ചെല്‍സി വീഴുമോ? ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലൈമാക്‌സിലേക്ക്

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സിക്ക് അടി തെറ്റുമോ എന്നാണ് ലോകമെങ്ങുമുള്ള പ്രീമിയര്‍ ലീഗ് ആരാധകരുടെ ചോദ്യം. സീസണില്‍ വെറും ആറ് കളികള്‍ കൂടി ബാക്കി നില്‍ക്കെ ഒന്നാം സ്ഥാനത്ത് വെറും നാല് പോയിന്റിന്റെ ലീഡ് മാത്രമാണ് ലണ്ടന്‍ ക്ലബിനുള്ളത്. ഒരു ഘട്ടത്തില്‍ 13 പോയിന്റ് വരെ ലീഡുമായി അപരാജിയ കുതിപ്പ് നടത്തിയ ടീമിനെ കയ്യാലപ്പുറത്താക്കിയത് തുടര്‍ച്ചയായ രണ്ട് തോല്‍വികളാണ്. അതായത് ശേഷിക്കുന്ന ആറു കളികളില്‍ എവിടെയെങ്കിലും പിഴവുപറ്റിയാല്‍ ചെല്‍സിക്ക് കിരീടസ്വപ്നം പൊലിഞ്ഞേക്കാം. ലീഗ് അവസാന ഘട്ടത്തിലെത്തിയപ്പോള്‍ ചെല്‍സിക്ക് തിരിച്ചടി പറ്റിയെങ്കിലും ബാക്കിയുള്ള ടീമുകളുടെ കുതിപ്പാണ് പ്രീമിയര്‍ ലീഗിനെ സൂപ്പര്‍ ക്ലൈമാക്‌സിലേക്കെത്തിച്ചത്.

മൂന്ന്, നാല് സ്ഥാനങ്ങളില്‍ ലിവര്‍പൂള്‍, മാഞ്ചസ്റ്റര്‍ സിറ്റി ടീമുകളാണ്. ലിവര്‍പൂള്‍ ഒരു മത്സരം കൂടുതല്‍ കളിച്ചു. ടോട്ടനത്തിനെക്കാള്‍ അഞ്ചുപോയിന്റ് പിന്നില്‍. സിറ്റിക്ക് ലിവര്‍പൂളിനെ മറികടക്കാന്‍ മൂന്നു പോയിന്റ്കൂടി മതി. ആറ് മത്സരം ശേഷിക്കുന്നു. അഞ്ചാമതുള്ള മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ഏഴു മത്സരം ബാക്കിയുണ്ട്. സിറ്റിയെക്കാള്‍ നാലു പോയിന്റ് പിന്നില്‍. ഈ മൂന്ന് സ്ഥാനങ്ങള്‍ക്കുവേണ്ടി കടുത്ത പോരാട്ടം നടക്കും.

ചെല്‍സി കഴിഞ്ഞ നാലു മത്സരങ്ങള്‍ക്കിടെ രണ്ട് തോല്‍വി ഏറ്റുവാങ്ങി. ഇതില്‍ ദുര്‍ബലരായ ഹള്‍ സിറ്റിയോടു തോറ്റത് വലിയ തിരിച്ചടിയായി. മാഞ്ചസ്റ്റര്‍ യുണൈറ്റഡിനോട് ചെറുത്തുനില്‍ക്കാതെ കീഴടങ്ങി. മറുവശത്ത് ടോട്ടനം തോല്‍വിയറിയാതെയാണ് മുന്നേറുന്നത്. ലീഗില്‍ തുടര്‍ച്ചയായി ഏഴ് ജയം ടോട്ടനം സ്വന്തമാക്കി. മികച്ച ഗോള്‍വ്യത്യാസവും ടോട്ടനത്തിന് ഗുണമാണ്.

ശേഷിക്കുന്ന ആറു കളികളില്‍ ചെല്‍സിക്ക് നാലെണ്ണം സ്വന്തം തട്ടകത്തിലാണ്. എവര്‍ടണ്‍, വെസ്റ്റ് ബ്രോംവിച്ച് ആല്‍ബിയാന്‍ ടീമുകളെ അവരുടെ തട്ടകത്തിലും നേരിടും. ടോട്ടനത്തിനാകട്ടെ അവസാന ആറില്‍ രണ്ട് വമ്പന്‍ പരീക്ഷണങ്ങളുണ്ട്. മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, അഴ്‌സണല്‍ ടീമുകളെ എതിരിടണം. യുണൈറ്റഡിനെതിരായ തോല്‍വി ചെല്‍സിയുടെ ദൗര്‍ബല്യം വെളിപ്പെടുത്തി. യുണൈറ്റഡ് മുന്നേറ്റക്കാരന്‍ മാര്‍കസ് റാഷ്ഫഡിനു മുന്നില്‍ ചെല്‍സി പ്രതിരോധതാരം ഡേവിഡ് ലൂയിസ് പതറിപ്പോയി. മാര്‍കോ അലോണ്‍സോയുടെ അഭാവവും ചെല്‍സിയുടെ താളംതെറ്റിച്ചു. മുന്നേറ്റത്തില്‍ ദ്യേഗോ കോസ്റ്റയ്ക്ക് കഴിഞ്ഞ അഞ്ച് മത്സരങ്ങളില്‍ ഗോളടിക്കാന്‍ കഴിഞ്ഞില്ല. എവര്‍ടണിനെതിരായ കളിയാകും ചെല്‍സിക്ക് നിര്‍ണായകമാകുക.

ടോട്ടനം കുതിപ്പിലാണ്. കഴിഞ്ഞ മൂന്നു കളിയില്‍ 11 ഗോള്‍ മൗറീഷ്യോ പൊച്ചെട്ടീനോയുടെ സംഘം അടിച്ചുകൂട്ടി. ഹാരി കെയ്ന്‍, സണ്‍ ഹ്യൂങ് മിന്‍ എന്നിവരെല്ലാം മികച്ച ഫോമിലാണ്. അഴ്‌സണലിനെതിരെ സ്വന്തം തട്ടകത്തിലാണ് ടോട്ടനത്തിന്റെ കളി. അഴ്‌സണല്‍ മികച്ച ഫോമിലുമല്ല. പക്ഷേ, യുണൈറ്റഡിനെ ടോട്ടനത്തിന് ഭയക്കണം.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here