തിരുവനന്തപുരം : എകെജി പഠന ഗവേഷണകേന്ദ്രം സെമിനാര്‍ സംഘടിപ്പിക്കുന്നു. കേന്ദ്ര – സംസ്ഥാന ബന്ധങ്ങള്‍ എന്ന വിഷയത്തിലാണ് സെമിനാര്‍. 20ന് എകെജി ഹാളില്‍ നടക്കുന്ന സെമിനാര്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. സെമിനാറിന്റെ രജിസ്‌ട്രേഷന്‍ നടപടികള്‍ക്ക് തുടക്കമായി.
കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ അധികാരം പങ്കുവെയ്ക്കുന്ന രീതിയാണ് രാജ്യത്തെ ഫെഡറലിസത്തെപ്പറ്റി ഭരണഘടന വിഭാവനം ചെയ്യുന്നത്. എങ്കിലും നിയമ നിര്‍മ്മാണം, ഭരണ നിര്‍വ്വഹണം, ധനകാര്യം എന്നിവയില്‍ കേന്ദ്രമാണ് കൂടുതല്‍ അധികാരം കൈയാളുന്നത്. സംസ്ഥാനങ്ങള്‍ക്ക് ഉത്തരവാദിത്തം കൂടുതലെങ്കിലും ആനുപാതികമായി അധികാരവും വിഭവങ്ങളും കൈമാറിയിട്ടില്ല.
സംസ്ഥാനങ്ങളുടെ സ്വയംഭരണാവകാശത്തിനെതിരായ ഭരണഘടനയിലെ 356-ാം വകുപ്പ് ദുര്‍വിനിയോഗം ചെയ്യപ്പെട്ട അനേകം അവസരങ്ങളുണ്ടായി. ഈ അവസ്ഥയില്‍നിന്ന് കേന്ദ്ര – സംസ്ഥാന ബന്ധങ്ങള്‍ മാറ്റിയെഴുതണമെന്ന ആവശ്യത്തിന്റെ അടിസ്ഥാനത്തിലാണ് 1983ല്‍ സര്‍ക്കാരിയ കമ്മീഷന്‍ നിയമിക്കപ്പെട്ടത്. എന്നാല്‍ പ്രസ്തുത കമ്മീഷന്‍ അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ പരാജയപ്പെട്ടു.
2007ല്‍ സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് എംഎം പൂഞ്ചി അധ്യക്ഷനായ സമിതിയെ ചുമതലപ്പെടുത്തി. അതും സംസ്ഥാനങ്ങളുടെ ആവശ്യങ്ങളെ കണക്കിലെടുത്തില്ല. ഇതിനിടയില്‍ 1991നു ശേഷം സാമ്പത്തിക രംഗത്തുണ്ടായ മാറ്റങ്ങള്‍ കേന്ദ്ര – സംസ്ഥാന ബന്ധങ്ങളെയും ബാധിച്ചു. ഫെഡറലിസത്തിന്റെ അന്തസത്തയ്ക്കുതന്നെ വെല്ലുവിളി ഉയര്‍ത്തുന്ന നടപടികളുണ്ടായി.
അധികാരത്തിലിരിക്കുന്ന ബിജെപി സര്‍ക്കാര്‍ അധികാരം കേന്ദ്രികരിക്കുന്ന സമീപനമാണ് തുടര്‍ച്ചയായി എടുത്തുവരുന്നത്. അതിന്റെ ഫലമായി കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധങ്ങളില്‍ അസമത്വം വര്‍ധിക്കുന്നു. സംസ്ഥാനങ്ങള്‍ക്കു നല്‍കുന്ന വിഹിതത്തില്‍ കുറവുണ്ടാകുന്നു. ഈ സാഹചര്യത്തിലാണ് കേന്ദ്ര – സംസ്ഥാന ബന്ധങ്ങള്‍ എന്ന വിഷയത്തില്‍ എകെജി പഠനകേന്ദ്രം സെമിനാര്‍ സംഘടിപ്പിക്കുന്നത്.
സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, ദി ഹിന്ദു മുന്‍ എഡിറ്റര്‍ എന്‍ റാം, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ധനകാര്യ മന്ത്രി കെഎം മാണി, ധനകാര്യ മന്ത്രി ഡോ. തോമസ് ഐസക്, എ വിജയരാഘവന്‍, പ്രൊഫ. പ്രഭാത് പട്‌നായക്, ഡോ. കെഎന്‍ ഹരിലാല്‍, ഡോ. ജെ പ്രഭാഷ്, തുടങ്ങിയവര്‍ സെമിനാറില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here