നഗരപ്രദേശങ്ങളിലെ ഭവനരഹിതര്‍ ഇനി സ്വന്തം വീടുകളിലേക്ക്; കുടുംബശ്രീ നിര്‍മ്മിക്കുന്നത് 29,000 വീടുകള്‍; നിര്‍മ്മാണം ഇടതുപക്ഷ സര്‍ക്കാരിന്റെ ലൈഫ് പദ്ധതിയുടെ ഭാഗം

തിരുവനന്തപുരം : സംസ്ഥാനത്തെ നഗര പ്രദേശങ്ങളില്‍ ഭവനരഹിതര്‍ക്കായി കുടുംബശ്രീ മുഖേന 29,000 വീട് നിര്‍മിക്കും. പദ്ധതിക്ക് കേന്ദ്ര ഭവന ദാരിദ്ര്യനിര്‍മാര്‍ജ്ജന മന്ത്രാലയം അനുമതി നല്‍കി. ഇതോടെ 4000 വീടിന്റെ നിര്‍മാണം ആരംഭിച്ചു. ഭൂരിപക്ഷം നഗരസഭകളും പദ്ധതിയുടെ ആദ്യഘട്ട വിഹിതവും ഗുണഭോക്താക്കള്‍ക്ക് കൈമാറി.

എല്ലാവര്‍ക്കും വീടെന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച ‘ലൈഫ്’ പദ്ധതിയുമായി ചേര്‍ന്നാണ് കുടംബശ്രീ വീട് നിര്‍മാണം നടത്തുന്നത്. എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നതോടെ വിശദമായ പ്രൊജക്ട് റിപ്പോര്‍ട്ട് കുറ്റമറ്റ രീതിയില്‍ തയ്യാറാക്കി കേന്ദ്രത്തിന് സമര്‍പിച്ചതോടെയാണ് 29,000 വീടിന് അനുമതി ലഭിച്ചത്.

2016-17 സാമ്പത്തിക വര്‍ഷം 25,000 വീട് നിര്‍മിക്കാനായിരുന്നു കുടുംബശ്രീ ലക്ഷ്യമിട്ടത്. വീടുനിര്‍മാണത്തിനായി കോര്‍പറേഷനുകളിലും മുനിസിപ്പാലിറ്റികളിലും കുടുംബശ്രീ പ്രവര്‍ത്തകര്‍ സര്‍വേ നടത്തി 2.5 ലക്ഷം ഭവനരഹിതരുടെ പട്ടിക തയ്യാറാക്കി. ഇവ സൂക്ഷ്മപരിശോധന നടത്തി ആദ്യഘട്ടം പരിഗണിക്കേണ്ട, സ്വന്തമായി ഭൂമിയുള്ള 29,000 പേരുടെ അന്തിമ പട്ടിക തയ്യാറാക്കി.

ഈ പട്ടിക തദ്ദേശഭരണ സെക്രട്ടറി അധ്യക്ഷനായ സമിതിയും ചീഫ് സെക്രട്ടറിയും വിശദമായി പരിശോധിച്ചാണ് അനുമതിക്കായി കേന്ദ്ര മന്ത്രാലയത്തിന് സമര്‍പ്പിച്ചത്. ഇതിന് അനുമതി ലഭിച്ചതോടെ അതിവേഗം നിര്‍മാണപദ്ധതിക്ക് കുടുംബശ്രീ നടപടി സ്വീകരിക്കുകയായിരുന്നു.

മൂന്നരലക്ഷം രൂപ ഒരു വീടിന് നല്‍കും. ഇതില്‍ ഒന്നരലക്ഷം രൂപ കേന്ദ്ര വിഹിതമാണ്. രണ്ടുലക്ഷം നഗരസഭകളും സംസ്ഥാന സര്‍ക്കാരും വഹിക്കും. നേരത്തെ മൂന്നുലക്ഷം രൂപയായിരുന്നു ഒരു വീടിന് അനുവദിച്ചത്. ലൈഫ് പദ്ധതിയുടെ ഭാഗമായി ഭവനങ്ങള്‍ക്കുള്ള സഹായം മൂന്നരലക്ഷം രൂപയാക്കിയതിനാല്‍ ഈ വര്‍ധന പിഎംഎവൈ അര്‍ബന്‍ ഭവനപദ്ധതിക്കുകൂടി ബാധകമാക്കുകയായിരുന്നു.

കേന്ദ്രവിഹിതത്തില്‍ വര്‍ധനയില്ല. നേരത്തെ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ ഭവനപദ്ധതികളായ ബേസിക് സര്‍വീസസ് ഫോര്‍ അര്‍ബന്‍ പുവര്‍, ഇന്റഗ്രേറ്റഡ് ഹൌസിങ് ആന്‍ഡ്് സ്ലം ഡെവലപ്‌മെന്റ് പ്രോഗ്രാം, രാജീവ് ആവാസ് യോജന എന്നിവ സംയോജിപ്പിച്ചാണ് പ്രധാനമന്ത്രി ആവാസ് യോജന (പിഎംഎവൈ) പദ്ധതി കഴിഞ്ഞവര്‍ഷംമുതല്‍ നടപ്പാക്കിയത്. ഈ പദ്ധതിയിലുള്ള ആദ്യത്തെ വീടുകളാണ് ഇപ്പോള്‍ നിര്‍മിക്കുന്നത്.

2017- 18ലും പദ്ധതിയുടെ ഭാഗമായി 25,000 വീട് നിര്‍മിക്കാനാണ് പദ്ധതിയെന്നും ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്യുന്നു. സംസ്ഥാനത്തെ നടപ്പാക്കുന്ന മുഴുവന്‍ ഭവനപദ്ധതികളും ഒറ്റക്കുടക്കീഴിലാക്കിയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ലൈഫ് പദ്ധതി ആരംഭിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News