തൃശൂരില്‍ ബിജെപി പ്രവര്‍ത്തകനെ ബിജെപിക്കാര്‍ തന്നെ ചവിട്ടിക്കൊന്നു; കൊലപാതകം മദ്യപിക്കുന്നതിനിടെയുണ്ടായ തര്‍ക്കത്തിനൊടുവില്‍

തൃശൂര്‍: തൃശൂരില്‍ ബിജെപി പ്രവര്‍ത്തകനെ ബിജെപിപ്രവര്‍ത്തകരുടെ സംഘം ചവിട്ടിക്കൊന്നു. പൂങ്കുന്നം ഹരിനഗര്‍ കോലോത്തുംപറമ്പില്‍ പരേതനായ മൂര്‍ത്തിയുടെ (മാധവന്‍) മകന്‍ ജയകുമാറി(44)നെയാണ് കൊലപ്പെടുത്തിയത്. മദ്യപിക്കുന്നതിനിടെയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

മദ്യപാനത്തിനിടെയുണ്ടായ വാക്ക്തര്‍ക്കത്തില്‍ പ്രതികള്‍ ജയകുമാറിനെ അടിച്ചുവീഴ്ത്തി. നിലത്തുവീണപ്പോള്‍ മാരകമായി അടിക്കുകയും തൊഴിക്കുകയും ചെയ്തു. പിന്നീട് പറമ്പില്‍ ഉപേക്ഷിച്ചുപോയി. വൈകിട്ട്് നാലോടെ, ജയകുമാര്‍ പറമ്പില്‍ കിടക്കുന്നതുകണ്ട് നാട്ടുകാര്‍ തൃശൂര്‍ കോര്‍പറേഷന്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാത്രി 10.30ഓടെ മരിച്ചു. ജയകുമാര്‍ പൊലീസിന് നല്‍കിയ മരണമൊഴിയില്‍നിന്നാണ് പ്രതികളെക്കുറിച്ചുള്ള വിവരം ലഭിച്ചത്.

സീതാറാം മില്‍ ലെയ്‌നിലെ ബിജെപിക്കാരായ പ്രസാദ് (കണ്ണപ്പന്‍), ഹരിനഗര്‍ സ്വദേശികളായ സഞ്ജു (തഞ്ചപ്പന്‍), സഹോദരന്‍ സജി, കാര്‍ത്തിക് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് തന്നെ ഭീകരമായി മര്‍ദിച്ചതെന്ന് ജയകുമാര്‍ മൊഴി നല്‍കിയിട്ടുണ്ടെന്ന് തൃശൂര്‍ ഈസ്റ്റ് പൊലീസ് സിഐ സേതു അറിയിച്ചു. ഇവരെ പ്രതികളാക്കി കേസെടുത്തതായും അദ്ദേഹം പറഞ്ഞു.

വയറിനേറ്റ മാരകമായ ചവിട്ടാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. സംസ്‌കാരം നടത്തി. തയ്യല്‍ത്തൊഴിലാളിയായ ജയകുമാര്‍ അവിവാഹിതനാണ്. അമ്മ: ജാനകി. സഹോദരി: ജയ.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here