജി മഹാരാജിനെയായിരുന്നു. നിയമമന്ത്രി ബി.ആര്‍ അംബേദ്ക്കറുടെ ജാതിയായിരുന്നു കര്‍പാത്രിജിയുടെ പ്രധാന പ്രശ്‌നം. ബ്രാഹ്മണരുടെ കാര്യങ്ങള്‍ തീരുമാനിക്കാന്‍ പഴയ തൊട്ടുകൂടാത്തവന് എന്താണ് അവകാശം എന്നുവരെ കര്‍പാത്രിജിയുടെ ചോദിച്ചു. ദില്ലിയില്‍ ആര്‍.എസ്.എസ് സംഘടിപ്പിച്ച ഒരു പരിപാടിയില്‍ ബഹുഭാര്യാത്വത്തെ ന്യായീകരിക്കുന്നതിനായി കര്‍പാത്രിജി മുന്നോട്ട് വെച്ച വാദം ഇതായിരുന്നു; ‘ ഭാര്യ സ്ഥിരം മദ്യപാനിയോ, ലൈംഗികശേഷിയില്ലാത്തവളോ, കുടിലബുദ്ധിക്കാരിയോ, മോശമായി സംസാരിക്കുന്നവളോ, ആണ്‍കൂട്ടിയെ പ്രസവിക്കാത്തവളോ ഭര്‍ത്താവിനെ വെറുക്കുന്നവളോ ആണെങ്കില്‍ അവളെ ഉപേക്ഷിക്കാതെതന്നെ മറ്റൊരു സ്തീയെ വിവാഹം ചെയ്യാന്‍ പുരുഷന് അവകാശം ഉണ്ട്’. ( പേജ് 131.India after Gandhi,Ramachandra Guha)

ഹിന്ദു സ്തീക്ക് പിതാവിന്റെ സ്വത്തിന്റെ എട്ടിലൊന്നില്‍ മാത്രമേ അവകാശമുളളൂവെന്നും മറ്റൊരു ജാതിയില്‍പ്പെട്ട കുട്ടിയെ ദത്തെടുക്കാന്‍ അനുവദിക്കരുതെന്നും കര്‍പാത്രിജി വാദിച്ചു. രാജ്യത്തെ ചെറുതും വലുതുമായ ഹിന്ദുസംഘടനകളെ മുഴുവന്‍ ഈ സമരത്തില്‍ പങ്കെടുപ്പിക്കുന്നതാനായി സജ്ജമാക്കിയത് ബിജെപിക്കാര്‍ ഇന്നും രായ്ക്കുരാമാനം പ്രകീര്‍ത്തിക്കുന്ന ശ്യാമപ്രസാദ് മുഖര്‍ജിയായിരുന്നു. കോണ്‍ഗ്രസിലെ ഹിന്ദുത്വ ലോബിക്കും എതിരഭിപ്രായം ഉണ്ടായിരുന്നു. വല്ലഭായി പട്ടേലും ഡോക്ടര്‍ രാജേന്ദ്രപ്രസാദുമെല്ലാം നെഹ്‌റുവും അംബേദ്ക്കറും വിഭാവനം ചെയ്ത ഹിന്ദുകോഡ് ബില്ലിനെ പാര്‍ട്ടിയില്‍ ശക്തമായി എതിര്‍ത്തു. എതിര്‍പ്പ് ശക്തമായതോടെ നെഹ്രു പകച്ചു. ബില്‍ പാസാക്കിയെടുക്കാനുളള നടപടികള്‍ ഒച്ചുവേഗത്തില്‍ ഇഴയാന്‍ തുടങ്ങി. എന്ത് വിലകൊടുത്തും ബില്‍ പാസാക്കിയേ തീരൂ എന്ന ഉറച്ച നിലപാടെടുത്തിരുന്ന അംബേദ്ക്കര്‍ നെഹ്‌റുവിന്റെ മെല്ലെപ്പോക്കില്‍ പ്രതിഷേധിച്ച് മന്ത്രിസഭയില്‍ നിന്ന് രാജിവെച്ചു. നെഹ്‌റുവിന്റെ മെല്ലെപ്പോക്കിനെതിരെ കമ്യൂണിസ്റ്റുകാരും ശക്തമായി രംഗത്ത് വന്നു. 1955, 1956 വര്‍ഷങ്ങളിലായി ജനസംഘത്തിന്റെ പ്രതിഷേധങ്ങള്‍ക്കിടയില്‍ ഹിന്ദുവിവാഹ നിയമം, ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമം, ദത്തെടുക്കല്‍ നിയമം തുടങ്ങിയവ പാര്‍ലമെന്റ് പാസാക്കി.

