തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണത്തില്‍ നിയന്ത്രണം; കുടിവെള്ളം പാഴാക്കുന്നവര്‍ക്കെതിരെ കേസെടുക്കാനും നിര്‍ദ്ദേശം

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണത്തില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി സംസ്ഥാന ജലഅതോറിറ്റി. പേപ്പാറ ഡാമിലെ ജലനിരപ്പ് ക്രമാതീതമായി താഴ്ന്നതിനാലാണ് തലസ്ഥാനനഗരത്തില്‍ ജലവിതരണത്തില്‍ ഇന്നുമുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. അതേസമയം, കടുത്ത വരള്‍ച്ചയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്താകെ കുടിവെള്ള വിതരണത്തിനും വിനിയോഗത്തിനും ശക്തമായ നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് ജലവിഭവവകുപ്പ് മന്ത്രി മാത്യു ടി തോമസ് വ്യക്തമാക്കി.

വേനല്‍ കടുത്തതോടെ തലസ്ഥാനത്തെ കുടിവെള്ള വിതരണ സ്രോതസുകളായ നദികളും വറ്റി വരളുകയാണ്. പേപ്പാറ ജലസംഭരണിയിലെ ജനനിരപ്പ് ക്രമാതീതമായി കുറഞ്ഞിരിക്കുന്നു. നെയ്യാര്‍ ഡാമിലെ സ്ഥിതിയും മറ്റൊന്നല്ല. പേപ്പാറയില്‍ നിന്ന് വൈദ്യുതി ഉത്പ്പാദനശേഷം തുറന്നുവിടുന്ന വെള്ളം അരുവിക്കരയിലേക്ക് ഒഴുക്കി അവിടെ നിന്ന് തലസ്ഥാനനഗരത്തിലേക്ക് ശുദ്ധീകരിച്ച് എത്തിക്കുന്നതാണ് പതിവ്.

നഗരത്തില്‍ വിതരണം ചെയ്യുന്ന 300 ദശലക്ഷം ലിറ്ററും വിവിധ ചെറുകിട പദ്ധതികളും ചേര്‍ത്ത് 400 ദശലക്ഷം ലിറ്ററാണ് തിരുവനന്തപുരം നഗരത്തിലെ പ്രതിദിന ജല ഉപയോഗം. ഇതുപ്രകാരം നിലവിലെ സാഹചര്യത്തില്‍ ഒരുമാസത്തേക്കുള്ള വെള്ളംപോലും അവശേഷിക്കുന്നില്ല. രാവിലെ ആറു മണിമുതല്‍ വൈകിട്ട് ആറു മണിവരെ പമ്പിംഗിന് നിയന്ത്രണം ഉണ്ടാകും. താഴ്ന്ന പ്രദേശങ്ങളിലെ ജലവിതരണം വാല്‍വ് വഴി നിയന്ത്രിച്ച് ഉയര്‍ന്ന പ്രദേശങ്ങളില്‍ വെള്ളമെത്തിക്കാനാണ് വാട്ടര്‍ അതോറിറ്റിയുടെ തീരുമാനം. ഇതിനുവേണ്ട നിര്‍ദ്ദേശം ജീവനക്കാര്‍ക്ക് നല്‍കിയിട്ടുണ്ട്. ജലവിതരണത്തിലെ നിയന്ത്രണം രണ്ടുമാസം വരെ തുടരും. കുടിവെള്ളം നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കരുത്. കുടിവെള്ളം പാഴാക്കുന്നവര്‍ക്കെതിരെ കേസെടുക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ജലദുരുപയോഗം കണ്ടെത്താനായി ജലഅതോറിറ്റിയുടെ സ്‌ക്വാഡുകളും ഇന്നുമുതല്‍ സജീവമായി രംഗത്ത് ഉണ്ടാവും. നെയ്യാര്‍ ഡാമില്‍ നിന്ന് ജലം എത്തിക്കാനുള്ള സാധ്യതകളും ഡാമില്‍ സന്ദര്‍ശനം നടത്തിയ മന്ത്രിയും ഉദ്യോഗസ്ഥരും പരിശോധിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News