ദില്ലി: രണ്ടില ചിഹ്നം സ്വന്തമാക്കാന്‍ അണ്ണാ ഡിഎംകെ ഡെപ്യുട്ടി ജനറല്‍ സെക്രട്ടറി ടി.ടി.വി ദിനകരന്‍ നിയോഗിച്ച ഇടനിലക്കാരന്‍ സുകേഷ് ചന്ദ്രശേഖരന്റെ കാമുകി, നടിയും വഞ്ചനകേസുകളില്‍ പ്രതിയുമായി ലീന മരിയ പോള്‍. ജീവിതപങ്കാളി കൂടിയായ ലീനയ്‌ക്കൊപ്പം ചേര്‍ന്ന് സുകേഷ് നിരവധി തട്ടിപ്പുകളും നടത്തിയതായി പൊലീസ് പറയുന്നു.
2013 ജൂലൈയില്‍ ആഡംബര കാര്‍ ഇറക്കുമതി തട്ടിപ്പുക്കേസുമായി ബന്ധപ്പെട്ട് ലീനയെും സുകേഷിനെയും ദില്ലി പൊലീസ് അറസ്റ്റു ചെയ്തിരുന്നു. കോടികളുടെ തട്ടിപ്പു കേസും ഇവര്‍ക്കെതിരെയുണ്ട്. അഭിനയമോഹവുമായി ബംഗളൂരുവിലെത്തിയ ലീനയ്ക്ക് നടന്‍ മഹേന്ദ്രനുമായി കൂടിക്കാഴ്ച ഒരുക്കി കൊടുത്തതും സിനിമയില്‍ അവസരം ലഭിച്ചതുമെല്ലാം സുകേഷ് മുഖേനയാണ്. മാസം നാല് ലക്ഷത്തോളം രൂപ വാടകയുള്ള അപ്പാര്‍ട്ട്‌മെന്റുകളിലാണ് ഇരുവരും താമസിച്ചിരുന്നത്.
മുമ്പ് ദില്ലി ഫാം ഹൗസില്‍ നിന്ന് ലീനയെ അറസ്റ്റു ചെയ്തപ്പോള്‍, സുകേഷ് വെട്ടിച്ചു മുങ്ങുകയായിരുന്നു. പിന്നീട് കൊല്‍ക്കത്തയില്‍ നിന്ന് പിടികൂടിയെങ്കിലും ഇയാള്‍ സ്വാധീനം ഉപയോഗിച്ച് പുറത്തിറങ്ങുകയായിരുന്നു. ഡിഎംകെ നേതാവ് എം.കെ അഴഗിരിയുടെ മകനാണെന്ന് പറഞ്ഞും സുകേഷ് തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ട്.
ബംഗളൂരുവിലും ചെന്നൈയിലുമായി 12 ക്രിമിനല്‍ കേസുകളില്‍ പ്രതിയായ സുകേഷ് അത്യാഡംബര ജീവിതമാണ് നയിക്കുന്നത്. തെക്കന്‍ ദില്ലിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍നിന്ന് പിടികൂടുമ്പോള്‍ ഇയാളുടെ കൈത്തണ്ടയില്‍ കിടന്ന ബ്രേസ്‌ലെറ്റിന് മാത്രം ആറരക്കോടി വില വരുമെന്ന് പൊലീസ് പറയുന്നു. മുറിയില്‍ നിന്ന് കണ്ടെത്തിയ ഷൂസുകള്‍ക്ക് ഏകദേശം ഏഴു ലക്ഷം രൂപ വിലവരും. 1.3 കോടി രൂപയുടെ കറന്‍സി നോട്ടുകളും മെഴ്‌സിഡസ്, ബിഎംഡബ്ല്യു കാറുകളും പിടിച്ചെടുത്തിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here