ജവഹര്‍ലാല്‍ നെഹ്‌റു എന്ന പ്രധാനമന്ത്രിയും ബി.ആര്‍ അംബേദ്ക്കര്‍ എന്ന നിയമമന്ത്രിയും മുഖ്യ പ്രതിപക്ഷമായി കമ്യൂണിസ്റ്റ് പാര്‍ട്ടിയും ഉണ്ടായിരുന്നതുകൊണ്ട് മാത്രമാണ് ഈ നിയമങ്ങള്‍ പാസാക്കാനായത്. മറിച്ച് ആര്‍എസ്എസ് ശ്രേഷ്ഠന്‍ കര്‍പാത്രിജിയുടെ നയമാണ് നടപ്പിലായിരുന്നതെങ്കില്‍ ഇന്നത്തെ ഇന്ത്യയുടെ ചിത്രം എന്താകുമായിരുന്നു?

  • ഷബാനുബീഗം കേസ്

മധ്യപ്രദേശിലെ ഇന്‍ഡോര്‍ സ്വദേശിയും 62 കാരിയുമായിരുന്ന ഷബാനുബീഗം ഭര്‍ത്താവ് അഹമ്മദ് ഖാന്‍ മൊഴിചൊല്ലിയതിനെ തുടര്‍ന്ന് ജീവനാംശം തേടി സുപ്രീംകോടതിയിലെത്തി. 1985ല്‍ ക്രിമിനല്‍ നടപടി നിയമത്തിലെ 125ാം വകുപ്പ് പ്രകാരം അഹമ്മദ് ഖാന്‍ മാസന്തോറും 500 രൂപ വീതം ഷബാനുബീഗത്തിന് ജീവനാംശം നല്കണമെന്ന് വിധിച്ചു. വിധി ശരീയത്ത് വ്യവസ്ഥകള്‍ക്ക് എതിരാണെന്ന് ചൂണ്ടിക്കാട്ടി മുസ്‌ളിം സംഘടനകള്‍ തെരുവിലിറങ്ങി.മുസ്ലിം വോട്ട് ബാങ്കില്‍ വിളളല്‍ വാഴുമോ എന്ന് മാത്രം ആശങ്കപ്പെട്ട രാജീവ് ഗാന്ധി കോടതി വിധിയെ മറികടക്കാനായി 1986ല്‍ മുസ്ലിം വനിതാ സംരക്ഷണ നിയമം കൊണ്ടുവന്നു. അതോടെ ഷബാനുകേസിലെ വിധി അപ്രസക്തമായി.

രാജീവ് ഗാന്ധി മുസ്ലിം പ്രീണനം നടത്തുകയാണെന്ന ആരോപണം ശക്തമായി. അതോടെ ഹിന്ദുവോട്ട് ബാങ്കിനെ ഒപ്പം നിര്‍ത്താനായുളള തത്രപ്പാടായി. ഉപജാപക സംഘത്തിന്റെ ഉപദേശം സ്വീകരിച്ച രാജീവ് ഗാന്ധി ബാബറിമസ്ജിദിന്റെ താഴുകള്‍ തുറന്നുകൊടുത്താണ് ഹിന്ദു പ്രീണനം നടത്തിയത്. ബാബറി മസ്ജിദ് തകര്‍ത്തതുമുതല്‍ ഗുജറാത്ത്, മുസഫര്‍ നഗര്‍ കലാപങ്ങള്‍ വരെയുളളതെല്ലാം ഇതിന്റെ തുടര്‍ച്ചയായിരുന്നു. കേവലഭൂരിപക്ഷവുമായി നരേന്ദ്ര മോദിയെ അധികാരത്തിലേറ്റിയതില്‍ വരെ കാര്യങ്ങള്‍ എത്തിനില്ക്കുന്നു.

