മലപ്പുറം തോല്‍വി: ബിജെപിയില്‍ പൊട്ടിത്തെറി; കുമ്മനം രാജി വയ്ക്കണമെന്ന് ആവശ്യം; മോശം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയത് കുമ്മനത്തിന്റെ പിടിവാശിയില്‍

തിരുവനന്തപുരം: മലപ്പുറം ഉപതെരഞ്ഞെടുപ്പിലെ വന്‍തോല്‍വിയെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ രാജി വയ്ക്കണമെന്ന് ഒരു വിഭാഗം നേതാക്കള്‍ ആവശ്യപ്പെട്ടു. മോശം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയത് കുമ്മനത്തിന്റെ പിടിവാശിയിലാണെന്നും ഇതാണ് ഭയനീയ തോല്‍വിക്ക് കാരണമായതെന്നും ഒരു വിഭാഗം ആരോപിച്ചു. ഇന്ന് ചേരുന്ന ബിജെപി സംസ്ഥാന കോര്‍ കമ്മറ്റി യോഗത്തില്‍ കുമ്മനത്തിന്റെ രാജി ആവശ്യപ്പെടും.

ഇത്തവണ കനത്ത പ്രഹരമാണ് മലപ്പുറത്തെ വോട്ടര്‍മാര്‍ ബിജെപിക്ക് നല്‍കിയത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിനെക്കാള്‍ 1,14,975 വോട്ടര്‍മാര്‍ വര്‍ധിച്ച ഉപതെരഞ്ഞെടുപ്പില്‍ 970 വോട്ടുമാത്രമാണ് ബിജെപിക്ക് കൂടുതല്‍ ലഭിച്ചത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 64,705 വോട്ട് ലഭിച്ചപ്പോള്‍ ഇത്തവണ 65,675. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ലോക്‌സഭാ മണ്ഡലത്തിലെ നിയമസഭാ മണ്ഡലങ്ങളില്‍നിന്ന് 80,658 വോട്ട് ബിജെപിക്ക് ലഭിച്ചിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിനെക്കാള്‍ 14,983 വോട്ടിന്റെ കുറവാണ് ബിജെപിക്കുണ്ടായത്.

മികച്ച സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കാന്‍ ബിജെപി നേതൃത്വം തയ്യാറായില്ലെന്ന ആരോപണം തുടക്കത്തിലേ ഉയര്‍ന്നിരുന്നു. സംസ്ഥാന നേതാക്കളെ സ്ഥാനാര്‍ഥിയാക്കണമെന്ന ജില്ലാ കമ്മിറ്റിയുടെ നിര്‍ദേശം സംസ്ഥാന കോര്‍കമ്മിറ്റി തള്ളിക്കളഞ്ഞിരുന്നു. ജില്ലയിലെ നേതാക്കളെ ആരെയെങ്കിലും സ്ഥാനാര്‍ഥിയാക്കാനാണ് ആവശ്യപ്പെട്ടത്. ഒത്തുതീര്‍പ്പ് സ്ഥാനാര്‍ഥിയായാണ് ശ്രീപ്രകാശ് മത്സരത്തിനിറങ്ങിയത്.

നിയമസഭാ തെരഞ്ഞെടുപ്പില്‍ വള്ളിക്കുന്നില്‍ 22,887 വോട്ട് ലഭിച്ചപ്പോള്‍ ഇത്തവണ 17190 ആയി കുറഞ്ഞു. 5697 വോട്ടിന്റെ കുറവ്. വേങ്ങര 1103, മലപ്പുറം 1315, മഞ്ചേരി 1064, കൊണ്ടോട്ടി 1196 എന്നിങ്ങനെയാണ് നിയമസഭാ തെരഞ്ഞെടുപ്പിനേക്കാള്‍ കുറവുണ്ടായത്. പെരിന്തല്‍മണ്ണയിലും മങ്കടയിലും മാത്രമാണ് പേരിനെങ്കിലും വര്‍ധനവുണ്ടായത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here