പ്രതിശ്രുത വധൂവരന്മാര്‍ ഇത്തവണത്തെ ഇരകള്‍; യാത്രക്കാര്‍ക്കെതിരെ അമേരിക്കന്‍ വിമാനക്കമ്പനിയുടെ ധാര്‍ഷ്ട്യം വീണ്ടും; അക്രമം സീറ്റുമാറി ഇരുന്നെന്നാക്ഷേപിച്ച്

കോസ്റ്റാറിക്ക : വിമാനത്തില്‍ നിന്ന് യാത്രക്കാരെ വലിച്ചിറക്കി വിട്ട അമേരിക്കന്‍ വിമാനക്കമ്പനി വീണ്ടും വിവാദത്തില്‍. പ്രതിശ്രുത വധൂവരന്‍മാരോടാണ് യുണൈറ്റ് എയര്‍ലൈന്‍സ് ഇത്തവണ ക്രൂരതകാട്ടിയത്. വിവാഹിതരാകാന്‍ കോസ്റ്റാറിക്കയിലേക്ക് യാത്രതിരിച്ച ഇവരെ വിമാനത്തില്‍ നിന്നും ഇറക്കി വിടുകയായിരുന്നു.

വിമാനത്തിനുള്ളില്‍ സീറ്റ് മാറി ഇരുന്നു എന്ന കുറ്റത്തിനാണ് ഇവരെ ഫെഡറല്‍ ലോ എന്‍ഫോഴ്‌സ്‌മെന്റ് അധികൃതര്‍ വിമാനത്തില്‍ നിന്ന് പുറത്താക്കിയത്. ശനിയാഴ്ചയാണ് സംഭവം. മൈക്കിള്‍ ഹോല്‍, പ്രതിശ്രുത വധു അംബെര്‍ മാക്‌സ്‌വെല്‍ എന്നിവരെയാണ് വിമാനത്തില്‍ നിന്ന് പുറത്താക്കിയത്.

അനുവാദമില്ലാതെ ഉയര്‍ന്ന ക്ലാസ് സീറ്റില്‍ ഇരുന്നെന്നും വിമാന ജീവനക്കാര്‍ നല്‍കിയ നിര്‍ദേശങ്ങള്‍ പാലിച്ചില്ലെന്നുമാണ് വിമാനകമ്പനിക്കാരുടെ വാദം. എന്നാല്‍ തങ്ങളുടെ സീറ്റിനു സമീപത്തിരുന്ന യാത്രക്കാരന്‍ ഉറങ്ങുന്നത് ശല്യമായതോടെയാണ് സീറ്റ് മാറിയെടുത്തതെന്നും എക്കോണമി ക്ലാസില്‍ തന്നെയാണ് മാറി ഇരുന്നതെന്നും വധൂവരന്‍മാര്‍ പറയുന്നു. തങ്ങളെ അധികൃതര്‍ ആക്ഷേപിച്ചെന്നുമാണ് പരാതി.

കഴിഞ്ഞയാഴ്ച ചിക്കാഗോയില്‍ വിമാനത്തില്‍ കയറിയ ഏഷ്യന്‍ വംശജനായ ഡോക്ടറെ സുരക്ഷ ഉദ്യോഗസ്ഥര്‍ വിമാനത്തില്‍ നിന്ന് വലിച്ചിറക്കി. ഇത് രാജ്യാന്തര മാധ്യമങ്ങളില്‍ വാര്‍ത്തയായി. ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും ചെയ്തു. വിയറ്റ്‌നാം സ്വദേശിയായ ഡോ. ഡേവിഡ് റോയെ വിമാനത്തില്‍ നിന്ന് പുറത്തേക്ക് വലിച്ചിഴച്ച ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഈ വിവാദത്തിന് പിന്നാലെയാണ് യുണൈറ്റഡ് എയര്‍ലൈന്‍സിനെതിരേ വീണ്ടും പരാതി ഉയര്‍ന്നത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here