തിരുവനന്തപുരം : നന്തന്‍കോട് കൂട്ടകൊലക്കേസില്‍ പ്രതിയായ കേദല്‍ ജീന്‍സന്റെ കസ്റ്റഡി കാലാവധി വ്യാഴാഴ്ച അവസാനിക്കും. കേദല്‍ ജീന്‍സന്റെ ചെന്നൈയിലെ തെളിവെടുപ്പ് പൂര്‍ത്തിയായ പശ്ചാത്തലത്തില്‍ കേദലിനെ വീണ്ടും ചോദ്യം ചെയ്യലിന് വിധേയനാക്കും. അതേസമയം ആസൂത്രിതവും ക്രൂരവുമായ കൊലപാതകം എന്ന നിലയില്‍ തന്നെയാണ് അന്വേഷണ ഉദ്ദ്യോഗസ്ഥര്‍ കേസില്‍ തുടര്‍നടപടികളിലേക്ക് കടക്കുന്നത്.
നന്ദന്‍കോട് മാതാപിതാക്കളെയും സഹോദരിയെയും ബന്ധുവിനെയും ഉള്‍പ്പെടെ നാലുപേരെ കൂട്ടകൊല ചെയ്ത കേസില്‍ പ്രതിയായ കേദലിന്റെ കസ്റ്റഡി കാലാവധി വ്യാഴാഴ്ച അവസാനിക്കുകയാണ്. നന്ദന്‍കോട് വീട്ടിലും പെട്രോള്‍ പമ്പ് ഉള്‍പ്പെടെയുള്ള മറ്റ് സ്ഥലങ്ങളിലും കേദലിനെ എത്തിച്ച് നടത്തിയ തെളിവെടുപ്പില്‍ കേദലിനെ സാക്ഷികള്‍ തിരിച്ചറിഞ്ഞിരുന്നു.
സാഹചര്യതെളിവുകള്‍ പ്രകാരം പ്രതി കുറ്റം ചെയ്തിരിക്കുന്നത് ആസൂത്രിതമായും ക്രൂരമായാണെന്നും പൊലീസ് വ്യക്തമാക്കി. ദൃക്‌സാക്ഷികള്‍ ഇല്ലാത്ത കൊലപാതകത്തില്‍ പ്രതിക്കുള്ള ശിക്ഷയ്ക്ക് വഴിയൊരുക്കുക സാഹചര്യതെളിവുകളും ശാസ്ത്രീയ തെളിവുകളുമായിരിക്കും.
ചെന്നൈയിലെ തെളിവെടുപ്പിലും നിര്‍ണ്ണായക വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. ചെന്നെയില്‍ ഓട്ടോഡ്രൈവറും ഹോട്ടലിലെ ജീവനക്കാരും കേദലിനെ തിരിച്ചറിഞ്ഞു. കേദല്‍ ചെന്നൈയിലെ ഹോട്ടല്‍ മുറിയില്‍ ഉപേക്ഷിച്ച ബാഗും പൊലീസ് കണ്ടെടുത്തു. ശാസ്ത്രീയ പരിശോധന റിപ്പോര്‍ട്ടുകള്‍ അടുത്ത ദിവസങ്ങളില്‍ തന്നെ ലഭിക്കുമെന്നാണ് പൊലീസ് പറയുന്നത്.
വിശദമായ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ഫോറന്‍സിക് സര്‍ജന്‍ ഇന്ന് പൊലീസിന് കൈമാറും. റിപ്പോര്‍ട്ടുകള്‍ ലഭിച്ചാല്‍ ഉടന്‍ അന്വേഷണ സംഘം കുറ്റപത്രം തയ്യാറാക്കും. മൊഴിയെടുക്കലിന്റെ തുടക്കത്തില്‍ അന്വേഷണ ഉദ്യോഗസ്ഥരെ കബളിപ്പിക്കാനുള്ള കേദലിന്റെ ശ്രമം പൂര്‍ണ്ണമായും പരാജയപ്പെടുകയായിരുന്നു.
തലസ്ഥാനത്ത് എത്തിക്കുന്ന കേദലിനെ വീണ്ടും അന്വേഷണ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന്റെ വിശദാംശങ്ങള്‍ അന്വേഷണ സംഘം ക്യാമറയിലും പകര്‍ത്തുന്നുണ്ട്. വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കിയശേഷം ആവശ്യമെങ്കില്‍ പൊലീസ് വീണ്ടും കേദലിനെ കസ്റ്റഡിയില്‍ വാങ്ങും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here