കണ്ണൂര്‍ വിമാനത്താവളം: ആഭ്യന്തരസര്‍വീസ് നടത്താന്‍ വിമാന കമ്പനികളുമായി 27ന് ചര്‍ച്ച; തീരുമാനം കേന്ദ്ര വ്യോമയാനമന്ത്രിയുമായി മുഖ്യമന്ത്രി പിണറായി നടത്തിയ ചര്‍ച്ചയില്‍

ദില്ലി: കണ്ണൂര്‍ വിമാനത്താവളത്തില്‍ സര്‍വീസ് നടത്തുന്നതുമായി ബന്ധപ്പെട്ട് ആഭ്യന്തരവിമാന കമ്പനികളുമായി കേന്ദ്ര വ്യോമയാനമന്ത്രാലയം ചര്‍ച്ച നടത്തും. മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര വ്യോമയാനമന്ത്രി അശോക് ഗജപതി രാജുവുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് ഇക്കാര്യത്തില്‍ ധാരണയായത്. കോഴിക്കോട് വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ക്ക് അനുമതി നല്‍കുന്നത് പരിശോധിക്കാന്‍ അടുത്തയാഴ്ച്ച സിവില്‍ ഏവിയേഷന്‍ ഉദ്യോഗസ്ഥര്‍ സംസ്ഥാനത്ത് എത്തുമെന്നും മന്ത്രി ഉറപ്പ് നല്‍കി.

കേരളത്തിന്റെ വിവിധ വിമാനത്താവളങ്ങളുടെ നിര്‍മ്മാണവും, വികസനവും സംബന്ധിച്ച് ചര്‍ച്ച നടത്താനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യോമയാനമന്ത്രി അശോക് ഗജപതി രാജുവുമായി കൂടിക്കാഴ്ച്ച നടത്തിയത്. കണ്ണൂര്‍ വിമാനത്താവളത്തില്‍ ആഭ്യന്തര സര്‍വീസ് നടത്താന്‍ വിമാനകമ്പനികളുമായി ചര്‍ച്ച നടത്താന്‍ തീരുമാനമായി. ദില്ലിയിലും കേരളത്തിലുമായി രണ്ട് ഘട്ടമായാണ് ചര്‍ച്ചകള്‍. ഈ മാസം 27ന് ദില്ലിയില്‍ ആദ്യ യോഗം ചേരും. അതിന് ശേഷം തിരുവനന്തപുരത്ത് രണ്ടാമത്തെ യോഗം ചേരുമെന്ന് കൂടിക്കാഴ്ച്ചയ്ക്ക് ശേഷം പിണറായി വിജയന്‍ അറിയിച്ചു.

കോഴിക്കോട് വലിയവിമാനങ്ങള്‍ ഇറങ്ങുന്നതിന് അനുമതി നല്‍കുന്നത് പരിശോധിക്കാന്‍ സിവില്‍ ഏവിയേഷന്‍ ഉദ്യോഗസ്ഥര്‍ അടുത്തയാഴ്ച്ച സംസ്ഥാനത്ത് എത്തുമെന്നും മന്ത്രി അറിയിച്ചു. ശബരിമലയില്‍ സ്ഥാപിക്കാന്‍ പോകുന്ന പുതിയ വിമാനത്താവളത്തിന്റെ സ്ഥലം ഏറ്റെടുക്കല്‍ പൂര്‍ത്തിയായാല്‍, വ്യോമയാനമന്ത്രാലയത്തിന്റെ അനുമതി അടക്കമുള്ള നടപടി ക്രമങ്ങള്‍ വേഗത്തിലാക്കാമെന്നും അശോക് ഗജപതി രാജു പിണറായി വിജയന് ഉറപ്പ് നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News