ഷബാനുബീഗം കേസിലെ സുപ്രീംകോടതി വിധിയെ തുടര്‍ന്ന് പ്രധാനമന്ത്രി രാജീവ് ഗാന്ധി ഷബാനുബീഗത്തെ രഹസ്യമായി ദില്ലിയിലേയ്ക്ക് വിളിപ്പിച്ചു.സാമുദായിക സംഘര്‍ഷങ്ങള്‍ ഒഴിവാക്കാന്‍ സുപ്രീംകോടതി വിധിയെ തളളി പറയണമെന്ന് ആവശ്യപ്പെട്ടു. ഇതേ സമയത്തുതന്നെ ബീഗത്തിന്റെ വീട്ടിലേയ്ക്ക് മുസ്ലിം സംഘടനകളുടെ പ്രകടനവും കല്ലേറും നടന്നു. സമ്മര്‍ദ്ദങ്ങള്‍ക്ക് മുന്നില്‍ പിടിച്ചുനില്ക്കാനാവാതെ ബീഗം സുപ്രീംകോടതി വിധിയെ തളളിപ്പറഞ്ഞു. നിലപാട് മാറ്റിക്കാനായി സഹായവാഗ്ദാനങ്ങള്‍ ചൊരിഞ്ഞവരൊന്നും പിന്നെ തിരിഞ്ഞു നോക്കിയില്ലെന്ന് ഷബീനുബീഗത്തിന്റെ മകന്‍ ജമീല്‍ അഹമ്മദ് ഖാന്‍ ആരോപിച്ചിരുന്നു. രോഗങ്ങള്‍ക്കും സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്കും കീഴടങ്ങിയ ഷബീനുബീഗം 1992ല്‍ മരണമടഞ്ഞു. കേരള തെരുവുകളില്‍ ‘നാലും കെട്ടും നാല്പതും കെട്ടും ഇഎംഎസിന്റെ ഓളിം കെട്ടും’ എന്ന് വിളിച്ച് കൂവിയവരും ഷഹാനുബീഗത്തിന് കനിവ് ചൊരിഞ്ഞില്ല.

  • ഹിന്ദു നികുതി ഇളവുകള്‍

ഏകീകൃത സിവില്‍ നിയമത്തെ അനുകൂലിക്കുന്നവര്‍ പോലും കേന്ദ്രത്തിന്റെ ഇപ്പോ!ഴത്തെ നീക്കത്തെ സംശയദൃഷ്ടിയോടെയാണ് കാണുന്നത്.ഏകീകൃത സിവില്‍ നിയമം എന്നപേരില്‍ ഹിന്ദു നിയമം അടിച്ചേല്പ്പിക്കുമോ എന്നതാണ് പ്രധാന ആശങ്ക.ഈ ആശങ്കയ്ക്ക് ഉപോല്‍ബലമായ നിരവധി സംഭവങ്ങള്‍ സമീപകാലത്ത് ഉണ്ടായി. വ്യക്തി നിയമങ്ങളുടെ കാര്യത്തിലൊഴികെ മറ്റെല്ലാറ്റിലും നിയമങ്ങളും രീതികളും ഏകീകൃതണോ? രാജ്യത്ത് ഇന്നും ഒരു ഏകീകൃത ധന കോഡില്ല. ഹിന്ദു കൂട്ടുകുടുംബങ്ങള്‍ക്ക് മാത്രമായി മാത്രമായി എച്ച്.യു.എഫ് (Hidhu Undivided Family) എന്ന പേരില്‍ പ്രത്യേക നികുതി ദായക വിഭാഗമുണ്ട്. ഈ വിഭാഗത്തിന് മാത്രമായി ബജറ്റുകള്‍ നികുതി ഇളവുകള്‍ പ്രഖ്യാപിക്കാറുണ്ട്. എന്തിനാണ് ഹിന്ദു കൂട്ടുകുടുംബങ്ങ്ള്‍ക്ക് മാത്രമായി ഈ നികുതി ഇളവ് പരിമിതപ്പെടുത്തുന്നത്?

