ഉത്തരകൊറിയയും അമേരിക്കയും തമ്മില്‍ കൊമ്പ് കൊര്‍ക്കുമ്പോള്‍ ലോകരാഷ്ട്രങ്ങളെല്ലാം ആശങ്കയിലാണ്. നേരിട്ടു നാശനഷ്ടം ഉണ്ടാകില്ലെങ്കിലും ആണവായുധം പ്രയോഗിക്കപ്പെട്ടാല്‍ പ്രത്യാഘാതം രാജ്യാതിര്‍ത്തികളില്‍ പിടിച്ചുകെട്ടാനാവില്ല എന്നതാണ് ഏറ്റവും വലിയ ഭീഷണി.
ജപ്പാന്‍, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങള്‍ക്ക് ഉത്തരകൊറിയയുടെ ആക്രമണത്തില്‍ നേരിട്ട് നാശനഷ്ടമുണ്ടാകുമെന്നാണ് വിലയിരുത്തലുകള്‍. എന്നാല്‍ ഇന്ത്യയെ പ്രത്യക്ഷമായി ബാധിക്കില്ലെങ്കിലും യുദ്ധത്തിന്റെ ആശങ്കകള്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ കാര്യമായ ചലനങ്ങളാണ് ഉണ്ടാക്കുന്നത്.
കഴിഞ്ഞ ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ ഇന്ത്യന്‍ ഓഹരി കടപത്ര വിപണികളില്‍ വന്‍ നിക്ഷേപമുണ്ടായിരുന്നു. ഇന്ത്യന്‍ സമ്പദ്ഘടന ശക്തമാകുന്നെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് കൂടുതല്‍ നിക്ഷേപമെത്തിയത്. എന്നാല്‍ യുദ്ധആശങ്കകള്‍ ഉയര്‍ന്നതോടെ നിക്ഷേപകര്‍ പിന്‍മാറി തുടങ്ങിയിട്ടുണ്ട്.
കഴിഞ്ഞ ആഴ്ച വിപണി നഷ്ടത്തോടെയാണ് ക്ലോസ് ചെയ്തത്. ഉത്തര കൊറിയയ്ക്ക് പിന്തുണയേകുന്ന ചൈനയുടെയും അമേരിക്കയുടെയും ആഭ്യന്തര ഉത്പാദന വളര്‍ച്ചാനിരക്കിനെ പറ്റിയുളള റിപ്പോര്‍ട്ടുകള്‍ കൂടി ഈ ദിവസങ്ങളില്‍ വരാനിരിക്കേ നിക്ഷേപകര്‍ അല്‍പ്പം കാത്തിരിക്കാനുളള തീരുമാനത്തിലാണ്.
ആശങ്കകള്‍ക്കിടെ വന്‍കിടക്കാര്‍ വിപണിയില്‍ നിന്ന് മാറിനില്‍ക്കുകയും വിദേശ ഫണ്ടുകള്‍ വിറ്റഴിക്കപ്പെടുകയും കൂടി ചെയ്താല്‍ വരും ദിവസങ്ങളില്‍ വിപണി കൂപ്പുകുത്തും. ഡോളര്‍ നിലവാരത്തിലും വലിയ മാറ്റങ്ങള്‍ ഉണ്ടാകും. ഇതിനിടെ നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് വഴിമാറിയെന്ന സൂചനകളും ലഭ്യമാകുന്നുണ്ട്.
യുദ്ധമുണ്ടായാല്‍ ഏഷ്യന്‍ ശക്തിയായ ചൈനയിലടക്കമുണ്ടാകുന്ന മാറ്റങ്ങള്‍ ഇന്ത്യന്‍ വിപണിയെ പിടിച്ചുലയ്ക്കും എന്നുറപ്പാണ്. അതായത് യുദ്ധത്തിന്റെ പ്രത്യാഘാതം അണുവികിരണങ്ങളേക്കാള്‍ വേഗം ഇന്ത്യയിലെത്തും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here