ആവശ്യത്തിന് ബസ് ഇറക്കാനായില്ലെങ്കില്‍ താല്‍ക്കാലിക ജീവനക്കാരെ ഒഴിവാക്കും; ബോഡി നിര്‍മ്മാണത്തിന് വെല്ലുവിളിയായി സാമ്പത്തിക സ്ഥിതി; സുശീല്‍ ഖന്ന റിപ്പോര്‍ട്ടിനെതിരെ എതിര്‍പ്പുമായി തൊഴിലാളി സംഘടനകള്‍

തിരുവനന്തപുരം : ആവശ്യത്തിന് പുതിയ ബസ്സുകള്‍ കൂടി നിരത്തിലിറക്കാനായില്ലെങ്കില്‍ താല്‍ക്കാലിക ജീവനക്കാരെ ഒഴിവാക്കാന്‍ കെഎസ്ആര്‍ടിസി മാനേജ്‌മെന്റിന്റെ ആലോചന. ജീവനക്കാരും ബസും തമ്മിലുള്ള അനുപാതം ദേശീയ ശരാശരിയിലേക്ക് താഴ്ത്തുന്നതിന്റെ ഭാഗമായാണ് ബസുകളുടെ എണ്ണം കൂട്ടുകയോ ജീവനക്കാരുടെ എണ്ണം കുറയ്ക്കുകയോ ചെയ്യണമെന്ന കാര്യത്തില്‍ തിരക്കിട്ട ചര്‍ച്ചകള്‍ മാനേജ്‌മെന്റ് നടത്തുന്നത്.

കെഎസ്ആര്‍ടിസിയിലെ ജീവനക്കാരും ബസുകളുടെ എണ്ണവും തമ്മിലുള്ള അനുപാതം ദേശീയ ശരാശരിയേക്കാള്‍ കൂടുതലാണെന്നാണ് കെഎസ്ആര്‍ടിസിയെ കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച പ്രൊഫ. സുശീല്‍ഖന്നയുടെ കണ്ടെത്തല്‍. അനുപാതം കുറയ്ക്കണമെന്നും ഖന്ന റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നു.

ഒരു ബസിന് 5.7 ജീവനക്കാരാണ് വേണ്ടത്. എന്നാല്‍ കെഎസ്ആര്‍ടിസിയില്‍ 8.7 പേരുണ്ട്. ഇതില്‍ 35,341 പേര്‍ സ്ഥിര ജീവനക്കാരും 8549 പേര്‍ താല്‍ക്കാലിക ജീവനക്കാരുമാണ്. നിലവിലെ സാഹചര്യത്തില്‍ കെഎസ്ആര്‍ടിസി അധികൃതര്‍ രണ്ട് കാര്യങ്ങളാണ് ആലോചിക്കുന്നത്. ഒന്നുകില്‍ കൂടുതല്‍ ബസുകള്‍ നിരത്തില്‍ ഇറക്കണം. അല്ലെങ്കില്‍ താത്ക്കാലിക ജീവനക്കാരെ കൈവിടണം.

ഇതില്‍ ഇപ്പോഴത്തെ സാമ്പത്തിക സ്ഥിതി അനുസരിച്ച് 2500 പുതിയ ബസ്സുകള്‍ കൂടി ബോഡി ചെയ്ത് ഇറക്കുക എന്നത് പ്രായോഗികമല്ല എന്നതാണ് മാനേജ്‌മെന്റിന്റെ നിലപാട്. കെഎസ്ആര്‍ടിസിയ്ക്ക് 5824 ബസുകളും ഉപസ്ഥാപനമായ കെയുആര്‍ടിസിയ്ക്ക് 667 ബസുകളുമാണ് ഉള്ളത്. തൊഴിലാളികളുടെ ആധിക്യത്തിന് പുറമെ ബസ് നിര്‍മ്മാണവും കെഎസ്ആര്‍ടിസിയ്ക്ക് നഷ്ടമാണെന്ന് ചൂണ്ടിക്കാട്ടുന്നു.

ഇതില്‍ സര്‍വ്വീസ് നടത്തുന്നത് വെറും 5160 ബസ്സുകള്‍. ഇതിനുപുറമെ ഓരോമാസവും കട്ടപ്പുറത്താകുന്ന ബസ്സുകളുടെ എണ്ണവും വര്‍ദ്ധിച്ചു. ജീവനക്കാരെ ഫലപ്രദമായി വിന്യസിക്കാതെ 3800 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയില്‍ നിന്ന് കെഎസ്ആര്‍ടിസിയ്ക്ക് കരകയറാന്‍ കഴിയില്ലെന്ന സൂചനയാണ് ഖന്ന റിപ്പോര്‍ട്ടില്‍ നല്‍കുന്നത്.

എം പാനല്‍ വ്യവസ്ഥയില്‍ ജോലിചെയ്യുന്ന കണ്ടക്ടര്‍മാരെയും ഡ്രൈവര്‍മാരെയും ഒഴിവാക്കുന്ന കാര്യം മാനേജ്‌മെന്റ് തകൃതിയായി ചര്‍ച്ചചെയ്യുന്നുണ്ട്. അതേസമയം താല്‍ക്കാലിക ജീവനക്കാരെ ഒഴിവാക്കുന്നതിനെതിരെ തൊഴിലാളി സംഘടനകള്‍ ഒന്നടങ്കം എതിര്‍പ്പുമായി രംഗത്തെത്തി. ഇതിനിടെ കെഎസ്ആര്‍ടിസിയുടെ ബസ് നിര്‍മ്മാണവും നഷ്ടത്തിലായതായും പറയുന്നു.

ഷാസികള്‍ വാങ്ങിയാല്‍ കൃത്യസമയത്ത് ബോഡി നിര്‍മ്മിച്ചിറക്കാന്‍ കഴിയുന്നില്ല. ഒരു ബസ്സ് നിര്‍മ്മിച്ചിറക്കാന്‍ 325 മുതല്‍ 385 വരെ മനുഷ്യാധ്വാന ദിനങ്ങളാണ് വേണ്ടത്. എന്നാല്‍ ദേശീയ ശരാശരി 200 മുതല്‍ 240 ദിവസമാണ്. ഇതും കെഎസ്ആര്‍ടിസിയെ സാരമായി ബാധിച്ചിരിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News