മലപ്പുറം തോല്‍വി; ബിജെപിയില്‍ പൊട്ടിത്തെറി; കുമ്മനം രാജി വയ്ക്കണമെന്ന് ആവശ്യം; മോശം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയത് പിടിവാശിയില്‍; നേട്ടമുണ്ടാക്കിയെന്ന് തിരിച്ചടിച്ച് കുമ്മനം

തിരുവനന്തപുരം: മലപ്പുറം ഉപതെരഞ്ഞെടുപ്പിലെ വന്‍തോല്‍വിയെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ രാജി വയ്ക്കണമെന്ന് ഒരു വിഭാഗം നേതാക്കള്‍ ആവശ്യപ്പെട്ടു. ശക്തനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തണമെന്ന പ്രാദേശിക ഘടകങ്ങളുടെ ആവശ്യം തള്ളിയ കുമ്മനം, ശ്രീപ്രകാശിനെ സ്ഥാനാര്‍ത്ഥി ആക്കുകയായിരുന്നു. മോശം പ്രകടനത്തിന്റെ ഉത്തരവാദിത്വം കുമ്മനത്തിനാണെന്ന് കോര്‍ കമ്മിറ്റി യോഗത്തില്‍ ഒരു വിഭാഗം നേതാക്കള്‍ പറഞ്ഞു. കുമ്മനത്തിന്റെ പിടിവാശിയാണ് മോശം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്ന സാഹചര്യമുണ്ടാക്കിയത്. തെരഞ്ഞെടുപ്പ് ഫലത്തില്‍ ഇത് പ്രതിഫലിച്ചെന്നും വിമര്‍ശനമുയര്‍ന്നു.

എന്നാല്‍ മലപ്പുറത്ത് നേട്ടമുണ്ടാക്കിയെന്നായിരുന്നു കുമ്മനത്തിന്റെ പ്രതികരണം. തോല്‍വിയെ ചൊല്ലി പാര്‍ട്ടിക്കുള്ളില്‍ ഭിന്നതയില്ലെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു. മലപ്പുറത്തെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പാളിച്ചകള്‍ സംഭവിച്ചിട്ടില്ലെന്നും പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായവ്യത്യാസങ്ങളൊന്നുമില്ലെന്നും കുമ്മനം വ്യക്തമാക്കി. ഇത്തവണ മലപ്പുറത്ത് ബിജെപിക്ക് വോട്ടു കൂടിയെന്നും കുമ്മനം അവകാശപ്പെട്ടു.

മികച്ച സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കാന്‍ ബിജെപി നേതൃത്വം തയ്യാറായില്ലെന്ന ആരോപണം തുടക്കത്തിലേ ഉയര്‍ന്നിരുന്നു. സംസ്ഥാന നേതാക്കളെ സ്ഥാനാര്‍ഥിയാക്കണമെന്ന ജില്ലാ കമ്മിറ്റിയുടെ നിര്‍ദേശം സംസ്ഥാന കോര്‍കമ്മിറ്റി തള്ളിക്കളഞ്ഞിരുന്നു. ജില്ലയിലെ നേതാക്കളെ ആരെയെങ്കിലും സ്ഥാനാര്‍ഥിയാക്കാനാണ് ആവശ്യപ്പെട്ടത്. ഒത്തുതീര്‍പ്പ് സ്ഥാനാര്‍ഥിയായാണ് ശ്രീപ്രകാശ് മത്സരത്തിനിറങ്ങിയത്.

ഇത്തവണ കനത്ത പ്രഹരമാണ് മലപ്പുറത്തെ വോട്ടര്‍മാര്‍ ബിജെപിക്ക് നല്‍കിയത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിനെക്കാള്‍ 1,14,975 വോട്ടര്‍മാര്‍ വര്‍ധിച്ച ഉപതെരഞ്ഞെടുപ്പില്‍ 970 വോട്ടുമാത്രമാണ് ബിജെപിക്ക് കൂടുതല്‍ ലഭിച്ചത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 64,705 വോട്ട് ലഭിച്ചപ്പോള്‍ ഇത്തവണ 65,675. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ലോക്‌സഭാ മണ്ഡലത്തിലെ നിയമസഭാ മണ്ഡലങ്ങളില്‍നിന്ന് 80,658 വോട്ട് ബിജെപിക്ക് ലഭിച്ചിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിനെക്കാള്‍ 14,983 വോട്ടിന്റെ കുറവാണ് ബിജെപിക്കുണ്ടായത്.

നിയമസഭാ തെരഞ്ഞെടുപ്പില്‍ വള്ളിക്കുന്നില്‍ 22,887 വോട്ട് ലഭിച്ചപ്പോള്‍ ഇത്തവണ 17190 ആയി കുറഞ്ഞു. 5697 വോട്ടിന്റെ കുറവ്. വേങ്ങര 1103, മലപ്പുറം 1315, മഞ്ചേരി 1064, കൊണ്ടോട്ടി 1196 എന്നിങ്ങനെയാണ് നിയമസഭാ തെരഞ്ഞെടുപ്പിനേക്കാള്‍ കുറവുണ്ടായത്. പെരിന്തല്‍മണ്ണയിലും മങ്കടയിലും മാത്രമാണ് പേരിനെങ്കിലും വര്‍ധനവുണ്ടായത്.

സ്ഥാനാര്‍ത്ഥി വിവാദവും വോട്ട് കുറഞ്ഞതും ഇന്ന് ചേരുന്ന ഭാരവാഹി യോഗത്തിലും നാളെ നടക്കുന്ന സംസ്ഥാന സമിതി യോഗത്തിലും ചൂടേറിയ ചര്‍ച്ചയ്ക്ക് വഴിയൊരുക്കും. ഒഡീഷയില്‍ ചേര്‍ന്ന ദേശീയ നിര്‍വാഹക സമിതി തീരുമാനങ്ങള്‍ നേതൃയോഗങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News