നടി ആക്രമിക്കപ്പെട്ട കേസില്‍ പത്ത് ദിവസത്തിനകം കുറ്റപത്രം; ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ കണ്ടെത്താന്‍ പള്‍സര്‍ സുനിയുടെ അഭിഭാഷകനെ കസ്റ്റഡിയിലെടുക്കാന്‍ ആലോചന

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കും. അന്വേഷണത്തിന്റെ പ്രധാന ഘട്ടം പൂര്‍ത്തിയായ സാഹചര്യത്തിലാണ് പത്ത് ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കാന്‍ അന്വേഷണ സംഘം തയ്യാറെടുക്കുന്നത്. പ്രധാന പ്രതി പള്‍സര്‍ സുനി ഉള്‍പ്പടെ 7 പേര്‍ക്കെതിരെയുള്ള കുറ്റപത്രമാണ് അങ്കമാലി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിക്കുക.

നടി ആക്രമിക്കപ്പെട്ട കേസില്‍ പള്‍സര്‍ സുനി അടക്കമുള്ള പ്രധാന പ്രതികളെ ചോദ്യം ചെയ്യുന്നതും തെളിവെടുപ്പും ഉള്‍പ്പടെ അന്വേഷണത്തിന്റെ നിര്‍ണ്ണായക ഘട്ടം അവസാനിച്ച സാഹചര്യത്തിലാണ് കുറ്റപത്രം സമര്‍പ്പിക്കാന്‍ അന്വേഷണ സംഘം തയ്യാറെടുക്കുന്നത്. പള്‍സര്‍ സുനി കൂടാതെ മാര്‍ട്ടിന്‍, വടിവാള്‍ സലീം, പ്രദീപ്, മണികണ്ഠന്‍, വിജീഷ്, ചാര്‍ലി എന്നിങ്ങനെ 7 പേര്‍ പ്രതികളായ കുറ്റപത്രം തയ്യാറാക്കുന്നത് അവസാന ഘട്ടത്തിലാണ്. അങ്കമാലി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ ഡിവൈഎസ്പി കെജി ബാബു കുമാര്‍ കുറ്റപത്രം സമര്‍പ്പിക്കുക.

കഴിഞ്ഞ ഫെബ്രുവരി 17ന് രാത്രിയാണ് പള്‍സര്‍ സുനിയുടെ നേതൃത്വത്തില്‍ ആറംഗ സംഘം നടിയെ കാറില്‍ തട്ടിക്കൊണ്ടുപോയി ആക്രമിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു. സുനി അഭിഭാഷകനു കൈമാറിയ മൊബൈല്‍ ഫോണിന്റെയും മെമ്മറി കാര്‍ഡിന്റെയും ശാസ്ത്രീയ പരിശോധനാ ഫലം കോടതിയില്‍ എത്തിയിട്ടുണ്ട്. വിചാരണ വേളയില്‍ കോടതി ഇവ തെളിവായി കണക്കാക്കും. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ ഇതുവരെ കണ്ടെത്തിയിട്ടില്ല. ഇത് അഭിഭാഷകന്‍ പ്രതീഷ് ചാക്കോയെ ഏല്‍പ്പിച്ചിരുന്നുവെന്നാണ് സുനി മൊഴി നല്‍കിയിരിക്കുന്നത്. പ്രതീഷിനെ പൊലീസ് 2 തവണ ചോദ്യം ചെയ്‌തെങ്കിലും ഫോണ്‍ എവിടെയെന്നത് സംബന്ധിച്ച് വിവരം ലഭിച്ചിട്ടില്ല.

നിര്‍ണ്ണായക തെളിവായ ഫോണ്‍ കണ്ടെത്താനായി അഭിഭാഷകനെ നിയമപരമായി കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതിനെക്കുറിച്ച് പൊലീസ് ആലോചിക്കുന്നുണ്ട്. പിടിയിലായ പ്രതികളുടെ ഫോണ്‍ രേഖകള്‍ പൊലീസ് വിശദമായി പരിശോധിച്ചു കഴിഞ്ഞിട്ടുണ്ട്. സംഭവത്തിലെ ഗൂഢാലോചനയെക്കുറിച്ച് അന്വേഷണം തുടരുമെന്നും പൊലീസ് അറിയിച്ചു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here