‘ഹിന്ദു കൂട്ടുകുടുംബ നികുതി വിഭാഗം എന്നതിലെ ഹിന്ദു എന്ന വാക്ക് ഒഴിവാക്കിയാല്‍ എല്ലാ മത വിഭാഗങ്ങളിലേയും കൂട്ടുകുടുംബങ്ങള്‍ക്ക് ഈ ആനുകൂല്യം ലഭിക്കും. രാജ്യത്ത് ഏകീകൃത സിവില്‍ നിയമം നടപ്പിലാക്കുന്നതിന്റെ മുന്നോടിയായി ഇത്തരമൊരു മാറ്റം കൊണ്ടുവരാന്‍ ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി തയ്യാറുണ്ടോ? (മണിശങ്കര്‍ അയ്യര്‍ ഡു ദി ഹിന്ദു വാണ്ട് എ യൂണിഫോം സിവില്‍ കോഡ്?,എന്‍.ഡി.ടി.വി ഡോട്ട്‌കോം)
മണിശങ്കര്‍ അയ്യരുടെ ചോദ്യത്തിന് ഇതുവരെ അരുണ്‍ ജയ്റ്റ്‌ലി മറുപടി പറഞ്ഞിട്ടില്ല.

  • കാപ്പ് പഞ്ചായത്തുകള്‍

സംഘപരിവാറിന്റെ ശക്തമായ എതിര്‍പ്പ് മറികടന്ന് ഹിന്ദുവ്യക്തിനിയമങ്ങള്‍ രാജ്യത്ത് നടപ്പിലാക്കിയെങ്കിലും പ്രായോഗിക തലത്തില്‍ പലയിടങ്ങളിലും ഇവ നടപ്പിലാവുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. അനൗദ്യാഗികമായി പലയിടങ്ങളിലും ബഹുഭാര്യാത്വം നടക്കുന്നുണ്ട്. പിതാവിന്റെ സ്വത്തിലെ അര്‍ഹമായ വിഹിതം പല പെണ്‍മക്കള്‍ക്കും ലഭിക്കുന്നില്ല. പലപ്പോഴും ഇത്തരം വിഷയങ്ങളില്‍ തീരുമാനമെടുക്കുന്നത് ജാതി പഞ്ചായത്തുകളാണ്. ഒട്ടുമിക്ക ദുരഭിമാനഹത്യകളും നടക്കുന്നത് ജാതി പഞ്ചായത്തുകളുടെ കല്പനകളെ തുടര്‍ന്നായിരുന്നു. ഹരിയാനയിലെ കുപ്രസിദ്ധമായ കാപ്പ് പഞ്ചായത്തുകളെ നിരോധിക്കണമെന്ന ആവശ്യം ശക്തമായപ്പോഴെല്ലാം ആര്‍. എസ് എസും ബിജെപിയും ഈ നിയമ വിരുദ്ധ സംഘങ്ങളുടെ ശക്തമായ സംരക്ഷകരായി മാറുകയായിരുന്നു. ഭാരതീയ സംസ്‌ക്കാരത്തിന്റെ പ്രതീകമെന്നാണ് ഇന്നത്തെ ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഘട്ടര്‍ കാപ്പ് പഞ്ചായത്തുകളെ വിശേഷിപ്പിച്ചത്. ഇത്തരം നിയമ വിരുദ്ധ സംവിധാനങ്ങളുടെ സംരക്ഷകര്‍ എങ്ങനെ രാജ്യത്ത് ഏകീകൃതസിവില്‍ നിയമം നടപ്പിലാക്കും?

അയോധ്യയിലേയ്ക്കുളള എല്‍ കെ അദ്വാനിയുടെ രഥയാത്ര, ഗുജറാക്ക് കലാപം, മുസഫര്‍ നഗര്‍ കലാപം, ബീഫ് സൂക്ഷിച്ചെന്ന കാരണം പറഞ്ഞ് അഖ് ലാക്കിനെ കൊലപ്പെടുത്തിയ സംഭവം തുടങ്ങിയവയെല്ലാം ഓരോ തെരെഞ്ഞെടുപ്പ് തന്ത്രങ്ങളായിരുന്നു. വെറുമൊരു മൂന്നാംകിട തെരഞ്ഞെടുപ്പ് തന്ത്രപരമായി ചുരുക്കേണ്ട ഒന്നാണോ ഏകീകൃത സിവില്‍കോഡ് എന്നതാണ് ഇപ്പോള്‍ ചര്‍ച്ചചെയ്യേണ്ട വിഷയം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News